UPDATES

കനത്ത മഴ: ആശങ്കയുണർത്തി വീണ്ടും ഡാമുകൾ, ആറെണ്ണം തുറന്നു, പെരിങ്ങൽക്കുത്ത് പരമാവധി സംഭരണ ശേഷിക്ക് അരികെ

തീരമേഖലയില്‍ കടലാക്രമണവും രൂക്ഷം.

കാലവര്‍ഷത്തിന്റെ ആദ്യപകുതിയിൽ വിട്ടു നിന്ന മഴ സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ കനക്കത്തോടെ കാലവര്‍ഷക്കെടുതിയും തുടരുന്നു. വൃഷ്ടിപ്രേശങ്ങളിൽ ഉൾപ്പെടെ മഴ കനത്തതോടെ സംസ്ഥാനത്തെ ആറോളം ചെറിയ ഡാമുകൾ തുറന്നു. ഇടുക്കിയിലെ മലങ്കര ,കല്ലാർക്കുട്ടി, പാംബ്ല, എറണാകുളത്തെ ഭൂതത്താൻകെട്ട്, തിരുവനന്തപുരത്തെ അരുവിക്കര, കോഴിക്കോട്ടെ പെരുവണ്ണാമൂഴി എന്നീ ഡാമുകളാണ് തുറന്നത്.

അതേസമയം തൃശൂരിലെ പെരിങ്ങൽകുത്ത് ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പെരിയാറിന്റെ തീരത്തുള്ളവർക്കും ജാഗ്രതാ നിർദ്ദേശമുണ്ട്. മഴ തുടരുകയാണെങ്കിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. കല്ലാർക്കുട്ടി, പാംബ്ല ഡാമുകളുടെ ഒരു ഷട്ടർ വീതവും, ഭൂതത്താൻകെട്ട് ഡാമിന്റെ ഒൻപത് ഷട്ടറുകളും, മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുമാണ് തുറന്നത്. തുറന്ന ഡാമുകളെല്ലാം താരതമ്യേന ചെറിയ അണക്കെട്ടുകളുടെ വിഭാഗത്തിൽ പെടുന്നവയാണ്.

കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടര്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി. 10 ക്യൂമെക്‌സ് വെള്ളമാണ് ഇപ്പോള്‍ സെക്കന്‍ഡില്‍ പുറത്തേക്കൊഴുകുന്നത്. പാംബ്ല അണക്കെട്ടില്‍ ഒരു ഷട്ടര്‍ തുറന്ന് സെക്കന്‍ഡില്‍ 15 ക്യൂമെക്‌സ് വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്. ഭൂതത്താന്‍കെട്ട് ഡാമിന്റെ ഒമ്പത് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. മലങ്കര ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ ഉയര്‍ത്തി.

അതേസമയം വലിയ അണക്കെട്ടുകളെ സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ എന്‍എസ് പിള്ള പറഞ്ഞു. ഇവിടങ്ങളില്‍ ജലനിരപ്പ് കുറവായതാണ് കാരണം. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വ്യാഴാഴ്ചത്തേക്കാള്‍ 0.78 അടി വര്‍ധിച്ച് 2304.4 അടിയിലെത്തി. കഴിഞ്ഞവര്‍ഷം ഇത് 2380.42 അടിയായിരുന്നു. കഴിഞ്ഞ ദിവസം പമ്പ നദിയില്‍ വെള്ളപ്പൊക്കമുണ്ടായിരുന്നു. മണപ്പുറത്തെ കടകളില്‍ വെള്ളം കയറി നാശനഷ്ടം ഉണ്ടാകുകയും ചെയ്തു. മഴ ശമിയ്ക്കാത്തതിനാല്‍ പമ്പയിലെ വെള്ളപ്പൊക്കവും തുടരുകയാണ്.

അതേസമയം, തൃശൂരിൽ ശക്തമായ മഴ തുടരുന്നതിനിടെ പെരിങ്ങൽക്കുത്ത് ഡാമിൽ ജലനിരപ്പ് ഉയർന്നു. 419.30 മീറ്ററായി ജലനിരപ്പ് ഉയർന്നു. ജല നിരപ്പ് ഇനിയും ഉയർന്നാൽ ഷട്ടർ തുറക്കേണ്ടി വരും. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. 424 മീറ്ററാണ് ഡാമിന്റെ സംഭരണ ശേഷി. കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിൽ പെരിങ്ങല്‍ക്കുത്ത് അണക്കെട്ട് നിറഞ്ഞ് കവിഞ്ഞിരുന്നു. മുഴുവന്‍ ഷട്ടറുകളും പരമാവധി ഉയര്‍ത്തിയിട്ടും. അണക്കെട്ടിന്റെ മുകളിലൂടെ വെള്ളം കുത്തിയൊലിച്ച് പോവുന്ന അവസ്ഥയും ഡാമിന്റെ ഷട്ടറുകൾ കേടായി പോവുന്ന അവസ്ഥയും വന്നതോടെയാണ് കഴിഞ്ഞ തവണ സ്ഥിതിഗതികൾ രൂക്ഷമാക്കിയത്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണ്.

അതേസമയം വടക്കൻ കേരളത്തിൽ ഞായർ വരെ ശക്തമായ മഴ തുടരാനാണ് സാധ്യത. ശക്തമായ മഴ തുടരുകയാണെങ്കിൽ സംസ്ഥാനത്ത് 40 സെന്റിമീറ്റർവരെ മഴ ലഭിക്കാനാണ് സാധ്യത. മഴമൂലം സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച 9 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 106 കുടുംബങ്ങളിൽ നിന്നായി 437 പേർ എത്തിയിട്ടുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചതായും കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം , മഴശക്തമായതിനാല്‍ തീരമേഖലയില്‍ കടലാക്രമണവും രൂക്ഷം. തിരുവനന്തപുരം, കൊല്ലം ജില്ലകളിലായി മത്സ്യബന്ധനത്തിന് പോയ ഏഴ് പേരെ കാണാതായി.കൊല്ലത്ത് ശക്തമായ കാറ്റില്‍ തെങ്ങ് വീണ് ഗൃഹനാഥനും കണ്ണൂര്‍ തലശേരിയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയും തിരുവല്ലയില്‍ മീന്‍പിടിക്കാന്‍പോയയാളും മരണമടഞ്ഞു.കോട്ടയത്ത് മീനച്ചിലാറും മണിമലയാറും കരകവിഞ്ഞു. മൂന്ന് ദിവസം കനത്ത മഴ തുടരുമെന്നാണ് കാലവസ്ഥാ മുന്നറിയിപ്പ്. കാസര്‍കോഡ്, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിലവില്‍ റെഡ് അലെര്‍ട്ട് തുടരുകയാണ്. പത്തനംതിട്ടയിലെ കാരിക്കയം ചെറുകിട ജലവൈദ്യുത പദ്ധതിയിലെ വൈദ്യുത ഉത്പാദനം കൂട്ടിയതിനാലും മണിയാര്‍ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെട്ടു. ഇതുമൂലം പമ്പ ജലസേചന പദ്ധതിയുടെ മണിയാര്‍ ബാരേജിലെ സ്പില്‍വേ ഷട്ടറുകള്‍ ചെറിയ തോതില്‍ തുറന്ന് അധിക ജലം കക്കാട്ടാറിലേക്ക് തുറന്നുവിടേണ്ട സാഹചര്യമുള്ളതിനാല്‍ പമ്പ, കക്കാട് നദികളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. കക്കാട്, പമ്പ നദീതീരവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

അതേസമയം ഞായറാഴ്ചവരെ വടക്കന്‍ കേരളത്തില്‍ വരെ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴ തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് 40 സെന്റിമീറ്റര്‍വരെ മഴ ലഭിക്കാനാണ് സാധ്യത. മഴമൂലം സംസ്ഥാനത്ത് പ്രവര്‍ത്തനം ആരംഭിച്ച 9 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 106 കുടുംബങ്ങളില്‍ നിന്നായി 437 പേര്‍ എത്തിയിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍