UPDATES

ട്രെന്‍ഡിങ്ങ്

തമിഴ്നാട്ടിൽ എഐഎഡിഎംകെ-ബിജെപി മുന്നണിക്കെതിരെ മഹാസഖ്യം; ഡിഎംകെക്കൊപ്പം കോൺഗ്രസ്സും സിപിഎമ്മും മുസ്ലീംലീഗും

ഡിഎംകെ കോണ്‍ഗ്രസ് എന്നീ പാർട്ടികൾക്ക് പുറനെ സിപിഎം, സിപിഐ, വൈക്കോയുടെ എംഡിഎംകെ, ദളിത് പാര്‍ട്ടിയായ വിടുതലൈ ചിരുതൈകൾ കക്ഷി, മുസ്ലീം ലീഗ് എന്നിവരുൾപ്പെടുന്നതാണ് തമിഴ്നാട്ടിലെ പ്രതിപക്ഷമുന്നണി.

വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ എഐഡിഎംകെ ബിജെപി സഖ്യ പ്രഖ്യാപനത്തിന് പിറകെ മഹാസംഖ്യവുമായി പ്രതിപക്ഷപാർട്ടികൾ. ഡിഎംകെ- കോണ്‍ഗ്രസ് എന്നീ പാർട്ടികളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന മഹാസഖ്യത്തിൽ തമിഴ്നാട്ടിൽ സിപിഎമ്മും മുസ്ലീം ലീഗും ഭാഗമായേക്കും. ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനാണ് മുന്നണി രൂപീകരണവും സീറ്റു പങ്കുവയ്ക്കലും സംബന്ധിച്ച് പ്രതികരിച്ചത്. ഇതുപ്രകാരം തമിഴ്നാട്ടിലെ 39 ലോക്സഭാ സീറ്റുകളിൽ 9 എണ്ണത്തിലും പുതച്ചേരിയിലെ 1 സീറ്റിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ ജനവിധി തേടും. മറ്റ് സഖ്യകക്ഷികളുമായുള്ള സീറ്റ് ചർച്ചകള്‍ പുരോഗമിക്കുകയാണെന്നും, സംസ്ഥാനത്ത് കോൺഗ്രസ് മൽസരിക്കുന്ന സീറ്റുകൾ ഉൾപ്പെടെ പിന്നീട് തീരുമാനിക്കുമെന്നും സ്റ്റാലിൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഡിഎംകെ കോണ്‍ഗ്രസ് എന്നീ പാർട്ടികൾക്ക് പുറനെ സിപിഎം, സിപിഐ, വൈക്കോയുടെ എംഡിഎംകെ, ദളിത് പാര്‍ട്ടിയായ വിടുതലൈ ചിരുതൈകൾ കക്ഷി, മുസ്ലീം ലീഗ് എന്നിവരുൾപ്പെടുന്നതാണ് തമിഴ്നാട്ടിലെ പ്രതിപക്ഷമുന്നണി. നിലവിലെ വിലയിരുത്തൽ പ്രകാരം 25 മുതൽ 28 സീറ്റുകളിൽ ഡിഎംകെ മൽസരിക്കാനാണ് സാധ്യത.സിപിഎം ഉൾപ്പെടുന്ന മറ്റ് പാർട്ടികൾ തങ്ങളുടെ ഔദ്യോഗിക ചിഹ്നങ്ങളിലായിരിക്കും ജനവിധി തേടുകയെന്നു ഡിഎംകെയുമായി ബന്ധപ്പെട്ടവർ പറയുന്നു.

അതേസമയം, എന്‍ഡിഎ മുന്നണിയുടെ ഭാഗമായി തിരഞ്ഞെടുപ്പിനെ നേരിടുന്ന എഐഎഡിഎംകെ 39 ലോക്‌സഭ സീറ്റുകളില്‍ അഞ്ചെണ്ണം ബിജെപിക്ക് നൽകി. പുതുച്ചേരി സീറ്റിലും ബിജെപിയായിരിക്കും ജനവിധി തേടുക. 21 നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുകളെ സഖ്യമായി നേരിടാനും ഇരു പാര്‍ട്ടികളും തീരുമാനിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ വിശ്വസ്തരായ മന്ത്രിമാര്‍ പി തങ്കമണിയും എസ് പി വേലുമണിയുമാണ് ബിജെപിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ നിര്‍ണായക പങ്ക് വഹിച്ചത്. എൻഡിഎയുടെ ഭാഗമായ എസ് രാമദോസിന്റെ പാട്ടാളി മക്കള്‍ കച്ചിയുമായി (പിഎംകെ) എഐഎഡിഎംകെ സീറ്റ് ധാരണയിലെത്തിയിട്ടുണ്ട്. പിഎംകെ ഏഴ് സീറ്റില്‍ മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച 12 സീറ്റുകള്‍ എഐഎഡിഎംകെ ഇത്തവണ സഖ്യകക്ഷികള്‍ക്ക് നല്‍കുന്നത്.

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റസീറ്റിൽ പോലും വിജയിക്കാൻ ഡിഎംകെ മുന്നണിക്കും തനിച്ചു മത്സരിച്ച കോൺഗ്രസിനും കഴിഞ്ഞിരുന്നില്ല. 39 സീറ്റുകളിൽ 37 ലും എഐഎഡിഎംകെ വിജയം നേടിയപ്പോൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ രണ്ട് സീറ്റുകൾ സ്വന്തമാക്കി. കന്യാകുമാരി ബിജെപി വിജയിച്ചപ്പോൾ ധർമപുരിയിൽ പിഎംകെ (പട്ടാളി മക്കൾ കക്ഷി)യും വിജയിച്ചു. 2016ലെ നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിക്ക് സീറ്റൊന്നും നേടാന്‍ കഴിഞ്ഞിരുന്നില്ല. ജയലളിതയുടെ മരണശേഷം ദുര്‍ബലപ്പെട്ട എഐഎഡിഎംകെ പിളര്‍ന്നിരുന്നു. ഈ സാഹചര്യത്തിൽ ഇരു പാര്‍ട്ടികളെ സംബന്ധിച്ചും സഖ്യം അനിവാര്യമാണ്. എന്നാൽ ടിടിവി ദിനകരന്റെ സാന്നിധ്യം എഐഎഡിഎംകെ – ബിജെപി സഖ്യത്തിന് വെല്ലുവിളിയായേക്കും. ജയലളിതയുടെ വിശ്വസ്തയായിരുന്ന വികെ ശശികലയുടെ അനന്തരവന്‍ ടിടിവി ദിനകരന്‍ എഎംഎംകെ എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ച് ജയലളിതയുടെ ആര്‍കെ നഗര്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ജയിച്ചിരുന്നു.

എന്നാൽ, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പറഞ്ഞ നടന്‍ രജനികാന്ത് തമിഴ്‌നാടിന്‌റെ ജലക്ഷാമം അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ കഴിയുന്നവരെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിക്കാന്‍ വോട്ട് ചെയ്യണമെന്നാണ് അനുയായികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം മറ്റൊരു പ്രധാന താരമായ കമല്‍ഹാസന്‍, താനും മക്കള്‍ നീതി മയ്യം എന്ന തന്റെ പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍