UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജോര്‍ജ് ഫെര്‍ണാണ്ടസ് അന്തരിച്ചു

അടിയന്തരാവസ്ഥക്കെതിരായ ജനകീയ പോരാട്ടങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. സമത പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്നു. ജനത പാട്ടിയുടേയും എന്‍ഡിഎയുടെയും സ്ഥാപക നേതാക്കളില്‍ ഒരാള്‍.

മുന്‍ പ്രതിരോധ മന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് (88) അന്തരിച്ചു. ഡല്‍ഹിയിലാണ് അന്ത്യം. എച്ച് 1 എന്‍ 1 ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. അല്‍ഷിമേഴ്‌സും പാര്‍ക്കിന്‍സണും ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് (29-01-2019) രാവിലെയാണ് മരണ വാര്‍ത്ത കുടുംബം സ്ഥിരീകരിച്ചത്. അടിയന്തരാവസ്ഥക്കെതിരായ ജനകീയ പോരാട്ടങ്ങളുടെ മുന്‍നിരയിലുണ്ടായിരുന്നു. സമത പാര്‍ട്ടിയുടെ സ്ഥാപക നേതാവായിരുന്ന ജോര്‍ജ്ജ് ഫെര്‍ണാണ്ടസ് പത്രപ്രവര്‍ത്തകനുമായിരുന്നു. ജനത പാര്‍ട്ടിയുടേയും എന്‍ഡിഎയുടെയും സ്ഥാപക നേതാക്കളില്‍ ഒരാള്‍ കൂടിയാണ് ജോര്‍ജ് ഫെര്‍ണാണ്ടസ്.

1930 ജൂണ്‍ 30ന് അന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മംഗലാപുരത്താണ് ജനനം. മംഗളൂരുവിലെ സെന്റ് അലോഷ്യസ് സ്‌കൂളിലായിരുന്നു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം. 10 ക്ലാസിന് ശേഷം പഠനം തുടര്‍ന്നില്ല. പിന്നീട് കത്തോലിക്ക സെമിനാരിയില്‍ പുരോഹിത വിദ്യാര്‍ത്ഥിയായി. പുരോഹിത പഠനവും പൂര്‍ത്തിയാക്കാതെ ഉപേക്ഷിച്ചു. 1949ല്‍ 19ാം വയസില്‍ ബോംബെയിലെത്തിയതോടെയാണ് ജോര്‍ജിന്റെ ജീവിതം മാറുന്നത്. അമ്പതുകള്‍ മുതല്‍ അടിയന്തരാവസ്ഥ കാലം വരെ ബോംബെയിലെ പ്രമുഖ ട്രെയ്ഡ് യൂണിയന്‍ നേതാവായിരുന്നു.

1967ലാണ് ആദ്യമായി അദ്ദേഹം ലോക് സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. കോണ്‍ഗ്രസിലെ കരുത്തനായ എസ് കെ പാട്ടീലിനെ അട്ടിമറിച്ചുകൊണ്ട്. 1974ലെ രാജ്യവ്യാപക റെയില്‍വേ പണിമുടക്കിന് നേതൃത്വം നല്‍കി കേന്ദ്ര സര്‍ക്കാരിനെ ഉലച്ചു. ഇന്ദിര ഗാന്ധിയ്‌ക്കെതിരെയുള്ള വിമര്‍ശന ശബ്ദങ്ങളില്‍ മുന്‍നിരയില്‍ ജോര്‍ജ് ഫെര്‍ണാണ്ടസുമുണ്ടായിരുന്നു. 1975 ജൂലായില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി പ്രസംഗിക്കുന്ന വേദി ഡൈനാമിറ്റ് വച്ച് തകര്‍ക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായി. അടിയന്തരാവസ്ഥക്കാലത്ത് 1976 ജൂണില്‍ ബറോഡ ഡൈനാമിറ്റ് കേസില്‍ അറസ്റ്റ് അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. വിലങ്ങും ചങ്ങലയുമാല്‍ ബന്ധിക്കപ്പെട്ട കൈകളുയര്‍ത്തി മുഷ്ടി ചുരുട്ടി നില്‍ക്കുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഫോട്ടോ പിന്നീട് അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടങ്ങളുടെ പ്രതീകമായി മാറി.

ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയുമടക്കമുള്ളവര്‍ പരാജയപ്പെട്ട, കോണ്‍ഗ്രസ് ആദ്യമായി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട 1977ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിഹാറിലെ മുസഫര്‍പൂരില്‍ നിന്ന് മൂന്ന് ലക്ഷത്തില്‍ പരം വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. ഈ സമയം ജയിലില്‍ തുടരുകയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് ഒരിക്കല്‍ പോലും മണ്ഡലം സന്ദര്‍ശിച്ചിരുന്നില്ല. മൊറാര്‍ജി ദേശായിയുടെ ജനതാ പാര്‍ട്ടി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി. കൊക്ക കോളയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത് ജോര്‍ജ് വ്യവസായ മന്ത്രിയായിരിക്കെയാണ്. വിവിധ കേന്ദ്ര മന്ത്രിസഭകളില്‍ വാര്‍ത്താവിനിമയം, വ്യവസായം, റെയില്‍വെ എന്നീ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ജോര്‍ജ് ഫെര്‍ണാണ്ടസ് കൊങ്കണ്‍ റെയില്‍വെ യാഥാര്‍ത്ഥ്യമാകുന്നതില്‍ മുഖ്യപങ്കുവഹിച്ച വ്യക്തികളിലൊരാള്‍ കൂടിയാണ്.

വാജ്‌പേയി സര്‍ക്കാറിലെ പ്രതിരോധമന്ത്രിയായിരുന്നു. ഫെര്‍ണാണ്ടസ് പ്രതിരോധ മന്ത്രിയായിരിക്കെയാണ് കാര്‍ഗില്‍ യുദ്ധമുണ്ടായത്. ശവപ്പെട്ടി കുംഭകോണക്കേസില്‍ ആരോപണവിധേയനായത് വലിയ ക്ഷീണമായി. സ്റ്റിംഗ് ഓപ്പറേഷനില്‍ കൈക്കൂലി ഇടപാടുമായി ബന്ധപ്പെട്ട ആരോപണത്തില്‍ രാജി വയ്‌ക്കേണ്ടി വന്നെങ്കിലും പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെത്തി. 2009ലെ 15-ാം ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍