UPDATES

പ്രളയം 2019

അതിതീവ്ര മഴയ്ക്ക് സാധ്യത: നാളെ മൂന്ന് ജില്ലകള്‍ക്ക് റെഡ് അലര്‍ട്ട്, ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്.

അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ഓഗസ്റ്റ് ആറ്, ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു. വടക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, പശ്ചിമബംഗാളിന്റെ തീരപ്രദേശം എന്നിവിടങ്ങളിലായി രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറില്‍ ശക്തമായ മഴയ്ക്ക് ഇടയാക്കുമെന്നാണ് മുന്നറിയിപ്പ്.

എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട് ജില്ലയില്‍ ഇന്ന് പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്നു കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

നാളെ അതിതീവ്ര മഴയ്ക്കുള്ള റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത് ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്കാണ്. 24 മണിക്കൂറില്‍ 204 മില്ലി മീറ്ററില്‍ കൂടുതല്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യമുണ്ടായാല്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയവയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകള്‍

ഓഗസ്റ്റ് 6 – മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ്
ഓഗസ്റ്റ് 7 – എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
ഓഗസ്റ്റ് 8 – തൃശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
ഓഗസ്റ്റ് 9 – ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ്

യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകള്‍

ഓഗസ്റ്റ് 6 – എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്
ഓഗസ്റ്റ് 7 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ്
ഓഗസ്റ്റ് 8 – എറണാകുളം
ഓഗസ്റ്റ് 9 – എറണാകുളം, പാലക്കാട്, കണ്ണൂര്‍
ഓഗസ്റ്റ് 10 – എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ്

കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. ക്യാമ്പുകള്‍ തയാറാക്കുന്നതുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തണം. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കരുതിയിരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരും കഴിഞ്ഞ പ്രളയത്തില്‍ വെള്ളം കയറിയ മേഖലകളില്‍ താമസിക്കുന്നവരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രധാന രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്‍പ്പെടുന്ന എമര്‍ജന്‍സി കിറ്റ് തയാറാക്കണം. അധികൃതര്‍ നിര്‍ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറിത്താമസിക്കാന്‍ ഒരുങ്ങിയിരിക്കണം. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെ മലയോര പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണം. പാലങ്ങളിലും നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കരുത്. പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും അറിയിച്ചു.

Read: ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശ്രേഷ്ഠമായ ഒരധ്യായം അവസാനിച്ചിരിക്കുന്നു; സുഷമയുടെ മരണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍