ജനുവരിയിലാണ് സുല്‍ത്താന്‍ മുഹമ്മദ് രാജാവ് പദവിയൊഴിഞ്ഞത്. മലേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജാവ് സ്വയം സ്ഥാനമൊഴിഞ്ഞത്.
മലേഷ്യന്‍ മുന്‍ രാജാവായ സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന് റഷ്യക്കാരിയായ ഭാര്യയായ മുത്തലാഖിലൂടെ മൊഴി ചൊല്ലി. മുന്‍ മിസ് മോസ്കോ സൗന്ദര്യ മത്സര ജേതാവാണ് ഭാര്യ റിഹാന ഓക്സാന ഗോര്ബാറ്റെന്കോ. ഇവരുടെ വിവാഹ വാര്‍ത്ത പുറത്തുവന്നിട്ട് മാസങ്ങളേ ആയുള്ളൂ. ജൂണ്‍ 22നാണ് ശരി അത് നിയമപ്രകാരം മൂന്ന് തലാഖ് ചൊല്ലി സുല്‍ത്താന്‍ ഭാര്യ റിഹാനയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. സുല്‍ത്താന്റെ സിംഗപ്പൂര്‍ അഭിഭാഷകന് കോ ടിയെന്‍ ഹുവാ ആണ് ഇക്കാര്യം അറിയിച്ചത്. മലേഷ്യയിലെ കെലന്താനിലുള്ള ഇസ്ലാമിക കോടതി വിവാഹമോചനം ശരി വച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു.
അതേസമയം തനിക്ക് ഇതേക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും താന്‍ ഇപ്പോളും സുല്‍ത്താന്‍ മുഹമ്മദിന്റെ ഭാര്യയാണ് എന്നും പറയുന്ന റിഹാന, സുല്‍ത്താനും രണ്ട് മാസം പ്രായമുള്ള മകനുമൊപ്പമുള്ള ഫോട്ടാകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മേയിലാണ് റിഹാന ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ കുട്ടിയുടെ പിതാവ് സുല്‍ത്താന്‍ ആണെന്നതിന് യാതൊരു തെളിവുമില്ലെന്ന് സുല്‍ത്താന്റെ അഭിഭാഷകന് വാദിക്കുന്നു. രണ്ട് വര്‍ഷം മാത്രമാണ് മുഹമ്മദ് മലേഷ്യന്‍ രാജാവായിരുന്നത്. രാജാവ് മെഡിക്കല്‍ ലീവിലായിരിക്കെ ആയിരുന്നു ഇവരുടെ വിവാഹം എന്ന് പറയുന്നു.
ജനുവരിയിലാണ് സുല്‍ത്താന്‍ മുഹമ്മദ് രാജാവ് പദവിയൊഴിഞ്ഞത്. മലേഷ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജാവ് സ്വയം സ്ഥാനമൊഴിഞ്ഞത്. മലേഷ്യയിലെ പല കായിക സമിതികളുടേയും അധ്യക്ഷ പദവി വഹിക്കുന്നത് സുല്‍ത്താന്‍ മുഹമ്മദ് ആണ്. രാജാധികാരത്തിന് മലേഷ്യന്‍ ഭരണഘടന സാധുത നല്‍കിയിട്ടുണ്ടെങ്കിലും ജനാധിപത്യ ഭരണാധികാരികളെ പോലെ നിശ്ചിത കാലയളവ് കഴിഞ്ഞ രാജാവ് സ്ഥാനമൊഴിയണം എന്നാണ് നിയമം. എന്നാല്‍ സുല്‍ത്താന്‍ മുഹമ്മദ് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ രാജി വച്ചു.