UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്മോഹൻ ഉണ്ണിത്താനെതിരെ സിപിഎം പ്രവർത്തകരുടെ കയ്യേറ്റ ശ്രമം: പിലാത്തറയിൽ റീപ്പോളിങ്ങിന് കനത്ത സുരക്ഷ

സി.പി.എമ്മിന്റെ നടപടിയെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് റീപോളിങ്ങ് പ്രഖ്യാപിച്ച് ബുത്തുകൾക്ക് സമീപം പ്രചാരണത്തിനിടെ സംഘർഷമുണ്ടായ മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി പോലീസ്. കാസർക്കോട് മണ്ഡലത്തിലെ പിലാത്തറയിൽ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രചരണം സിപിഎം പ്രവര്‍ത്തകര്‍ തടയുകയും കയ്യേറ്റ ശ്രമം ഉണ്ടാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. പിലാത്തറ ബസ് സ്റ്റാന്‍ഡിന് സമീപം പ്രചരണം നടത്തുന്നതിനിടയിലാണ് രാജ്‌മോഹന്‍ ഉണ്ണിത്താനെ തടയുകയും മൈക്ക് പിടിച്ചുവാങ്ങുകയും ചെയ്തത്. ഇതിന്റെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച ഏഷ്യാനെറ്റ് ന്യൂസ് സംഘത്തെയും പ്രവര്‍ത്തകര്‍ അക്രമിച്ചെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടു.

കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പിലാത്തറയിലടക്കം മൂന്ന് ബുത്തുകളിൽ കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് റീപോളിങ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പിലാത്തറയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രചരണത്തിനെത്തിയപ്പോഴായിരുന്നു കയ്യേറ്റ ശ്രമം നടന്നത്. സിപിഎമ്മിന്റെ പ്രചാരണത്തിന് പിറകെ ഉണ്ണിത്താന്റെ നേതൃത്വത്തിൽ യുഡിഎഫ് സംഘം സ്ഥലത്തെത്തിയപ്പോഴായിരുന്നു സംഭവം. പി ജയരാജന്‍ ആയിരുന്നു എൽഡിഎഫിനായി പ്രചരണത്തിന് എത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാനെയാണ് സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. കാമറമാന്‍ സുനില്‍ കുമാറിനെയും അക്രമികള്‍ കയ്യേറ്റം ചെയ്തിരുന്നു. അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പിലാത്തറയിലും പരിസരത്തും വൻ സുരക്ഷയാണ് ഏർപ്പെടുത്തിയത്.

അതിനിടെ കള്ളവോട്ട് കണ്ടെത്തിയ കണ്ണൂർ മണ്ഡലത്തിലെ പാമ്പുരുത്തിയിലും ഇന്നലെ ചെറിയ തോതിൽ സംഘർഷം ഉടലെടുത്തിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി ശ്രീമതി ടീച്ചറെ പാമ്പുരുത്തിയില്‍ പ്രചരണത്തിനെത്തിയപ്പോള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതാണ് ഉന്തും തള്ളിനും കാരണമായത്.

അതേസമയം, കാസര്‍കോഡ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ പിലാത്തറയില്‍ വച്ച് കയ്യേറ്റം ചെയ്യുകയും തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം അലങ്കോലപ്പെടുത്തകയും ചെയ്ത സി.പി.എമ്മിന്റെ നടപടിയെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ജനാധിപത്യ സംവിധാനങ്ങളും സ്വതന്ത്രമായ തെരഞ്ഞെടുപ്പും അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെതിരായ അക്രമം. സിപിഎം പ്രവര്‍ത്തകര്‍ ഉണ്ണിത്താനെ അക്രമിക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ നിഷ്‌ക്രിയരായി നോക്കി നിന്നെന്നും അദ്ദേഹം ആരോപിച്ചു.

നിയമവാഴ്ചയും ഭരണസംവിധാനങ്ങളും കണ്ണൂര്‍, കാസര്‍ഗോഡ് മേഖലകളില്‍ പൂര്‍ണ്ണമായും തകര്‍ന്നുവെന്നാണ് ഈ സംഭവത്തിലൂടെ വ്യക്തമാകുന്നത്. അതുകൊണ്ട് ഞായറാഴ്ച റീ പോളിംഗ് നടക്കുന്ന ബൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് സ്വതന്ത്രവും നിര്‍ഭയവുമായി വോട്ടുരേഖപ്പെടുത്താനാവശ്യമായ ശക്തമായ സുരക്ഷ ഒരുക്കാന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കണ്ണൂര്‍, കാസര്‍ഗോഡ് ഭാഗങ്ങളില്‍ സ്വതന്ത്രമായ പൊതുപ്രവര്‍ത്തനത്തിന് പോലും അനുവദിക്കാത്ത സിപിഎമ്മിന്റെ നടപടി കേരളത്തിന് അപമാനമാണ്. നീതി പൂര്‍വവും നിര്‍ഭയവും സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഇവിടങ്ങളില്‍ നടന്നില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ബോധ്യപ്പെട്ടതിനാലാണ് ഇവിടങ്ങളില്‍ റീ പോളിംഗ് നടത്താന്‍ തീരുമാനിച്ചത്. ഇത് കേരള രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഒരു പുതിയ വഴിത്തിരവാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

രക്ഷിക്കാന്‍ കോസ്റ്റ് ഗാര്‍ഡ് എത്തിയത് ബക്കറ്റുമായി; ‘കേരളത്തിന്റെ സ്വന്തം സൈനികര്‍’ ആയിരങ്ങളെ രക്ഷിച്ച വീരകഥ മുഖ്യമന്ത്രി ജനീവ പ്രസംഗത്തില്‍ കൂടി പറഞ്ഞപ്പോഴാണിത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍