UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മരച്ചുവട്ടിലും പാറയിടുക്കിലും താമസം, വനവിഭവങ്ങൾ ഭക്ഷണം; 23 ദിവസം ഘോരവനത്തിൽ കഴിഞ്ഞ പ്ലസ്ടു വിദ്യാര്‍ഥിനിയും യുവാവും പിടിയിൽ

പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇവർ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിച്ചത്

വനത്തിനുള്ളിൽ 23 ദിവസം ഒളിവിൽ കഴിഞ്ഞ യുവാവിനെയും പ്ലസ്ടു വിദ്യാർഥിനിയെയും പൊലീസ് പിടികൂടി. കോട്ടയം മേലുകാവ് വൈലാറ്റിൽ അപ്പുക്കുട്ടൻ എന്ന ജോർജും(21) പതിനേഴുവയസ്സുകാരിയുമാണ് 23 ദിവസത്തെ വനവാസത്തിനുശേഷം പിടിയിലായത്. പോലീസും നാട്ടുകാരും ഇവർക്കുവേണ്ടി വനത്തിലും നാട്ടിലും തിരച്ചിൽ നടത്തിവരുന്നതിനിടെയാണ് ഇരുവരും പിടിയിലാവുന്നത്. കമുക്‌ കയറുന്ന ജോലിയുള്‍പ്പെടെ ചെയ്യുന്ന അപ്പുക്കുട്ടൻ കുമളി സ്വദേശിയായ പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും. ജനുവരി ആറിന് പള്ളിയിൽപോയ പെൺകുട്ടിയുമായി ഒളിച്ചോടുകയായിരുന്നു. കുമളി പോലീസ് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.

ഇതിനിടെ അപ്പുക്കുട്ടന്റെ വീടിനടുത്തുള്ള ഇലവീഴാപ്പൂഞ്ചിറയിലെ വനത്തിൽ ഇരുവരും ഒളിച്ചുകഴിയുന്നതായി പ്രദേശവാസികൾ തിരിച്ചറിഞ്ഞതോടെ കട്ടപ്പന ഡിവൈ.എസ്.പി.ക്കു കീഴിലെ സ്റ്റേഷനുകളിൽനിന്ന്‌ വലിയൊരു പോലീസ് സംഘവും നാട്ടുകാരും കമിതാക്കളെ തിരയാൻ ഇറങ്ങുകയായിരുന്നു. പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് ജില്ലാ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇവർ ഇലവീഴാപ്പൂഞ്ചിറ വനമേഖലയിലുള്ളതായി സ്ഥിരീകരിക്കുകയും ചെയ്തു.

ഇതിനിടെയാണ് ചൊവ്വാഴ്ച പുലർച്ചെ അഞ്ചരയോടെ ഇരുവരും പോലീസിന് മുൻപിൽപെടുകയായിരുന്നു. തലയിൽ ചാക്കുകെട്ടുമായി വനത്തിൽനിന്ന് തൊടുപുഴ- പുളിയൻമല സംസ്ഥാന പാതയിലെ കോളപ്ര ഭാഗത്തേക്ക് പോവുകയായിരുന്നു ഇരുവരും. പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെടാനും ഇരുവരും ശ്രമം നടത്തി. രണ്ട് ദിക്കിലേക്കാണ് ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതിനിടെ രക്ഷപ്പെട്ട പെൺകുട്ടി ഓടിത്തളർന്ന് ശരംകുത്തിയിലെ ഒരു വീട്ടിലെത്തി വാതിലിൽ മുട്ടിവിളിച്ച് കുടിവെള്ളം ആവശ്യപ്പെടുകയായിരുന്നു. തീർത്തും അവശനിലയിലായിരുന്ന കുട്ടിക്ക് വീട്ടുകാർ ഭക്ഷണവും വെള്ളവും നൽകി വിശ്രമിക്കാൻ സൗകര്യം ചെയ്തുകൊടുത്തു. വിവരമറിഞ്ഞെത്തിയ നാട്ടുകാർ പെൺകുട്ടിയെ പോലീസിന് കൈമാറുകയായിരുന്നു.

കുടയത്തൂർവഴി ആനക്കയത്തേക്ക് ഓടിയ യുവാവിനെയും നാട്ടുകാർ പിന്തുടർന്നു പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. ഇലവീഴ് പൂഞ്ചോല വന പ്രദേശത്തെ കുറിച്ച് വ്യക്തമായി ധാരണയുള്ള വ്യക്തിയാണ് യുവാവ്. വനത്തിലെ മാങ്ങയും നാളികേരവും കഴിച്ച് വിശപ്പടക്കി പാറയിലും മരച്ചുവട്ടിലുമായാണ് ഇരുവരും കഴിഞ്ഞിരുന്നത്.  വനത്തിനുള്ളിൽ ആഹാരം പാചകം ചെയ്യാൻ ഉപയോഗിച്ച അടുപ്പും പാത്രങ്ങളും ഇവരുടെ വസ്ത്രങ്ങളും പെൺകുട്ടിയുടെ ബാഗും അന്വേഷണ സംഘം കണ്ടെത്തി.

അതേസമയം, പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാർ ഹേബിയസ് കോർപ്പസ് ഹർജി നൽകിയിരുന്നതിനാൽ ഇരുവരെയും ഇന്നലെ ഹൈക്കോടതിയിൽ ഹാജരാക്കി. പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കു വിധേയമാക്കിയ ശേഷമാണ് ഹൈക്കോടതിയിൽ ഹാജരാക്കിയത്. ബന്ധുക്കൾ ഏറ്റെടുക്കാൻ തയാറാകാത്തതിനെ തുടർന്നു ഇന്നു പീരുമേട് കോടതിയിൽ ഹാജരാക്കും. കട്ടപ്പനയിൽനിന്നെത്തിയ പോലീസ് യുവാവിനെ പീരുമേട്ടിലേക്ക് കൊണ്ടുപോയി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍