UPDATES

ട്രെന്‍ഡിങ്ങ്

തൊഴില്‍ നിയമങ്ങൾ കേന്ദ്ര സർക്കാർ പൊളിച്ചെഴുതുന്നു, അസംഘടിത തൊഴിലാളി ഉന്നമനം ലക്ഷ്യം

എല്ലാ മേഖലയിലേയും തൊഴിലാളികൾക്ക് കുറഞ്ഞ കൂലി ഉറപ്പാക്കും. കൂലി 5 വര്‍ഷത്തെ ഇടവേളയില്‍ പരിഷ്‌കരിക്കും.

സര്‍ക്കാരിന്റെ ആദ്യ 100 ദിവസത്തിനുള്ളില്‍ വേതന ചട്ടം നടപ്പാക്കണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്നു. അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും സാമൂഹിക സുരക്ഷയും മിനിമം വേതനവും ഉറപ്പാക്കുന്ന തൊഴില്‍ചട്ട പരിഷ്‌കരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബില്‍ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് സൂചനയുള്ളതായി മനോരമ റിപ്പോർട്ട് പറയുന്നു.

രാജ്യത്തെ 42 കോടിയിലേറെ വരുന്ന അസംഘടിത തൊഴിലാളികള്‍ക്ക് മിനിമം വേതനവും ഇഎസ്‌ഐ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതാണ് പുതിയ ബില്ല്. നിലവിലെ വിവിധ നിയമങ്ങള്‍ ഒന്നിച്ചു ചേര്‍ത്താണ് പുതിയ ചട്ടം. ബില്ല് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകൾ, സംസ്ഥാന സര്‍ക്കാരുകൾ, തൊഴിലുടമകൾ എന്നിവരുമായി തൊഴില്‍മന്ത്രാലയം നടത്തുന്ന ചര്‍ച്ചകള്‍ 90 ശതമാനവും പൂര്‍ത്തിയായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

എല്ലാ മേഖലയിലേയും തൊഴിലാളികൾക്ക് കുറഞ്ഞ കൂലി ഉറപ്പാക്കും. കൂലി 5 വര്‍ഷത്തെ ഇടവേളയില്‍ പരിഷ്‌കരിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിക്കുന്ന നിശ്ചിത പ്രതിമാസത്തുകയില്‍ കവിയാത്ത വരുമാനമുള്ള എല്ലാവര്‍ക്കും ബോണസിന് അര്‍ഹതയുമുണ്ടാവും. നിയമം അനുശാസിക്കുന്ന കുറഞ്ഞ കൂലി കൊടുക്കാത്ത തൊഴിലുടമയ്ക്ക് 50,000 രൂപ പിഴ. 5 വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ 3 മാസം തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കുമെന്നതുമാണ് പുതിയ ചട്ടത്തിലെ പ്രധാന നിര്‍ദേശങ്ങള്‍.

4 തൊഴില്‍ ചട്ടങ്ങളാണു പുതിയതായി രൂപീകരിക്കുന്നത്. ഇതിനായി നിലവിലുള്ള 44 കേന്ദ്ര തൊഴില്‍ നിയമങ്ങളിലെ പ്രസക്തഭാഗങ്ങള്‍ സംയോജിപ്പിക്കും. വേതനം, വ്യാവസായിക ബന്ധങ്ങള്‍, സാമൂഹിക സുരക്ഷയും ക്ഷേമവും, തൊഴിലിടങ്ങളിലെ സുരക്ഷ, ആരോഗ്യ സാഹചര്യങ്ങള്‍ എന്നിവയാണിതിൽ പ്രധാനം. വേതനം, സാമൂഹിക സുരക്ഷാ ചട്ടങ്ങള്‍ക്ക് മുൻഗണന നൽകും.

വീട്ടുജോലിക്കാരടക്കം അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും ചട്ടങ്ങള്‍ നിലവില്‍ വരുന്നതോടെ മിനിമം വേതനം ഉറപ്പാവുമെന്നാണ് പ്രതീക്ഷ. എല്ലാവര്‍ക്കും ചികിത്സാ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഇഎസ്‌ഐ മാതൃകയില്‍ നാഷനല്‍ സ്റ്റെബിലൈസേഷന്‍ ഫണ്ടും കരടില്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു.

അതേസമയം, പുതിയ നിയമത്തില്‍ നിലവിലെ സംവിധാനങ്ങള്‍ തുടരുമെന്നും റിപ്പോർട്ട് പറയുന്നു. അസംഘടിത മേഖലയ്ക്ക് പുതിയ ഫണ്ട് ഏര്‍പ്പെടുത്താനും തീരുമാനമായിട്ടുണ്ടെന്ന് ഇഎസ്‌ഐ കോര്‍പറേഷന്‍ സ്ഥിരം സമിതി അംഗം വി. രാധാകൃഷ്ണന്‍ പറയുന്നു. എന്നാൽ ഇഎസ്‌ഐ, പിഎഫ് എന്നിവയില്‍ അധികം വരുന്ന ഫണ്ട് പുതിയ സ്റ്റെബിലൈസേഷന്‍ ഫണ്ടിലേക്കു മാറ്റി ആവശ്യങ്ങള്‍ക്ക് നല്‍കാനുള്ള നിര്‍ദേശത്തോട് തൊഴിലാളി സംഘടനകള്‍ക്ക് എതിർപ്പ് നിലനില്‍‌ക്കുന്നുണ്ട്.

മരിച്ചിട്ട് 26 ദിവസം, അന്നമ്മയുടെ മൃതദേഹം സംസ്കാരം കാത്ത് മോര്‍ച്ചറിയില്‍ തന്നെ, രണ്ടു ഷിഫ്റ്റായി കല്ലറയ്ക്ക് കാവല്‍ നിന്ന് കുടുംബം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍