UPDATES

ലാവലിന്‍ കേസില്‍ ഒക്ടോബര്‍ ഒന്നിന് അന്തിമ വാദം

ജൂലായിലും ഓഗസ്റ്റിലും സെപ്റ്റംബറിലും കേസ് പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ഇത് മാറ്റിവയ്ക്കുകയായിരുന്നു.

എസ്എന്‍സി ലാവലിന്‍ കേസില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ സുപ്രീം കോടതി അന്തിമവാദം കേള്‍ക്കും. കേസ് ഒക്ടോബര്‍ ഒന്നിന് തന്നെ കേള്‍ക്കുമെന്ന് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരെ കേസില്‍ കുറ്റവിമുക്തരാക്കിയ 2013ലെ വിചാരണ കോടതി വിധിക്കെതിരെ സിബിഐയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണ കോടതി വിധി നേരത്തെ ഹൈക്കോടതി അംഗീകരിച്ചിരുന്നു.

സിബിഐയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജരായേക്കും. ജൂലായിലും ഓഗസ്റ്റിലും സെപ്റ്റംബറിലും കേസ് പരിഗണിക്കാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ഇത് മാറ്റിവയ്ക്കുകയായിരുന്നു. കേസ് പല തവണ മാറ്റിവച്ച കാര്യം അഭിഭാഷകര്‍, കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോളാണ് ഒക്ടോബര്‍ ഒന്നിന് തന്നെ വാദം കേള്‍ക്കണം എന്ന് കോടതി പറഞ്ഞത്.

പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ 1997ല്‍ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനും ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി കനേഡിയന്‍ കമ്പനി എസ്എന്‍സി ലാവലിനുമായി ഒപ്പുവച്ച കരാറില്‍ അഴിമതി നടന്നതായാണ് സിബിഐയുടെ ആരോപണം. സിഎജി റിപ്പോര്‍ട്ടില്‍ കരാര്‍ സംബന്ധിച്ച് വന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണിത്.

കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ ആര്‍ ശിവദാസന്‍, വൈദ്യുതി ബോര്‍ഡ് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ ജി രാജശേഖരന്‍, മുന്‍ ചീഫ് എഞ്ചിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണം എന്നായിരുന്നു വിചാരണ കോടതി വിധി. പിണറായിയ്ക്ക് പുറമെ ഊര്‍ജ്ജ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ പ്രതിപ്പട്ടികയില്‍ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. കീഴ്‌കോടതി വിധിയേയും ഇത് അംഗീകരിച്ച ഹൈക്കോടതി വിധിയേയും ചോദ്യം ചെയ്ത് അവശേഷിക്കുന്ന പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍