UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രളയക്കെടുതി: തകർന്ന സ്‌കൂളുകൾ നാളെ തുറക്കില്ല, ഓണ പരീക്ഷ നീട്ടി വെക്കും : വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്

പ്രളയത്തിനിടെ നിരവധി വിദ്യാലയങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ചിലത് ഭാഗികമായും. ഇങ്ങനെ തകര്‍ന്ന സ്‌കൂളുകള്‍ക്ക് പകരം സ്ഥലം ഒരുക്കും.

പ്രളയച്ചുഴിയിൽ നിന്നും കര കയറിയ സംസ്ഥാനത്തെ സ്‌കൂളുകൾ ഓണം- ബക്രീദ് അവധി കഴിഞ്ഞ് നാളെ തുറക്കാനിരിക്കെ പ്രളയത്തിൽ തകര്‍ന്ന സ്‌കൂളുകള്‍ നാളെ തുറക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. അറിയിച്ചു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനമെടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ ഉടന്‍ സ്‌കൂളിലെത്തിക്കുമെന്നും ഇത്തവണത്തെ ഓണപ്പരീക്ഷ ഉടന്‍ ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. നഷ്ടപ്പെട്ട അധ്യയനവര്‍ഷം വീണ്ടെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി കൂട്ടി ചേർത്തു.

സ്‌കൂളുകളില്‍ വെള്ളം കയറിയ പ്രശ്‌നമുണ്ട്. ഇന്നലെയും കഴിഞ്ഞ ദിവസവുമായി സന്നദ്ധപ്രവര്‍ത്തകരും മറ്റും 95 ശതമാനത്തിലധികം സ്‌കൂളുകളും വൃത്തിയാക്കിയിട്ടുണ്ട്. ഇവിടെയെല്ലാം പഠനാന്തരീക്ഷം പുനസൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇനി നഷ്ടപ്പെട്ട സാധനങ്ങളുടെ കണക്കെടുക്കണം. വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കിക്കൊണ്ട് പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതാണ് ആദ്യത്തെ പ്രവര്‍ത്തനം. അതാണ് നാളെ മുതല്‍ ആരംഭിക്കേണ്ടത്. അതിന്റെ ഒരുക്കങ്ങളാണ് നടത്തേണ്ടതെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

അതേസമയം മാറ്റിവച്ച ഓണപരീക്ഷ എന്നു നടത്തുമെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. പാഠപുസ്തകങ്ങളും യൂണിഫോമും കുട്ടികള്‍ക്കു നേരിട്ടു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രളയത്തിനിടെ നിരവധി വിദ്യാലയങ്ങള്‍ തകര്‍ന്നിട്ടുണ്ട്. ചിലത് ഭാഗികമായും. ഇങ്ങനെ തകര്‍ന്ന സ്‌കൂളുകള്‍ക്ക് പകരം സ്ഥലം ഒരുക്കും. സ്മാര്‍ട് ക്ലാസ് റൂമുകള്‍ ഉള്‍പ്പെടെ പൂര്‍വസ്ഥിതിയിലാക്കാന്‍ പൂര്‍വവിദ്യാര്‍ഥികളുടേയും സന്നദ്ധസംഘടനകളുടേയും സഹായം തേടുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍