UPDATES

വായ്പാ തട്ടിപ്പുകാരന്‍ ചോക്‌സിയെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ എയര്‍ ആംബുലന്‍സ് വിടാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; ആന്റിഗ്വയിലെ ചോദ്യം ചെയ്യല്‍ നടക്കില്ല

ആന്‌റിഗ്വയില്‍ വച്ച് തന്നെ ചോദ്യം ചെയ്യണം എന്ന മെഹുല്‍ ചോക്‌സിയുടെ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് തള്ളി.

വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്ക് മുങ്ങിയ വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാന്‍ എയര്‍ ആംബുലന്‍സ് അയയ്ക്കാന്‍ (ആംബുലന്‍സ് സജ്ജീകരണമുള്ള വിമാനം) തയ്യാറാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ അന്വേഷണം നേരിടുന്ന തന്നെ ആന്‌റിഗ്വയില്‍ വച്ച് തന്നെ ചോദ്യം ചെയ്യണം എന്ന മെഹുല്‍ ചോക്‌സിയുടെ ആവശ്യം എന്‍ഫോഴ്‌സ്‌മെന്റ് തള്ളി. ചികിത്സയിലായതിനാല്‍ ഇന്ത്യയിലേയ്ക്ക് വരാനാകില്ല എന്നാണ് മെഹുല്‍ ചോക്‌സിയുടെ വാദം.

കഴിഞ്ഞ വര്‍ഷം ഇന്ത്യ വിട്ട് യുഎസിലെത്തിയ മെഹുല്‍ ചോക്‌സി ആന്റിഗ്വയിലേയ്ക്ക് കടക്കുകയായിരുന്നു. ആന്‌റിഗ്വ പൗരത്വം സ്വീകരിച്ച മെഹുല്‍ ചോക്‌സി ഇന്ത്യന്‍ ഹൈക്കമ്മീഷനിലെത്തി പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നു. നിശ്ചിത തുക നിക്ഷേപിച്ചാണ് ആന്റിഗ്വ നിയമപ്രകാരം മെഹുല്‍ ചോക്‌സിക്ക് പൗരത്വം നല്‍കിയത്. കോടതിയെ തെറ്റിദ്ധരിപ്പിക്കാനാണ് ചോക്‌സി ഇത്തരം കള്ള വാദങ്ങള്‍ ഉന്നയിക്കുന്നത് എന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ വാദിച്ചു. മെഡിക്കല്‍ വിദഗ്ധരുമായി എയര്‍ ആംബുലന്‍സ് അയയ്ക്കാന്‍ തയ്യാറാണ്. ചോക്‌സിക്ക് ആവശ്യമായ എല്ലാ ചികിത്സയും ഇന്ത്യയില്‍ നല്‍കുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.

ഒരു മാസത്തിനുള്ളില്‍ ഇന്ത്യയിലെത്തുമെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കാന്‍ മെഹുല്‍ ചോക്‌സിയോട് കോടതി ആവശ്യപ്പെടണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. ഇന്ത്യയിലെത്താനുദ്ദേശിക്കുന്ന തീയതി കൃത്യമായി പറയണം. ശസ്ത്രക്രിയയ്ക്ക് ശേഷം യാത്ര ചെയ്യുന്നത് ബുദ്ധിമുട്ടാണ് എന്നും ഒന്നുകില്‍ ആന്റിഗ്വയില്‍ തന്നെ ചോദ്യം ചെയ്യാം, അല്ലെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചോദ്യം ചെയ്യലിന് തയ്യാറാണെന്നും ചോക്‌സി നേരത്തെ അഭിഭാഷകന്‍ വഴി കോടതിയെ അറിയിച്ചിരുന്നു. ഇത് തള്ളിക്കളയുകയാണ് എന്‍ഫോഴ്സ്മെന്റ്. സാക്ഷികളുടെ ക്രോസ് വിസ്താരം ചോക്‌സി ആവശ്യപ്പെടുന്നു. അതേസമയം ക്രോസ് വിസ്താരം നടത്തണമെങ്കില്‍ വിചാരണ നടക്കുന്ന മുംബൈയിലെ പ്രത്യേക കോടതിയില്‍ ഹാജരാകാന്‍ മെഹുല്‍ ചോക്‌സിം തയ്യാറാകണം എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെടുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍