UPDATES

കേരളം

അൺ എയ്ഡഡ് മേഖലയിൽ അഞ്ചുവർഷത്തിലൊരിക്കൽ ശമ്പളപരിഷ്‌കരണം; വേതനം ഇനി സർക്കാർ നിശ്ചയിക്കും

അഞ്ചുവർഷത്തിലൊരിക്കൽ ശമ്പളപരിഷ്‌കരണം ഉൾപ്പെടെ അൺ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാർക്ക് ആശ്വാസം നൽകുന്ന തീരുമാനങ്ങളുമായി സർക്കാർ നിയമ നിർമാണത്തിന്. അൺ എയ്ഡഡ് സ്കൂൾ മേഖലയിലെ ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ സർക്കാർ നിശ്ചയിക്കുന്ന ബില്ലിന് പൊതുവിദ്യാഭ്യാസവകുപ്പ് രൂപംനൽകിയതായി മാതൃഭുമി റിപ്പോർട്ട് ചെയ്യുന്നു.

മിനിമം വേതനമുൾപ്പെടെയുള്ള ഇക്കാര്യങ്ങൾ പരിശോധിക്കുന്നതിനായി സർക്കാർ കമ്മിറ്റിയെ നിയോഗിക്കുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. സർക്കാർ നിർദേശിക്കുന്ന വേതന വ്യവസ്ഥ പാലിക്കാത്ത മാനേജുമെന്റുകൾ വ്യത്യാസംവന്ന തുകയുടെ പത്തിരട്ടി നഷ്ടപരിഹാരം നൽകേണ്ടിവരും. ഈ തുക നൽകിയില്ലെങ്കിൽ ഭൂവിനത്തിലുള്ള കുടിശ്ശികയായി കണക്കാക്കി ഈടാക്കാൻ കളക്ടർമാരെ അധികാരപ്പെടുത്തുന്ന വ്യവസ്ഥ ബില്ലിലുണ്ട്. കൂടാതെ 25,000 രൂപവരെ സർക്കാരിലേക്കും പിഴയടയ്ക്കണം.

പ്രൈമറിമുതൽ ഹയർ സെക്കൻഡറിവരെ സർക്കാർ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്ക് ബാധകമാകുംവിധമാണ് പുതിയ ‘അംഗീകൃത സ്വാശ്രയ സ്കൂളുകളിലെ വേതനവും ബത്തയും നിശ്ചയിക്കൽ ബിൽ’. നേരത്തെ അൺ എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ, അനധ്യാപകർ, മറ്റുജീവനക്കാർ എന്നിവരെ തൊഴിലാളിയായോ ജീവനക്കാരനായോ അംഗീകരിച്ചിരുന്നില്ല. പുതിയ ബില്ലോട് ഈ മേഖലയില്‍ കാതലായ മാറ്റം വരുമെന്നും മാതൃഭുമി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സർക്കാർ നിശ്ചയിക്കുന്ന സ്കെയിലിനെക്കാൾ കുറഞ്ഞ നിരക്കിൽ ജോലിചെയ്യാമെന്ന് ജീവനക്കാരനുമായി മാനേജ്‌മെന്റ് കരാറിലേർപ്പെട്ടാൽ കരാർ നിലനിൽക്കില്ല. എന്നാൽ, കൂടുതൽ ശമ്പളം നൽകാൻ തടസ്സമില്ല.

ശമ്പളം നിശ്ചയിക്കാനുള്ള കമ്മിറ്റിയിൽ തൊഴിലുടമകൾ, അധ്യാപകർ, ജീവനക്കാർ എന്നിവരുടെ പ്രതിനിധികൾ എന്നിവർക്ക് പുറമെ സ്വതന്ത്ര അംഗം ചെയർമാനാവും. കമ്മിറ്റിയുടെ മൂന്നിൽ മൂന്നിലൊന്ന് സ്വതന്ത്ര അംഗങ്ങളുമുണ്ടാകും. അടിസ്ഥാന ശമ്പള സ്കെയിലും ജീവിതവിലസൂചികയിൽ വരുന്ന വ്യത്യാസവും പരിഗണിച്ച് ബത്തയും കമ്മിറ്റി നിശ്ചയിക്കും. അധ്യാപകർ, അനധ്യാപകർ, ജീവനക്കാർ എന്നിവരെ പ്രത്യേകം വിഭാഗമായി തിരിച്ചാകും ശമ്പളം നിശ്ചയിക്കുക. ശമ്പളം വിജ്ഞാപനം ചെയ്താൽ മൂന്നുമാസത്തിനകം നടപ്പാക്കണം. മാനേജ്‌മെന്റിനും ജീവനക്കാർക്കും കമ്മിറ്റി മുമ്പാകെ നിർദേശങ്ങൾ സമർപ്പിക്കാൻ 60 ദിവസം നൽകണമെന്നും പുതിയ ബിൽ വ്യവസ്ഥ ചെയ്യുന്നു. ഇതിന് പുറമെ ശമ്പളം സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ സർക്കാർ വഴിയൊരുക്കണമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. ആറുമാസത്തിനുള്ളിൽ പരാതി നൽകണം. അല്ലെങ്കിൽ പരാതി വൈകിയതിന് മതിയായ കാരണം ബോധിപ്പിക്കേണ്ടിയും വരും.

എന്നാൽ, മാനേജ്മെന്റുകളെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകകളും ബില്ലിൽ പറയുന്നുണ്ട്. മാനേജ്‌മെന്റിനോടുള്ള വിദ്വേഷത്തിന്റെ ഫലമായി ജീവനക്കാരൻ വ്യാജപരാതി നൽകിയതാണെങ്കിൽ 10,000 രൂപ അയാളിൽനിന്ന് ഇടാക്കും.

ALSO READ- സര്‍ഫാസി നിയമം വീണ്ടും വില്ലനായി; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്നും ദളിത് കുടുംബത്തെ വഴിയിലിറക്കി വിട്ട് സ്വകാര്യ ബാങ്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍