UPDATES

വാര്‍ത്തകള്‍

ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്ക്; ചാലക്കുടിയിൽ മൽസരിച്ചേക്കും

കിഴക്കമ്പലം പഞ്ചായത്തിന് ഭരണത്തിലിരിക്കുന്ന ട്വന്‍റി 20 നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായിട്ടായിരിക്കും ജേക്കബ് തോമസ് ജന വിധി തേടുകയെന്നാണ് വിവരം.

ചാലക്കുടി മണ്ഡലത്തില്‍ മുൻ ഡിജിപി ജേക്കബ് തോമസ് തെരഞ്ഞെടുപ്പിൽ മൽസരിച്ചേക്കുമെന്ന് റിപ്പോർട്ട്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിന് ഭരണത്തിലിരിക്കുന്ന ട്വന്‍റി 20 നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായിട്ടായിരിക്കും ജേക്കബ് തോമസ് ജന വിധി തേടുകയെന്നാണ് വിവരം. കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഡിജിപി റാങ്കിലുള്ളയാൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിറങ്ങുന്നത്. എൽഡിഎഫ് സ്ഥാനാർഥിയായി രണ്ടാം അംഗത്തിനിറങ്ങുന്ന ഇന്നസെന്റിനെതിരെ ആയിരിക്കും ജേക്കബ് തോമസിന്റ പ്രധാന പ്രചാരണമെന്നാണ് റിപ്പോർട്ടുകൾ.

കിഴക്കമ്പലം പഞ്ചായത്തിൽ നിർണായക സ്വാധീനമുള്ള ട്വന്റി 20യുടെ വോട്ടുകളും ജേകബ് തോമസ് എന്ന ഉദ്യോഗസ്ഥന്റെ വ്യക്തി പ്രഭാവവും വോട്ടുകളാക്കി മാറ്റുകയാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. 2017 ഡിസംബർ മുതൽ ജേക്കബ് തോമസ് സസ്പെൻഷനിലാണ്. ഈ ജോലി രാജിവച്ചാണിപ്പോൾ ജേക്കബ് തോമസ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. നിലവിൽ കേരളാ കാഡറിലെ ഏറ്റവും സീനിയറായ ഐപിഎസ് ഉദ്യോഗസ്ഥൻ നിലവിൽ ജേക്കബ് തോമസ്.

വിജിലൻസ് ഡയറക്ടറായിരിക്കെ ഇ പി ജയരാജന്‍റെ ബന്ധുനിയമനക്കേസിൽ ജേക്കബ് തോമസ് എടുത്ത നിലപാടാണ് ആദ്യകാലത്ത് മുഖ്യമന്ത്രിയുടെ വൃത്തങ്ങളിലുള്ളയാളായിരുന്ന ജേക്കബ് തോമസിന് പുറത്തേക്കുള്ള വഴിയൊരുക്കിയത്. ആദ്യം വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നുമാറ്റുകയും പിറകെ തുടരെത്തുടരെ മൂന്ന് സസ്പെൻഷനുകളും അദ്ദേഹത്തെ തേടിയെത്തി. ഇതിന് പിറകെ സംസ്ഥാന സര്‍ക്കാറിന്റെ രൂക്ഷ വിമർശകനായും മാറുകയായിരുന്നു അദ്ദേഹം .

ഓഖി ദുരന്തത്തിൽ സർക്കാരിന് പാളിച്ച പറ്റിയെന്ന പ്രസംഗത്തിന്റെ പേരിലായിരുന്ന ആദ്യ സസ്പെൻഷൻ. ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകം പിന്നാലെ വിവാദമായി. അനുവാദമില്ലാതെ പുസ്തകമെഴുതിയതിന് വീണ്ടും നടപടി. സംസ്ഥാനത്തെ നിയമവാഴ്ച തകരാറിലാണെന്ന പ്രസ്താവനയാണ് മുന്നാമത്തെ നടപടിക്ക് വഴിവച്ചത്. ശബരിമല വിഷയത്തിലും സർക്കാറിനെതിരെ രൂക്ഷമായ നിലപാട് ഉയർത്തി അദ്ദേഹം രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിനെതിരെ ജേക്കബ് തോമസ് ഉന്നയിച്ച ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കും നേട്ടമായിരുന്നു. എന്നാൽ വീണ്ടും ഒരു തിരഞ്ഞെടുപ്പ് എത്തുമ്പോൾ തീർത്തും എതിർച്ചേരിയിലാണ് ഉദ്യോഗസ്ഥനുള്ളതെന്ന് വിലയിരുത്തേണ്ടിവരും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍