UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുന്‍ നക്‌സല്‍ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ ടി എന്‍ ജോയ് അന്തരിച്ചു

ഫാസിസത്തിന്റെ ഇരകളോടൊപ്പം നില്‍ക്കുകയാണെന്ന്  പ്രഖ്യാപിച്ച് 2015 അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും മുന്‍കാല നക്സല്‍ നേതാവുമായ  ടി എന്‍ ജോയ് (നജ്മല്‍ ബാബു-71) അന്തരിച്ചു. ഇന്നലെ രാത്രി എട്ടോടെ കൊടുങ്ങല്ലൂര്‍ മെഡികെയര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. അവിഭക്ത സിപിഐ (എംഎല്‍) മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം. കൊടുങ്ങല്ലൂര്‍ സ്വദേശിയായ തൈവാലത്ത് നീലകണ്ഠ ദാസന്‍-ദേവയാനി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്.

1970കളില്‍ കേരളത്തില്‍ സജീവമായിരുന്ന നക്സല്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായും നേതൃസ്ഥാനം ഉള്‍പ്പെടെ വഹിച്ചിരുന്ന അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് തടവ് ശിക്ഷ നേരിട്ട വ്യക്തികളില്‍ ഒരാള്‍ കൂടിയാണ്. തടവില്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് ഇരയായിട്ടുള്ള അദ്ദേഹം അടിയന്തരാവസ്ഥ തടവുകാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചുവരികയായിരുന്നു.

ഇന്ത്യയിലെ മുസ്ലീം വിഭാഗങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ ചൂണ്ടിക്കാട്ടി ഫാസിസത്തിന്റെ ഇരകളോടൊപ്പം നില്‍ക്കുകയാണെന്ന്  പ്രഖ്യാപിച്ച് 2015 അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചതും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. തുടര്‍ന്നാണ് നജ്മല്‍ ബാബു എന്ന പേര് സ്വീകരിക്കുന്നത്. ജാതീയതക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ചയാണ് തന്റെ മതപരിവര്‍ത്തനമെന്നും ടി എന്‍ ജോയ് പ്രഖ്യാപിച്ചിരുന്നു. മതപരിവര്‍ത്തന വിവാദങ്ങള്‍ക്കിടെയായിരുന്നു ജോയ് ഇസ്ലാം മത പ്രവേശനം. കിസ് ഓഫ് ലൗ’ പരിപാടിയിലും സജീവമായിരുന്നു അദ്ദേഹം.

എഴുത്തുകാരന്‍ എന്ന നിലയിലും പ്രശസ്തനാണ് അദ്ദേഹം. സൂര്യഗാന്ധി ബുക്സ് എന്ന പേരില്‍ പ്രസിദ്ധീകരണം നടത്തി. ഗ്രാംഷിയുടെതുള്‍പ്പെടെ കൃതികള്‍ ആദ്യമായി മലയാളത്തിലിറക്കിയത് സൂര്യഗാന്ധി ബുക്സാണ്. സഹോദരന്‍ അയ്യപ്പന്റെ സഹോദര പ്രസ്ഥാനത്തില്‍ അംഗവും യുക്തിവാദിയുമായിരുന്ന അച്ഛന്‍ നീലകണ്ഠ ദാസന്‍ മകന്റെ മതം വെളിപ്പെടരുത് എന്ന ലക്ഷ്യത്തോടെ ജോയി എന്നു പേരിട്ടത്. സിപിഐ നേതാവായിരുന്ന ടിഎന്‍ കുമാരന്‍, ചരിത്രകാരനായിരുന്ന തൈവാലത്ത് ബാലകൃഷ്ണന്‍, ടിഎന്‍ വിമലാദേവി, ടിഎന്‍ സുശീലാദേവി എന്നിവരാണ് സഹോദരങ്ങള്‍.

ജോയിയുടെ മൃതദേഹം ഇന്ന് ഒമ്പത് മുതല്‍ കൊടുങ്ങല്ലൂര്‍ മേത്തല ഹെല്‍ത്ത് സെന്ററിലും ഉച്ചതിരിഞ്ഞ് മൂന്ന് മുതല്‍ പോലിസ് സ്റ്റേഷന്‍ മൈതാനത്തും പൊതുദര്‍ശനത്തിന് വയ്ക്കും. തന്റെ മൃതദേഹം കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാമസ്ജിദില്‍ കബറടക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് പള്ളിക്കമ്മിറ്റിക്കാര്‍ക്കു ടിഎന്‍ ജോയ് നേരത്തേ അപേക്ഷ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ഉള്ളിൽ കനലുള്ളവന് ഈ ഫാസിസ്റ്റ് കാലത്ത് നിശ്ശബ്ദനായിരിക്കാനാവില്ല; ജോയിച്ചേട്ടന്‍ എന്ന നജ്മല്‍ ബാബുക്കയെ ഓര്‍ക്കുമ്പോള്‍-സഫിയ ഫാത്തിമ എഴുതുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍