UPDATES

വാര്‍ത്തകള്‍

ആദായ നികുതി വകുപ്പ് ബിജെപിക്ക് വേണ്ടി പ്രവർത്തിക്കുന്നു; പ്രതിരോധത്തിന് മമതയുടെ വഴി സ്വീകരിക്കേണ്ടി വരും: എച്ച് ഡി കുമാരസ്വാമി

ചരിത്രത്തിൽ മുൻപില്ലാത്ത വിധത്തിലാണ് സ്വതന്ത്ര സംവിധാനങ്ങളെ പ്രധാനമന്ത്രി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

കർണാടകയിലെ ആദായ നികുതി വകുപ്പ് ബിജെപിക്കായി പ്രവർത്തിക്കുകയാണെന്ന ഗരുതര ആരോപണവുമായി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കർണാടകത്തിലെ കോൺഗ്രസ്‌, ജെഡിഎസ് നേതാക്കളുടെ വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്താൻ പദ്ധതിയിടുകയാണ്. ഇന്ന് പുലർച്ചെ മുതൽ ഇത്തരം പരിശോധനകൾക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

വ്യാപക പരിശോധനയാണ് ആദായ നികുതി വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. ഉദ്യോഗസ്ഥർക്കായി ബെംഗളൂരു വിമാനത്താവളത്തിൽ വാഹനങ്ങൾ തയ്യാറാക്കി നിർത്തിയിരിക്കുന്നു.
സംസ്ഥാനത്തെ ആദായ നികുതി വകുപ്പ് മേധാവി ബിജെപിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, പകപോക്കൽ നടപടികളുടെ ഭാഗമായി ആദായ നികുതി വകുപ്പിനെ ഉപയോഗിച്ചാൽ പ്രതിരോധിക്കാൻ മമതാ ബാനർജി ഉപയോഗിച്ച പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടിവരുമെന്നും കുമാരസ്വാമി മുന്നറിയിപ്പ് നൽകി. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. രാഷ്ട്രീയ വേട്ടയാടലാണ് കേന്ദ്രം നടപ്പാക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ആദായ നികുതി വകുപ്പ്, സിബിഐ, എൻഫോഴ്സ്മെന്റെ് ഡിപ്പാർട്ട്മെന്റ്, എന്നിവ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ മുൻപില്ലാത്ത വിധത്തിലാണ് സ്വതന്ത്ര സംവിധാനങ്ങളെ പ്രധാനമന്ത്രി രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ട്വിറ്ററിലായിരുന്നു ആരോപണം. അതേസമയം ആരോപണങ്ങളോട് പ്രതികരിക്കാൻ ആദായ നികുതി വകുപ്പ് ഇതുവരെ തയ്യാറായിട്ടില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍