UPDATES

പ്രളയം 2019

കനത്തമഴ: വടക്കൻ കേരളത്തിൽ വന്‍ നാശം, ഒരു മരണം, ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വീടിന് മുകളിലേക്ക് മരം വീണാണ് അപകടം സംഭവിച്ചത്. ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്. 

സംസ്ഥാനത്ത് കനത്ത നാശം വിതച്ച് കാലവർഷം ശക്തമായതിന് പിന്നാലെ ഒരു മരണം. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണാണ് അപകടം സംഭവിച്ചത്. ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്.  വീടിനുള്ള ഉറങ്ങി കിടക്കുന്നതിനിടെയാണ് മരം വീണ് അപകടമുണ്ടായത്. കാരയുടെ ഭാര്യ മാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

അട്ടപ്പാടിയിൽ ശക്തമായ കാറ്റും മഴയും തുടരുന്ന പശ്ചാത്തലത്തില്‍ അട്ടപ്പാടിയിലെ അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലെ അംഗൻവാടി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധിയുള്‍പ്പെടെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി അപകടം ഉണ്ടായത്. ഷോളയൂർ ഉൾപ്പെടെ ഉള്ള മേഖലയിൽ ഇന്നലെ രാത്രിയും കനത്ത മഴയാണ് അനുഭവപ്പെട്ടത്. മഴ കനത്തതോടെ ജില്ലയിൽ വ്യാപക നാശ നഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെ തകർന്നതിനെതുടർന്ന് പലയിടത്തും വൈദ്യുതി തകരാറിലായിക്കിടക്കുകയാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ ഉൾപ്പെടെ തടസപ്പെട്ട വൈദ്യുതി ബന്ധം പുനസ്ഥാപിക്കാൻ ദിവസങ്ങളെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

മഴ ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസർകോട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് വ്യാഴാഴ്ച അവധി. മലപ്പുറം,കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയെത്തുടർന്ന് ഇന്ന് രാവിലെയാണ് കാസർകോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ ഇന്ന് അവധി നൽകിയത്.

വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാണ് മഴ കനത്ത നാശം വിതച്ചിട്ടുള്ളത്. വയനാട്ടില്‍ അഞ്ച് ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. ·91 കുടുംബങ്ങളിലെ 399 പേരെ ക്യാംപുകളിലേക്ക് മാറ്റി. കയറാന്‍ ഇടയാക്കി. മേപ്പാടി പുത്തുമലയിലുണ്ടായ മണ്ണിടച്ചിലിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു. ആളപായമില്ല. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയതോടെ റോഡ് ഗതാഗതവും സ്തംഭിച്ചു. വൈദ്യുതി ബന്ധം താറുമാറായി. വയനാട് കുറിച്യാർ മല മേൽമുറിയിൽ കഴിഞ്ഞതവണ ഉരുൾപ്പൊട്ടലുണ്ടായ ഭാഗത്ത് ഇന്നും കനത്ത മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കുറിച്യാർ മല എസ്റ്റേറ്റിലെ 10 കുടുംബങ്ങളെ എസ്റ്റേറ്റിന്റെ തന്നെ ഹോസ്പിറ്റലിലേക്ക് താത്കാലികമായി മാറ്റി പാർപ്പിക്കും.

ശക്തമായ കാറ്റും മഴയും, വ്യാപകനാശനഷ്ടം, ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കണ്ണൂരിന്റെ മലയോരമേഖലകളിലും മഴ ശക്തമായിരുന്നു. കൊട്ടിയൂരിലും ഉരുൾ പൊട്ടിയതായി റിപ്പോർട്ടുകളുണ്ട്. കൊട്ടിയൂരിൽ രൂപം കൊണ്ട ചുഴലിക്കാറ്റിൽ സ്കൂളി‍ന്റെ മേൽക്കൂര പറന്ന് പോയി. ഇരിട്ടി ടൗണുൾപ്പെടെയുള്ള ഭാഗങ്ങളിൽ വെള്ളം കയറിയ നിലയിലാണ്. കണ്ണൂരിന്റെ മലയോര പ്രദേശങ്ങളായ ചെങ്ങളായി മലപ്പട്ടം കാഞ്ഞിലേരി എന്നിവിടങ്ങൾക്ക് പുറമെ ശ്രീകണ്ഠാപുരത്തും വെള്ളംകയറി. കര്‍ണാടകയിലെ ഉള്‍വനങ്ങളിലും കനത്ത മഴ പെയ്തതും, ഉരുള്‍പൊട്ടലുണ്ടായതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന് സംശയിക്കുന്നു. വളപട്ടണം പുഴയും കരകവിഞ്ഞ് ഒഴുകിയതോടെ തീരത്തെ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയിലും മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഇരവഞ്ഞിപ്പുഴയും ചാലിയാറും ചാലിപ്പുഴയും കരകവിഞ്ഞതോടെ കോഴിക്കോടിന്റെ മലയോരമേഖലകളില്‍ വെള്ളം കയറി. മാവൂരിലും മുക്കത്തും കൃഷിയിടങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപം കൊണ്ടിട്ടുണ്ട്. കാറ്റില്‍ പേരാല്‍ കടപുഴകി വീണ് കോഴിക്കോട് കുണ്ടൂപറമ്പില്‍ ഒറ്റക്കണ്ടി ഷൈജുവിന്റെ വീട് തകര്‍ന്നു. കുന്ദമംഗലത്തും മുക്കത്തും റോഡില്‍ മരംമുറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു.

താമരശ്ശേരി മേഖലയില്‍ ബുധനാഴ്ച വൈകിട്ട് ആറുമണിക്കുണ്ടായ ചുഴലിക്കാറ്റില്‍ വ്യാപക നാശമുണ്ടായി. മരങ്ങള്‍ കടപുഴകി വീണ് സംസ്ഥാന പാതയില്‍ ഉള്‍പ്പെടെ ഗതാഗതം തടസപ്പെട്ടു. താമരശ്ശേരി, ഓമശ്ശേരി, പുതുപ്പാടി മേഖലകളില്‍ മുപ്പതോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചാലിയാറിൽ മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ഫയർഫോഴ്സ് മുന്നറിയിപ്പ് നൽകി.

ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും മഴ ശക്തമാണ്. മൂന്നാറിൽ കനത്ത മഴയാണ് പെയ്യുന്നത്. മഴശക്തമായതോടെ കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഒരോ ഷട്ടറുകൾ കൂടി ഉയർത്തി. കുമളി കൊട്ടാരക്കര ദേശീയ പാതിയിൽ വെള്ളം കയറയതോടെ ഗതാഗതം തടസപ്പെട്ട നിലയിലാണ്.

കായംകുളത്ത് കടകളില്‍ വെള്ളം കയറ്റി. തിരുവനന്തപുരത്ത് ഒന്നിടവിട്ട് ശക്തമായ മഴയാണ് പെയ്യുന്നത്. നഗരത്തില്‍ പലയിടങ്ങളിലും മരം കടപുഴകിവീണു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍