UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംസ്ഥാനത്ത് വീണ്ടും കനത്തമഴ; ഇടുക്കി ഡാമില്‍ ജലനിരപ്പ് 2395.42 അടിയിലെത്തി, ജാഗ്രതാ നിര്‍ദേശം

അവധിയില്‍ പോയ റവന്യൂ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു. അതേ സമയം റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ജീവന്‍ ബാബു അറിയിച്ചു.

സംസ്ഥാന വ്യാപകമായി മഴ ശക്തമായി തുടരുകയും ഇടുക്കി ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം. ഇവിടങ്ങളില്‍ അവധിയില്‍ പോയ റവന്യൂ ഉദ്യോഗസ്ഥരെ തിരികെ വിളിച്ചു. അതേ സമയം റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ ജീവന്‍ ബാബു അറിയിച്ചു.
വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നത് ആശങ്ക പരത്തുന്നുണ്ട്. ഇന്ന് രാവിലെ 10 മണിയോടെ ജല നിരപ്പ് 2395.42 അടിയായി. തീരദേശ പ്രദേശങ്ങളില്‍ ശക്തമായ കടല്‍ക്ഷോഭം അനുഭവപ്പെടുന്നുണ്ട്. മത്സ്യതൊഴിലാളികള്‍ കടലിലിറങ്ങരുതെന്നും നിര്‍ദേശമുണ്ട്. ഇതിനിടെ ശക്തമായ ഇടിമിന്നലും ആരംഭിച്ചിട്ടുണ്ട്.

മലബാര്‍ മേഖലയിലും മലയോര മേഖലകളിലും ഇന്നലെ രാത്രി തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. വയനാട്ടില്‍ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളില്‍ രണ്ടെണ്ണം തുറന്നു. വ്യാപക കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.

ആലപ്പുഴ പുറക്കാട്, അമ്പലപ്പുഴ, ആറാട്ടുപുഴ, തൃക്കുന്നപ്പുഴ എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. അമ്പലപ്പുഴയിലും ആറാട്ടുപുഴയിലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചു. ഇവിടങ്ങളിലെ 11 വീടുകള്‍ നശിച്ചു.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞ് 24 മണിക്കൂറിനകം ചെറുതോണിയിലെ അഞ്ച് ഷട്ടറുകള്‍ തുറക്കും. ചെറുതോണി അണക്കെട്ട് 1992ലാണ് അവസാനമായി തുറന്നത്. അതിന് ശേഷം പെരിയാറിന്റെ തീരത്ത് വന്‍തോതില്‍ കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും നടന്നിട്ടുണ്ട്. ഇതുമൂലം പലയിടത്തും പുഴയുടെ സ്വാഭാവിക ഒഴുക്കിന് മാറ്റമുണ്ടായി.

ഷട്ടറുകള്‍ തുറക്കുമ്പോള്‍ ചെറുതോണി ഡാമില്‍ നിന്നും ജലം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിലെത്തും. തടിയമ്പാട്, കരിയന്‍ ചപ്പാത്തുകളിലൂടെ ഒഴുകുന്ന വെള്ളം എറണാകുളം ജില്ലയുടെ അതിര്‍ത്തിയായ ലോവര്‍ പെരിയാര്‍ പാംബ്ല അണക്കെട്ടിലെത്തും. നേര്യമംഗലം, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ വഴി മലയാറ്റൂരിലേക്കും വെള്ളമെത്തും.

എറണാകുളം ജില്ലയില്‍ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനവുകാട്, വല്ലാര്‍പാടം, പൊന്നാരിമംഗലം എന്നിവിടങ്ങളിലും വെള്ളപ്പൊക്കമുണ്ടാകും. നെടുമ്പാശേരി വിമാനത്താവളത്തിലും വെള്ളം കയറാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് ആലുവ പുഴ വഴി അറബിക്കടലിലേക്ക് വെള്ളമെത്തും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍