UPDATES

വാര്‍ത്തകള്‍

ചട്ടലംഘനം: സുരേഷ് ഗോപി ഇന്ന് വിശദീകരണം നൽകും; ‘വെല്ലുവിളി, താക്കീത്’ തൃശ്ശൂരിലെ സാഹചര്യം കേരളത്തിൽ പതിവില്ലാത്തത്

സാധാരണ ഇത്തരം നോട്ടീസുകൾക്ക് ഖേദം പ്രകടിപ്പിച്ചോ, ചട്ടലംഘനം ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി മറുപടി നൽകിയോ പ്രശ്നമവസാനിപ്പിക്കുന്നതാണ് പതിവ്.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചന്ന് ചൂണ്ടിക്കാട്ടി തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കെതിരായ കളക്ടറുടെനോട്ടീസിന് ഇന്ന് മറുപടി നൽകും. കളക്ടർ നൽകിയ സമയ പരിധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് നടപടി. താൻ ശബരിമലയുടെ പേരില്‍ വോട്ട് ചോദിച്ചില്ലെന്ന നിലപാട് സുരേഷ് ഗോപി ഉറച്ച് നിൽക്കാനാണ് സാധ്യത. ശബരിമലയുടെ പേരില്‍ വോട്ട് ചോദിക്കരുതെന്ന സംസാഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശം സുരേഷ് ഗോപി ലംഘിച്ചുവെന്നാരോപിച്ചായിരുന്നു കളക്ടർ സുരേഷ് ഗോപിക്ക് നോട്ടീസ് നൽകിയത്.

അതേസമയം, സംസ്ഥാനത്ത് പതിവില്ലാത്ത തലത്തിലേക്കാണ് ചട്ടലംഘനം സംബന്ധിച്ച തർക്കങ്ങൾ നീങ്ങുന്നതെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനെയും അധികാരികളെയും അപ്രസക്തമാക്കുന്ന തരത്തിലുളള വെല്ലുവിളികള്‍ കേരള തിരഞ്ഞെടുപ്പ് ചരിത്രത്തിൽ പതിവില്ലാത്തതാണ്. സാധാരണ ഇത്തരം നോട്ടീസുകൾക്ക് ഖേദം പ്രകടിപ്പിച്ചോ, ചട്ടലംഘനം ഉദ്ദേശിച്ചിരുന്നില്ലെന്ന് വ്യക്തമാക്കി മറുപടി നൽകിയോ പ്രശ്നമവസാനിപ്പിക്കുന്നതാണ് പതിവ്. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷനെ പരസ്യമായി ധിക്കരിച്ചും വെല്ലുവിളിക്കുകയും ചെയ്യുന്ന നിലപാടായിരുന്നു സുരേഷ് ഗോപിയും, ബിജെപി നേതാക്കളും സ്വീകരിച്ച് പോന്നത്.

ഇഷ്ട ദേവനെ കുറിച്ച് പറയാൻ കഴിയാത്തത് എന്ത് ജനാധിപത്യം എന്നായിരുന്നു സുരേഷ്ഗോപി കളക്ടറുടെ നോട്ടീസിനെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നൽകിയത്. ഇത്തരം നടപടികളെ ജനം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പരസ്യ പ്രതിരണം നടത്തി. ഇതിന് പുറമേ ആണ് ബിജെപി നേതാന് ബി ഗോപാലകൃഷ്ണന്റെ നിലപാട്. തൃശ്ശൂർ കളക്ടര്‍ ടി വി അനുപമയുടെ നടപടി വിവരക്കേടെന്നാണ് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ ആരോപണം. കമ്മീഷൻ എതിർത്താലും ശബരിമല വിഷയം ഉയർത്തിക്കാട്ടുമെന്ന് വ്യക്തമാക്കിയ ഗോപാലകൃഷ്ണൻ വ്യക്തമാക്കി. ടി വി അനുപമയുടെ നടപടി സർക്കാരിന്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്പലോ ആണെന്ന് ആരോപിച്ച അദ്ദേഹം ശബരിമലയിലെ വിഷയത്തിൽ സർക്കാരിന്റെ നിലപാട് ഇനിയും ചർച്ചയാക്കി വോട്ട് ചോദിക്കുമെന്നും വ്യക്തമാക്കുന്നു.

ഇതിന് പിറകെ ആയിരുന്നു സുരേഷ്ഗോപി ചട്ടലംഘനം നടത്തിതിന് പ്രഥമദൃഷ്ട്രായുള്ള വിലയിരുത്തലെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയുടെ പ്രതികരണം. കളക്ടർമാരെ തിരഞ്ഞെടുപ്പ് ചട്ടങ്ങളെ കുറിച്ച് പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. മതം, ദൈവം, ആരാധനാലയം തുടങ്ങിയവയൊന്നും വോട്ടുപിടിക്കാന്‍ ഉപയോഗിക്കരുതെന്ന് പെരുമാറ്റച്ചട്ടത്തില്‍ മുൻപ് തന്നെ വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. ഇക്കാര്യം തന്നെയാണ് ശബരിമലയുടെ പശ്ചാത്തലത്തിൽ ടിക്കാറാം മീണ തിര‍ഞ്ഞെടുപ്പ് നടപടികളുടെ തുടക്കത്തിൽ തന്നെ കക്ഷിനേതാക്കളെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയതും. എന്നാൽ പരസ്യമായിതന്നെ അതാദ്യം ലംഘിച്ചത് സുരേഷ് ഗോപിയെന്നാണ് കമ്മീഷന്റെ നിഗമനം.

അതേസമയം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിന്യാസവുമായി സംസ്ഥാനങ്ങള്‍ ഭരിക്കുന്ന രാഷ്ട്രീയകക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമായി തർ‌ക്കം ഉണ്ടാവാരുള്ളത് പതിവാണ്. കേന്ദ്ര സർക്കാരിന്റെ ഇടപെടുലുകളാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ ഉയരാറുള്ളത്. എന്നാൽ നിലവിൽ രാജ്യം ഭരണത്തിലിരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാനഘടകം തന്നെ തിരഞ്ഞെടുപ്പ് കമ്മീഷനെ ധിക്കരിച്ചും വെല്ലുവിളിച്ചും രംഗത്തെത്തുന്ന അസാധാരണ സാഹചര്യമാണ് കേരളത്തില്‍ ഉരുത്തിരിയുന്നത്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍