മൂന്ന് തവണ എംപിയായിട്ടുള്ള സുരേഷ് ചന്ദേല്‍ ഇത്തവണ ഹമിര്‍പുര്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി നല്‍കിയിരുന്നില്ല.
പതിനേഴാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ ഭരണകക്ഷിയായ ബിജെപിക്ക് വീണ്ടും തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. ഹിമാചല്‍ പ്രദേശ് മുന്‍ സംസ്ഥാന അധ്യക്ഷനും എംപിയുമായിരുന്ന സുരേഷ് ചന്ദേല്‍ പാർട്ടി വിട്ടതാണ് പുതിയ സംഭവം.
മൂന്ന് തവണ എംപിയായിട്ടുള്ള സുരേഷ് ചന്ദേല്‍ ഇത്തവണ ഹമിര്‍പുര്‍ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി നല്‍കിയിരുന്നില്ല. ഇതിന് പിറകെയാണ് അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്ത് വന്നത്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് ഹിമാചല്‍ പ്രദേശ് അധ്യക്ഷന്‍ കുല്‍ദീപ് സിങ് റാത്തോര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി രജ്‌നി പാട്ടീല്‍, തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സുരേഷ് ചന്ദേലിന്റെ പാര്‍ട്ടി പ്രവേശം.
അതിനിടെ, സുരേഷ് ചന്ദേല്‍ പാർട്ടിവിടുമെന്ന് ആഭ്യൂഹങ്ങൾ പുറത്ത് വന്നതോടെ ഹിമാചല്‍ മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂറും മുന്‍ മുഖ്യമന്ത്രി പ്രേംകുമാര്‍ ധുമലും കഴിഞ്ഞ ദിവസങ്ങളില്‍ സുരേഷ് ചന്ദേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഈ നീക്കങ്ങൾ പരാജപ്പെട്ടതിന് പിറകെയാണ് ചന്ദേല്‍ കോൺഗ്രസിലെത്തുന്നത്. ബിജെപി സീറ്റ് നിഷേധിച്ചതിന് പിറകെ സീറ്റിനായി ചന്ദേൽ കോൺഗ്രസ് നേതാക്കളുമായി ബന്ധപ്പെട്ടിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഈ നീക്കം കോൺഗ്രസിലെ ചിലർ തന്നെ ഇടപെട്ട് തടയുകയായിരുന്നെന്നാണ് വിവരം.