UPDATES

അനുനയ നീക്കത്തിന് തിരിച്ചടി, കർണാടകയിലെ 5 വിമത എംഎൽഎമാർ കൂടി സുപ്രീം കോടതിയിലേക്ക്

രാജി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് എംഎല്‍എ എംടിബി നാഗരാജും ഉൾപ്പെടുന്നു

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ ഡികെ ശിവകുമാറിന്റെ നേതൃത്വത്തിൽ അനുനയ നീക്കങ്ങൾ പുരോഗമിക്കുന്നതിനിടെ കൂടുതൽ എംഎൽഎമാർ സുപ്രീം കോടതിയിൽ. നേരത്തെ കോടതിയെ സമീപിച്ച 10 എംഎൽഎമാർക്ക് പുറമെ 5 പേർകുടിയാണ് പുതിയതായി സ്പീക്കർക്കെതിരെ കോടതിയെ സമീപിച്ചത്. രാജി അംഗീകരിക്കാൻ സ്പീക്കര്‍ക്ക് നിർദേശം നൽകണമെന്നാണ് ഇവരുടെ ആവശ്യം. രാമ ലിംഗ റെഡ്ഡി ഒഴികെ എല്ലാ വിമത എംഎൽഎമാരും സുപ്രീം കോടതിയിൽ ഹർജി നൽകിയവരിൽ ഉൾപ്പെടുന്നെന്നാണ് റിപ്പോർട്ട്.

അതേസമയം, നേരത്തെ ഡികെ ശിവകുമാറിന്റെ ഇടപെടലിനെ തുടർന്ന് രാജി പിന്‍വലിക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ് എംഎല്‍എ എംടിബി നാഗരാജും ഉൾപ്പെടുന്നെന്നതും ശ്രദ്ധേയമാണ്. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാമെന്ന ബിജെപിയുടേയും ബിഎസ് യെദിയൂരപ്പയുടേയും കണക്കുകൂട്ടലുകള്‍ പാളുന്നതായി സൂചന നല്‍കിക്കൊണ്ടായിരുന്നു എംഎൽഎ രംഗത്തെത്തിയത്.

ഡികെ ശിവകുമാര്‍ അടക്കമുള്ള നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് രാജി തീരുമാനം പുനപരിശോധിക്കുന്നത് എന്ന് നാഗരാജ് മാധ്യമങ്ങളോട് പറഞ്ഞു. കെ സുധാകര്‍ റാവു അടക്കമുള്ള രാജി വച്ച എംഎല്‍എമാരുമായി താന്‍ സംസാരിക്കുമെന്നും ഇതിന് ശേഷം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും എംടിബി നാഗരാജ് പറഞ്ഞു. പതിറ്റാണ്ടുകളായി താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എന്നും നാഗരാജ് പറഞ്ഞു.

ഡികെ ശിവകുമാര്‍ നാഗരാജിനൊപ്പം ഉണ്ടായിരുന്നു. ഒരു കുടുംബമാകുമ്പോള്‍ അതില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. 40 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചുപോരുന്നവരാണ് നമ്മള്‍. എല്ലാം മറന്ന് നമ്മള്‍ മുന്നോട്ടുപോകണമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. ഡികെ ശിവകുമാറിന്റെ അടുത്തയാളായി അറിയപ്പെട്ടിരുന്ന സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷ് മന്ത്രി സ്ഥാനം രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുംബൈ ഹോട്ടലില്‍ കഴിഞ്ഞിരുന്ന വിമത എംഎല്‍എ കാണാനെത്തിയ ശിവകുമാര്‍ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയാണുണ്ടായത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍