UPDATES

ശിശുമരണ നിരക്ക്: കേരളം നേടിയത് 2030ൽ രാജ്യം ലക്ഷ്യമിടുന്ന പുരോഗതി

ആരോഗ്യ സൂചിക റിപ്പോർട്ടിൽ 74.01 പോയിന്റുമായി കേരളമാണ് ഒന്നാം സ്ഥാനത്ത്.

നീതി ആയോഗിന്റെ ആരോഗ്യ റാങ്കിങ് റിപ്പോർട്ട് പൂറത്ത് വരുമ്പോൾ കേരളം സ്വന്തമാക്കുന്നത് അപൂർവ നേട്ടമെന്ന് കണക്കുകൾ. ശിശുമരണ നിരക്കിൽ രാജ്യം 2030ൽ ലക്ഷ്യമിടുന്ന പുരോഗതിയാണ് കേരളം പത്ത് വർഷം മുൻപ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശിശുമരണങ്ങൾ അപൂർവമെന്ന് തന്നെ പറയാവുന്ന തരത്തിലാണ് കേരളത്തിലെ കണക്കുകൾ. വികസിത രാജ്യങ്ങളിലെ സൂചികയ്ക്ക് സമാനമാണിത്. കേരളത്തിന് തൊട്ട് പിന്നിൽ അയൽ സംസ്ഥാനമായ തമിഴ്നാടും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ശിശുമരണനിരക്കിലെ ബെയ്സ് വർഷത്തിലും ആക്ച്വൽ വാല്യു കേരളത്തിൽ 6 ആണ്. റഫറൻസ് വർഷത്തിലെ വാല്യൂവും 6 തന്നെ. തമിഴ്നാട്ടിൽ ഇത് 14 ആണ്. അതിനാൽ ശിശുമരണ നിരക്കിൽ വർധനവ് വന്നിട്ടില്ലെന്ന് കണക്ക് ചൂണ്ടിക്കാട്ടുന്നു.

ആരോഗ്യ സൂചിക റിപ്പോർട്ടിൽ 74.01 പോയിന്റുമായി കേരളമാണ് ഒന്നാം സ്ഥാനത്ത്. ഏറ്റവും പിന്നിൽ ഉത്തർപ്രദേശ് (28.61 മാർക്ക്). ആരോഗ്യസൂചികയുടെ ആദ്യപതിപ്പിലും കേരളമായിരുന്നു മുൻപിൽ. ആരോഗ്യ റാങ്കിങ്ങിൽ വീണ്ടും ഒന്നാമതെത്തിയത് സംസ്ഥാനം നടത്തുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. നിപ്പ വൈറസ് ബാധ, പ്രളയം, ഓഖി എന്നീ സമയങ്ങളില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണെന്നു മന്ത്രി ഓർമപ്പെടുത്തി.

എന്നാൽ, ആരോഗ്യ സൂചികയിൽ ഏറ്റവും മുകളിൽ നില്‍ക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾ തങ്ങൾ നിൽക്കുന്നിടത്തു നിന്നുള്ള വർധന സൂചികകളിൽ പ്രകടിപ്പിക്കുന്നതിൽ പ്രതിസന്ധി നേരിടുന്നുണ്ട്. രാജ്യത്തെ ആരോഗ്യരംഗത്തെ പ്രധാന പ്രശ്നങ്ങളിലൊന്നായ ബാലമരണങ്ങൾ, ശിശുമരണങ്ങൾ തുടങ്ങിയവയിൽ രാജ്യാന്തര നിലവാരമുള്ള പ്രകടനത്തിലേക്കെത്തിയ കേരളം ഇനി വൻ മുന്നേറ്റങ്ങൾ നടത്തിയാൽ മാത്രമേ സൂചികയിൽ മാറ്റമുണ്ടാക്കാനാകൂ എന്ന നിലയുണ്ട്.

ഇക്കാരണത്താൽ തന്നെ ഇൻക്രിമെന്റൽ പ്രോഗ്രസ്സിന്റെ കാര്യത്തിൽ കേരളം സൂചികയിൽ താഴെയാണുള്ളത്. അടിസ്ഥാന വർഷവുമായി താരതമ്യം ചെയ്യുമ്പോൾ റഫറൻസ് ഇയറിലെ പ്രകടനം ഏറ്റവും മോശമായ സംസ്ഥാനം കേരളമാകുന്നതിന് കാരണവും ഇതാണ്. ഇൻക്രിമെന്റൽ പ്രോഗ്രസ്സ് ഏറ്റവും ഉയർന്ന നിലയിൽ രേഖപ്പെടുത്തിയ സംസ്ഥാനം ജാർഖണ്ഡാണ്. സംസ്ഥാനത്തെ ആരോഗ്യരംഗം ഏറെ മോശമായ നിലയിലാണ് എന്നതിനാൽ മുന്നേറ്റത്തിനുള്ള സാധ്യതയും അതിനുള്ള സാമഗ്രികളുടെ ലഭ്യതയും അധികമാണ്.

അതേസമയം, നവജാത ശിശുക്കളുടെ ആൺ–പെൺ അനുപാതത്തിൽ കേരളം പിന്നോട്ടു പോയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 1000 ആൺകുട്ടികൾക്ക് കേരളത്തിൽ ഇത് 959 പെൺകുട്ടികൾ എന്നതാണ് കണക്ക്. എന്നാൽ ഒന്നാം സ്ഥാനത്തുള്ള ഛത്തീസ്ഗഡിൽ ഇത് 1000 ആൺകുട്ടികൾക്ക് 963 പെൺകുട്ടികൾ എന്ന തോത് രേഖപ്പെട്ടുത്തുന്നു. 2015–16ൽ കേരളത്തിൽ 967, ഛത്തീസ്ഗഡിൽ 961മായിരുന്നു. എന്നാൽ പെൺകുട്ടികളുടെ ജനനനിരക്ക് 950ൽ കൂടുതലുള്ളത് ഈ രണ്ടു സംസ്ഥാനങ്ങളിൽ മാത്രമാണ്.

വലിയ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയ കേരളം മൊത്തത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് എത്രയോ മുന്നിലാണ്. എന്നാല്‍ ഫസ്റ്റ് റഫറൽ യൂണിറ്റുകളുടെ അനുപാതത്തിൽ കേരളം പിന്നോട്ടാണ്. മറ്റു പല സംസ്ഥാനങ്ങളും ഇതിൽ പുരോഗതിയുണ്ടാക്കി.

23 സൂചികകൾ അടിസ്ഥാനമാക്കിയാണ് ആരോഗ്യ റാങ്കിങ് തയാറാക്കിയതെന്ന് നിതി ആയോഗ് ഉപാധ്യക്ഷൻ ഡോ. രാജീവ് കുമാർ, സിഇഒ അമിതാഭ് കാന്ത് എന്നിവർ പറഞ്ഞു. അരോഗ്യ രംഗത്തെ പുരോഗതി വർധിപ്പിക്കാൻ ജിഡിപിയുടെ 2.5% ആരോഗ്യരംഗത്ത് ചെലവിടാൻ കേന്ദ്രം തയാറാകണമെന്ന് നിതി ആയോഗ് അംഗം വിനോദ് കുമാർ പോൾ നിർദേശിച്ചു. സംസ്ഥാന സർക്കാരുകൾ ആരോഗ്യമേഖലയിൽ ബജറ്റ് വിഹിതമായി നീക്കിവയിക്കുന്നത് ശരാശരി 4.7 ശതമാനമാണ്, ഇത് 8 ശതമാനമാക്കണമെന്നും നീതി ആയോഗ് നിർദേശിക്കുന്നു.

 

പ്രസവാവധി കഴിഞ്ഞു വന്നപ്പോള്‍ അധ്യാപികയ്ക്ക് ജോലിയില്ല, പിന്നില്‍ പിടിഎ പ്രസിഡന്റിന്റെ അപവാദപ്രചരണം; പോലീസ് കേസെടുത്തു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍