UPDATES

വിദേശം

അവസാന ഐഎസ് താവളവും പിടിച്ചെടുത്തു; സമ്പൂർണ വിജയം പ്രഖ്യാപിച്ച് സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ്

ഐഎസ്ഐഎസിന്റെ അവസാന ക്യാംപായിരുന്ന ബാഗ്ഹോസ് തകർത്തതോടെയാണ് യുഎസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് അന്തിമ വിജയം പ്രഖ്യാപിക്കുന്നത്.

സിറിയയിലെ ഐഎസ് ഭീകരർക്കെതിരെ സമ്പൂർണ വിജയം നേടിയതായി യുഎസ് പിതുണയുള്ള സിറിയൻ സേന. ഇറാഖ് സിറിയ മേഖലയിൽ സ്വാധീനം ഉറപ്പിക്കാന്‍ ശ്രമിച്ച ഐഎസ് ഭീകരരെ നാലു വർഷം നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് കീഴടക്കിയെന്ന പ്രഖ്യാപനം പുറത്ത് വരുന്നത്. തങ്ങളുടെ ട്വിറ്റർ ഹാന്‍ഡിലിലൂടെയായിരുന്നു സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് വിജയം പ്രഖ്യാപിച്ചത്.

ആഴ്ചകൾ നീണ്ടുനിന്ന രൂക്ഷമായ പോരാട്ടത്തിനൊടുവിൽ ഐഎസ്ഐഎസിന്റെ അവസാന ക്യാംപായിരുന്ന ബാഗ്ഹോസ് തകർത്തതോടെയാണ് യുഎസ് പിന്തുണയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സ് അന്തിമ വിജയം പ്രഖ്യാപിക്കുന്നത്. നാലാഴ‌്ചകൊണ്ടാണ‌് ഇറാഖ‌് അതിർത്തിയിലെ ബഗൗസ‌് എസ‌്ഡിഎഫ‌് തിരിച്ചുപിടിച്ച‌ത‌്. പിടിച്ചെടുത്ത പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട ട്രഞ്ചുകളും വാഹനങ്ങളും കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു.

ഇവിടങ്ങളിലുള്ള സാധരണക്കാരെയും കീഴടങ്ങിയ ഭീകരവാദികളെയും നേരത്തെ ഒഴിപ്പിച്ചിരുന്നു. ഐഎസ‌ിന്റെ അവസാന താവളമായ ബഗൗസിൽ കനത്ത പോരാട്ടം നടക്കുകയാണെന്ന‌് വെള്ളിയാഴ‌്ച എസ‌്ഡി‌എഫ‌് തലവൻ മുസ‌്തഫ ബാലി ട്വീറ്റ‌് ചെയ‌്തിരുന്നു. ഇതിന് പിറകെയാണ് വിജയ പ്രഖ്യാപനം പുറത്ത് വരുന്നത്.

അതേസമയം, അവസാന താവളവും വീണുവെങ്കിലും ഐഎസ് ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും പോരാട്ടം തുടരുമെന്നും വിമതസേനാസഖ്യം വ്യക്തമാക്കി. അതിനിടെ ഖലീഫ ഭരണം അവസാനിച്ചില്ലെന്ന‌് പ്രഖ്യാപിച്ച‌് അബു ഹസൻ അൽമുജാഹിറിന്റെ ശ‌ബ‌്ദരേഖയും പുറത്ത് വന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു. സിറിയയുടെയും ഇറാഖിന്റെയും മൂന്നിലൊന്നു ഭൂപ്രദേശങ്ങൾ പിടിച്ചെടുത്താണ് 2014 ൽ ഐഎസ് സ്വന്തം മേഖല പ്രഖ്യാപിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍