ലേഖനം സംബന്ധിച്ച പശ്‌നങ്ങളാണ് രമേശന്റെ രാജിക്ക് പിന്നിലെന്നുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ലൈബ്രറി കൗണ്‍സില്‍ അധ്യക്ഷന്‍ കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു.
കേരള സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥലോകം എഡിറ്റര്‍ സ്ഥാനത്തു നിന്നും എസ് രമേശന്‍ രാജിവച്ചു. സ്വദേശാഭിമാനി രാമകൃഷണപ്പിള്ളക്കെതിരെ രചനാ ചോരണം അരോപിച്ച് ഗ്രന്ഥലോകത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തെ അപലപിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് പാര്‍ട്ടി ആവശ്യപ്രകാരമാണ് രാജിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എസ് ഹരീഷിന്റെ മീശയെന്ന നോവലിനെതിരേ സംഘപരിവാര്‍ ഉയര്‍ത്തിയ ഭീഷണിയില്‍ എഴുത്തുകാരന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച സിപിഎം നടപടിക്ക് പിറകെയാണ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ എസ് രമേശന്റെ രാജി. കഴിഞ്ഞ ജൂലൈ 24 നാണ് സ്വകാര്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രമേശന്‍ രാജി സമര്‍പ്പിച്ചത്. എന്നാല്‍ രാജി പാര്‍ട്ടി നിര്‍ദേശ പ്രകാരമാണെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
തീര്‍ത്തും സ്വകാര്യമായ കാരണങ്ങളാല്‍ രാജി വയ്ക്കുന്നു, മറ്റൊന്നും പറയാനില്ല, ഇതായിരുന്നു രാജിയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ഗ്രന്ഥലോകത്തിന്റെ ജനുവരി ലക്കത്തില്‍ പ്രസിദ്ധീകരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ കവര്‍ സ്റ്റോറിയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്.
1912 ല്‍ ലാലാ ഹാര്‍ ദയാല്‍ കാറല്‍ മാര്‍ക്‌സിനെക്കുറിച്ചെഴുതിയ ലേഖനത്തിന്റെ തര്‍ജ്ജമയെ കുറിച്ചായിരുന്നു രാമചന്ദ്രന്റെ ലേഖനം. എന്നാല്‍ രേഖകള്‍ പ്രകാരം സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെതാണ് മാര്‍ക്‌സിനെ കുറിച്ചുള്ള ആദ്യ ലേഖനം. എന്നാല്‍ ദയാല്‍ എഴുതിയ കാറല്‍ മാര്‍ക്: എ മോഡേണ്‍ ഋഷി എന്ന ലേഖനത്തിന് ശേഷം നാലു മാസങ്ങള്‍ക്ക് ശേഷമാണ് സ്വദേശാഭിമാനിയുടെ മാര്‍ക്‌സിനെ കുറിച്ചുള്ള ലേഖനം പുറത്തുവരുന്നതെന്നും രാമചന്ദ്രന്‍ ലേഖനത്തില്‍ പറഞ്ഞിരുന്നു. പിള്ളയുടെ ലേഖനത്തില്‍ ദയാലിന്റെ ലേഖനത്തിന്റെ പലഭാഗങ്ങള്‍ ഉണ്ടെന്നും കുറിപ്പ് രാമചന്ദ്രന്‍ ആരോപിക്കുന്നു.
എന്നാല്‍, സ്വദേശാഭിമാനിയുടെ ലേഖനം 1907 ല്‍ പ്രസിദ്ധീകരിച്ചതാണെന്നാണ് സിപിഎം നേതാവ് പീരപ്പന്‍ കോട് മുരളിയുടെ പ്രതികരണം. ലേഖനം സംബന്ധിച്ച പ്രശ്‌നങ്ങളാണ് രമേശന്റെ രാജിക്ക് പിന്നിലെന്നുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ലൈബ്രറി കൗണ്‍സില്‍ അധ്യക്ഷന്‍ കെ. കുഞ്ഞികൃഷ്ണന്‍ പ്രതികരിച്ചു. ആരോഗ്യ കാരണങ്ങളാണ് രമേശന്റെ രാജിക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.