UPDATES

ട്രെന്‍ഡിങ്ങ്

സുപ്രീം കോടതി നിർദേശപ്രകാരം സംസ്ഥാനത്ത് വനത്തിൽ നിന്നും ഒഴിപ്പിക്കേണ്ടിവരിക 894 കുടുംബങ്ങളെ; വ്യാപക പ്രത്യാഘാതമെന്ന് സി കെ ജാനു

സുപ്രീം കോടതി ഉത്തരവിനെതിരെ കേരള സർക്കാർ കോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി

16 സംസ്ഥാനങ്ങളിലെ വന പ്രദേശങ്ങളിൽ താമസിക്കുന്ന ആദിവാസികളെ ബലം പ്രയോഗിച്ച് പുറത്താക്കണമെന്ന് സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം. 2019 ജൂലൈ 27 ന് മുമ്പ് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച ശേഷം സംസ്ഥാന സർക്കാരുകൾ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് സുപ്രീം കോടതി നിർദേശം. സംസ്ഥാനത്ത് 894 കുടുംബങ്ങളെ ബാധിക്കുന്നതാണ് പുതിയ നിര്‍ദേശം. പരമ്പരാഗത ഗോത്ര ജനവിഭാഗങ്ങളെ അവരുടെ തനത് ആവാസ വ്യവസ്ഥയിൽ നിന്നും പുറത്താക്കാനുള്ള നീക്കം വ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നാണ് ആദിവാസി ഗോത്ര സഭാ നേതാവ് സി കെ ജാനുവിന്റെ പ്രതികരണം.  വിധിയെ നിയമപരമായും നേരിടും. സമാന ചിന്താഗതിയുള്ള സംഘടനകളുമായി ചേർന്ന വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും ജാനു പറയുന്നു.

കേരളത്തില്‍ 894 കുടുംബങ്ങളെ ബാധിക്കുമെന്നാണ് ഔദ്യോഗിക വിവരം. എന്നാൽ ഉത്തരവ് നടപ്പാക്കിയാല്‍ കുടിയിറക്കപ്പെടുക രണ്ടായിരത്തിലേറെ കുടുംബങ്ങളായിരിക്കും. ആദിവാസികളെ കുടിയിറക്കിയ ഒരു സർക്കാരുകൾക്കും പുനരധിവാസ പദ്ധതികള്‍ വിജയകരമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ലെന്നും ജാനു പറയുന്നു. ഇത്രയേറെ പേരെ കുടിയിറക്കുമ്പോള്‍ കേരളത്തിലും സമരത്തിനിറങ്ങേണ്ടിവരുന്ന സാചര്യമാണെന്നും അവർ പറയുന്നു.

അതേസമയം, സുപ്രീം കോടതി ഉത്തരവിനെതിരെ കേരള സർക്കാർ കോടതിയെ സമീപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ‌ മാധ്യമങ്ങളോട് പ്രതികരിച്ചു. കോടിയേരിയുടെ നിലപാടിനോട് സമാനമായിരുന്നു കൽപ്പറ്റ എംഎൽഎ സി.കെ ശശീന്ദ്രന്റെതും. വര്‍ഷങ്ങളായി വനത്തില്‍ താമസിക്കുന്ന ആദിവാസികളെ കുടിയൊഴിപ്പിക്കുന്നത് അസാധ്യമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, കേരള സര്‍ക്കാര്‍ അത്തരമൊരു കാര്യം സാധാരണഗതിയില്‍ ചെയ്യില്ലെന്നും . കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഇടപെടാന്‍ വേണ്ടത് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ഉത്തരവിനെതിരെ ആദിവാസികള്‍ക്കിടയില്‍ നിന്നും വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നുവരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

എന്നാൽ വനസമ്പത്ത് സംരക്ഷിക്കാൻ കൊണ്ടുവന്ന നിയമം അട്ടിമറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമങ്ങളുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സുപ്രീംകോടതി വിധിയെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവന്റെ പ്രതികരണം.

2006 ലെ വനാവകാശ നിയമത്തിന്റെ പരിരക്ഷയ്ക്കായി കേരളത്തിൽ 39,999 ആദിവാസി കുടുംബങ്ങളാണ് അപേക്ഷ നൽകിയത്. ഈ അപേക്ഷകളിൽ നിന്നാണ് 894 കുടുംബങ്ങൾ പരിരക്ഷയ്ക്ക് അർഹരല്ലെന്ന് കണ്ടെത്തിയത്. പുതിയ ഉത്തരവ് പ്രകാരം അടുത്ത വാദം കേൾക്കലിന് മുമ്പ് ഇവരെ വനത്തിൽ നിന്നും ഒഴിപ്പിക്കണമെന്ന് സുപ്രീം കോടതി നിർദേശം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍