UPDATES

നിയമോൾക്കൊപ്പം സർക്കാരുണ്ട്; ശ്രവണ സഹായി ആരോഗ്യമന്ത്രി നേരിട്ടെത്തി കൈമാറി

സഹായവാഗ്ദാനവുമായി നിരവധി പേരെത്തിയെങ്കിലും ഉടൻ ‍വാങ്ങിനൽകുമെന്ന ഉറപ്പ് ആരിൽനിന്നും ലഭിക്കാതായതോടെയാണ് സർക്കാർ തന്നെ വാങ്ങി നൽകാൻ തീരുമാനിച്ചത്. 

ട്രെയിൻ യാത്രക്കിടെ മോഷണം പോയ ശ്രവണ സഹായിക്കു പകരം രണ്ടുവയസ്സുകാരി നിയശ്രീയ്ക്ക് മറ്റൊരെണ്ണം വാങ്ങി നൽകി സര്‍ക്കാർ. ആരോഗ്യമന്ത്രി കെ.കെ.ശൈലജ നേരിട്ടെത്തിയാണ്  ശ്രവണ സഹായി കൈമാറിയത്. അഞ്ച് ലക്ഷത്തോളം രൂപ വില വരുന്ന ഉപകരണമാണ് ചാലക്കുന്നിലെ അമ്മയുടെ വീട്ടിലെത്തി ആരോഗ്യമന്ത്രി നല്‍കിയത്.

സാമൂഹ്യസുരക്ഷാ മിഷന്റെ വീ ഹെൽപ് പദ്ധതി വഴി നിയശ്രീക്ക് സ്പീച്ച് പ്രൊസർ നൽകാൻ കഴിയുമോ എന്നു പരിശോധിക്കാൻ മിഷന്റെ എക്സിക്യുട്ടീവ് ഡയറക്ടർ ഡോ.മുഹമ്മദ് അഷീൽ വാർത്ത പുറത്തുവന്ന ഉടനെ തന്നെ നിർദേശിച്ചിരുന്നു. വ്യക്തികളോ സംഘടനകളോ വാങ്ങി നൽകാൻ തയാറാവുകയോ തിരിച്ചുകിട്ടുകയോ ചെയ്താല്‍ മറ്റൊരു കുട്ടിക്ക് ഈ തുക പ്രയോജനപ്പെടുത്തമല്ലോ എന്നതായിരുന്നു രണ്ട് ദിവസത്തെ കാത്തിരിപ്പിന് കാരണമായത്. സഹായവാഗ്ദാനവുമായി നിരവധി പേരെത്തിയെങ്കിലും ഉടൻ ‍വാങ്ങിനൽകുമെന്ന ഉറപ്പ് ആരിൽനിന്നും ലഭിക്കാതായതോടെയാണ് സർക്കാർ തന്നെ വാങ്ങി നൽകാൻ തീരുമാനിച്ചത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഇന്നലെ നിയയുടെ കുടുംബവുമായി സംസാരിച്ചിരുന്നു. ഡൽഹിയിൽ ഉള്ള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിയമോളുടെ അച്ഛൻ രാജേഷുമായി ഫോണിൽ സംസാരിച്ചു.  കേരളത്തിൽ എത്തിയാൽ നിയമോളെ വിളിക്കുമെന്നും ആവശ്യമായ സഹായങ്ങൾ ചെയ്ത് തരാമെന്നും ഉമ്മൻ ചാണ്ടി അറിയിച്ചിരുന്നു.

കണ്ണൂർ പെരളശ്ശേരി കെപി രാജേഷിനെയും അജിതയുടെയും മകളാണ് നിയശ്രീ. ദിവസക്കൂലിക്കാരായ ഈ കുടുംബം വളരെ കഷ്ടപ്പെട്ടാണ് ചികിത്സ നടത്തിയത്. ഉപകരണം രണ്ടാമത് ഒരിക്കൽ കൂടി അഞ്ച് ലക്ഷം രൂപ കൊടുത്ത് വാങ്ങിക്കുന്ന കാര്യം ഈ കുടുംബത്തിന് ചിന്തിക്കാൻ പോലുമാകുന്നതായിരുന്നില്ല. ജന്മനാ കേൾവി ശക്തിയില്ലാതിരുന്ന നിയശ്രീക്ക് മൂന്നു മാസം മുൻപാണ് ധാരാളം പൈസ മുടക്കി ചികിത്സ നടത്തി കേൾവിശക്തി കിട്ടിയത്. ലോകത്തെ കേട്ട് തുടങ്ങിയതോടെ അവൾ പതുക്കെ സംസാരിക്കാനും തുടങ്ങിയതാണ്. ആ ആനന്ദമാണ് ഫെബ്രുവരി 2നു നടന്ന മോഷണത്തോടെ ഇല്ലാതായത്. എഗ്മോർ എക്സ്പ്രസിന്റെ ലേഡീസ് കംപാർട്മെന്റിൽ യാത്ര ചെയ്യുന്നതിനിടെയാണ് സ്പീച്ച് പ്രൊസസർ മോഷണം പോയത്.

“അത് ഞങ്ങളുടെ മകൾ കേട്ടിരുന്ന ശബ്ദമായിരുന്നു..” കണ്ടു കിട്ടുന്നവർ ഈ നമ്പറിലേക്ക് വിളിക്കണേ,പ്ലീസ്: 9847746711

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍