UPDATES

ഇന്ത്യയുടെ ഉയര്‍ന്ന ഇറക്കുമതി തീരുവ അംഗീകരിക്കാനാവില്ല, പിന്‍വലിച്ചേ പറ്റൂ: മോദിയുമായുള്ള ചര്‍ച്ചയ്ക്ക് മുമ്പ് ട്രംപിന്റെ ട്വീറ്റ്

ഈ പ്രശ്‌നം പ്രധാനമന്ത്രി മോദിയുമായി പങ്കുവയ്ക്കും.

യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന ഇറക്കുമതി തീരുവ ഇന്ത്യ ചുമത്തുന്നത് അംഗീകരിക്കാനാകില്ല എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇത് പിന്‍വലിച്ചേ തീരൂ എന്നും ജപ്പാനിലെ ഒസാക്കിയില്‍ ജി 20 ഉച്ചകോടിക്കെത്തിയ ട്രംപ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായാണ് ട്രംപ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. വര്‍ഷങ്ങളായി ഇന്ത്യ യുഎസ് ഉല്‍പ്പന്നങ്ങളുടെ അറക്കുമതിക്ക് ഉയര്‍ന്ന നികുതി ഈടാക്കുന്നു. ഇപ്പോള്‍ അത് കുത്തനെ കൂട്ടിയിരിക്കുകയാണ്. ഈ പ്രശ്‌നം പ്രധാനമന്ത്രി മോദിയുമായി പങ്കുവയ്ക്കും. ഇത് അംഗീകരിക്കാനാവില്ല. ഇത് പിന്‍വലിച്ചേ മതിയാകൂ – ട്രംപ് പറയുന്നു.

കഴിഞ്ഞ മാസം 28 യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന കസ്റ്റംസ് തീരുവ ചുമത്തിയിരുന്നു. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ യുഎസ് കുത്തനെ ഉയര്‍ത്തിയതിന് തിരിച്ചടിയായിട്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഉരുക്ക്, അലുമിനിയം അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് യുഎസ് തീരുവ കൂട്ടിയത്. യുഎസില്‍ നിന്നുള്ള ആല്‍മണ്ട്, ആപ്പിള്‍, പയറ് വര്‍ഗങ്ങള്‍ തുടങ്ങിയവയ്ക്ക് ഇന്ത്യയും തീരുവ കൂട്ടി. യുഎസിലെ ഗ്രാമീണ കര്‍ഷക വോട്ട് ബാങ്കിന്റെ പിന്തുണ നഷ്ടമാകും എന്ന ആശങ്കയാണ് ഇന്ത്യയിലെ ഉയര്‍ന്ന ഇറക്കുമതി തീരുവയ്‌ക്കെതിരെ ശക്തമായ നിലപാട് എടുക്കാന്‍ ട്രംപിനെ നിര്‍ബന്ധമാക്കുന്നത്.

ഇന്ത്യക്ക് ആറ് ബില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ഡ്യൂട്ടി ഫ്രീ ആയി കയറ്റുമതി ചെയ്യാന്‍ നല്‍കിയിരുന്ന പ്രത്യേക പരിഗണന യുഎസ് ഈ മാസം പിന്‍വലിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലച്ചിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും നടത്തിയ ചര്‍ച്ചയിലും യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇക്കാര്യത്തില്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍