UPDATES

യാത്ര

ഗോവയില്‍ കടലിലിറങ്ങുന്നതിന് വിലക്ക്

കടല്‍ പ്രക്ഷുബ്ധമാണെന്നും കടലില്‍ ഇറങ്ങരുതെന്നുമുള്ള മുന്നറിയിപ്പ് വകവയ്ക്കാതെ കടലില്‍ ഇറങ്ങിയ സംഘമാണ് ആപകടത്തില്‍പ്പെട്ടത്

ഗോവയില്‍ കടലിലിറങ്ങുന്നതിന് വിലക്ക്. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ താല്‍ക്കാലികമായാണ് വിലക്ക്. കാലവര്‍ഷം തുടങ്ങുമ്പോള്‍ പണ്ട് മുതല്‍ ഇത്തരത്തില്‍ വിലക്കേര്‍പ്പെടുത്താറുണ്ട്. കഴിഞ്ഞ ദിവസവും ഈ വിലക്ക് ലംഘിച്ച് കടലിലിറങ്ങിയ മൂന്ന് പേര്‍ മരിച്ചിരുന്നു.

കലാന്‍ഗുട്ട് ബീച്ചില്‍ പോലീസ് കോണ്‍സ്റ്റബിളും സഹോദരനും ഉള്‍പ്പെടെ മൂന്നു പേരാണ് ഇന്നലെ മുങ്ങിമരിച്ചത്. മഹാരാഷ്ട്രയിലെ അകോലയില്‍ നിന്നെത്തിയ വിനോദസഞ്ചാരി സംഘത്തിലെ പ്രിതെഷ് ലങ്കേശ്വര്‍ നന്ദ ഗാവ്‌ലി, ചേതന്‍ ലങ്കേശ്വര്‍ നന്ദ ഗാവ്‌ലി, ഉജ്വല്‍ വക്കോഡ് എന്നിവരാണ് മരിച്ചത്. കടല്‍ പ്രക്ഷുബ്ധമാണെന്നും കടലില്‍ ഇറങ്ങരുതെന്നുമുള്ള മുന്നറിയിപ്പ് വകവയ്ക്കാതെയാണ് ഇവര്‍ കടലില്‍ ഇറങ്ങിയത്. അഞ്ചുപേര്‍ ശക്തമായ അടിയൊഴുക്കില്‍ പെട്ടുവെങ്കിലും രണ്ടുപേര്‍ നീന്തി രക്ഷപ്പെടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. മൂന്നു മൃതദേഹങ്ങള്‍ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തി. മഹാരാഷ്ട്ര പൊലീസ് സേനയിലെ കോണ്‍സ്റ്റബിളാണ് മരിച്ച പ്രിതെഷ് ഗാവ്‌ലി.

അകോലയില്‍ നിന്നുള്ള 14 പേരടങ്ങിയ ഒരു ടൂറിസ്റ്റ് സംഘം പുലര്‍ച്ചെ നാലുമണിക്കാണ് ഗോവയിലെത്തിയത്. തുടര്‍ന്ന് 6 മണിയോടെ അവര്‍ പനാജിയില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള കലാന്‍ഗുട്ട് ബീച്ചിലെത്തുകയായിരുന്നു.

കാലവര്‍ഷം ശക്തമായതോടെ ജൂണ്‍ ഒന്നു മുതല്‍ നാലു മാസത്തേക്ക് കടലില്‍ പോകരുതെന്ന് ഗോവ സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശമുണ്ട്. മത്സ്യബന്ധനവും നിരോധിച്ചിരിക്കുകയാണ്. മുന്‍കരുതലെന്നോണം എല്ലാ വര്‍ഷവും ജൂണ്‍ മുതല്‍ ആഗസ്ത് വരെയുള്ള മണ്‍സൂണ്‍ മാസങ്ങളില്‍ ബീച്ചിലെ നീന്തല്‍, വാട്ടര്‍ സ്‌പോര്‍ട്‌സ് പരിപാടികള്‍ എന്നിവക്കെല്ലാം താല്‍ക്കാലികമായി സംസ്ഥാന സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്താറുണ്ട്.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍