UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മസ്തിഷ്ക ജ്വരം: രോഗം കണ്ടെത്തിയ ഗ്രാമങ്ങളിൽ നിന്നും ജനങ്ങൾ പലായനം ചെയ്യുന്നു

വൈശാലി ജില്ലയിലെ ഹര്‍വന്‍ഷ്പൂര്‍ ഗ്രാമത്തില്‍ ഏഴ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലെ കണക്കുകളാണിവ.

ബീഹാറിൽ മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 138 പിന്നിട്ട് ഭീകരാവസ്ഥയിൽ തുടരുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ ഗ്രാമവാസികൾ. മരണ സംഖ്യ ഉയരുമ്പോഴും മതിയായ പ്രതിരോധ, ബോധവൽക്കരണ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്നാണ് അരോപണം. ഈ സാഹചര്യത്തിൽ ഗ്രാമം വിട്ട് പലായനം ചെയ്യാൻ ഒരുങ്ങുകയാണ് വലിയൊരു വിഭാഗം ജനങ്ങളെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മുസാഫര്‍പൂരില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വൈശാലി ജില്ലയിലെ ഹര്‍വന്‍ഷ്പൂര്‍ ഗ്രാമത്തില്‍ ഏഴ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലെ കണക്കുകളാണിവ. ഈ സാഹചര്യത്തിൽ കുട്ടികളെ ബന്ധുക്കളുടെ അടുത്തേക്ക് മാറ്റിയുൾപ്പെടെയാണ് ജനങ്ങൾ സുരക്ഷിതത്വം ഉറപ്പാക്കാൻ ശ്രമിക്കുന്നത്. ഇവിടെയുള്ള മറ്റ് രണ്ട് കുട്ടികള്‍ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇപ്പോള്‍ ചികിത്സയിൽ തുടരുകയാണ്.

അതേസമയം, സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന ഗ്രാമത്തിൽ ഏകദേശം 2000ത്തോളം കുടുംബങ്ങളാണ് ഈ ഗ്രമത്തില്‍ മാത്രമുള്ളത്. പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ട ഇവർ ജന്മിമാരുടെ ഉടമസ്ഥതയിലുള്ള കൃഷിയിടങ്ങളിലാണ് ജീവിക്കുന്നത്.  മാസത്തില്‍ പത്ത് മുതൽ 12 ദിവസങ്ങൾ ദിവസങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് ജോലി ഉണ്ടാകാറുള്ളത്. ഇവിടെയാണ് രോഗം റിപ്പോര്‍ട്ട്  ചെയ്തിട്ടുള്ളത്.

രോഗം വ്യാപിച്ച പശ്ചാത്തലത്തിൽ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ അരോമ മോദി ഗ്രാമം സന്ദര്‍ശിച്ചുവെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ലക്ഷം രൂപയുടെ ധനസഹായം ആര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. മരണങ്ങള്‍ സംഭവിച്ച ആറ് കുടുംബങ്ങളുടെ അവസ്ഥയും വിപരീതമല്ല.

പത്ത് ദിവസം മുമ്പാണ് ഗ്രാമവാസിയായ ചാതുരി സാഹ്നിയുടെ ഏഴ് വയസുകാരനായ മകന്‍ പ്രിൻസ് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ചത്. പ്രിന്‍സ് മരിച്ച് 24 മണിക്കൂറിനുള്ളില്‍ രണ്ട് വയസുകാരനായ ഇളയമകന്‍ ചോട്ടുവും മരണത്തിന് കീഴടങ്ങി. രോഗം പ്രതിരോധിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ നടക്കുന്നില്ലെന്ന് ഏഴുവയസ്സുകാരിയായ മകളെ നഷ്ടപ്പെട്ട മറ്റൊരു പിതാവും ആരോപിക്കുന്നു.

അതിനിടെ, മസ്തിഷ്കജ്വരം ബാധിച്ച് ചികിൽസയിലിരിക്കെ 108 ഓളം കുട്ടികൾ മരിച്ച ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആശുപത്രിയുടെ കെട്ടിട പരിസരത്ത് തലയോട്ടികൾ കണ്ടെത്തിയത് വിവാദം സൃഷ്ടിച്ചിരുന്നു. മനുഷ്യാസ്ഥികൂടങ്ങള്‍ കണ്ടെത്തിയ സ്ഥലത്ത് പോലീസ് സംഘം പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടം വിഭാഗത്തില്‍ നിന്നും ഉപേക്ഷിച്ചതാകാം ഇതെന്നാണ് വിലയിരുത്തുന്നതെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എസ്.കെ ഷാഹി പ്രതികരിച്ചു.

EXPLAINER: മരിച്ചത് 112 കുട്ടികള്‍; എന്താണ് ബിഹാറില്‍ സംഭവിക്കുന്നത്? ‘ലിച്ചിപ്പഴം’ കൊണ്ട് സര്‍ക്കാര്‍ മറച്ചുപിടിക്കുന്നത് പോഷകാഹാരക്കുറവോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍