UPDATES

വയനാട് കുറിച്യാർ മലയിൽ ഉരുൾപൊട്ടൽ, സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാവുന്നു

ഇന്നലെ രാത്രി 12.30 ഓടെയാണ് ഉരുള്‍ പൊട്ടിയതെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാനത്ത് ശക്തമായ മഴയുണ്ടായേക്കാമെന്ന മുന്നറിയിപ്പിനിടെ വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. വൈത്തിരി കുറിച്യാർ മലയിലാണ് ഇന്നലെ രാത്രി 12.30 ഓടെയാണ് ഉരുള്‍ പൊട്ടിയതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് വന്‍ കുലുക്കവും സ്‌ഫോടന ശബ്ദം കേട്ടതായും പ്രദേശവാസികൾ പ്രതികരിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പെയ്ത കനത്ത മഴതുടരുന്നതിനിടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്.

കഴിഞ്ഞവർഷം ആഗസ്റ്റ് 9 മുതൽ തുടർച്ചയായ ഉരുൾപൊട്ടലിൽ വൻ നാശമുണ്ടായ കുറിച്യാർ മലയിലെ മേൽമുറിയിലെ അതേ സ്ഥലത്താണ് ഇത്തവണയും അപകടമുണ്ടായത്. പ്രദേശത്ത് താമസിച്ചിരുന്ന രണ്ട് കുടുംബങ്ങളിലുള്ളവർ ഓടി രക്ഷപ്പെട്ടു. കുറിച്യർ മല എസ്റ്റേറ്റിലേക്കുള്ള പാലം തകർന്നു. കുടിവെള്ള പൈപ്പും ഒലിച്ചുപോയി.വലിയ അപകട ഭീഷണി ഇല്ലന്ന് നാട്ടുകാർ പറഞ്ഞു.

വൈത്തിരിക്ക് പുറമെ വഴിക്കടവ് പുഞ്ചക്കൊല്ലി ഉൾവനത്തിൽ തമിഴ്നാട് അതിർത്തിയിൽ ഉരുൾപൊട്ടലുണ്ടായതായി ദേശാഭിമാനി റിപ്പോർട്ട് പറയുന്നു. പ്രദേശത്തെ കോരൻപുഴ വഴിമാറിയൊഴുകി പുഞ്ചക്കൊല്ലി ആദിവാസി കോളനിയിൽ കനത്തനാശം വിതച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. കോളനിയിലെ അങ്കണവാടിയുടെ മതിൽ പൂർണമായും പുഴ കവർന്നെടുത്തു. ഏകാധ്യാപക വിദ്യാലയത്തിനും നാശം സംഭവിച്ചിട്ടുണ്ട്. ജനവാസകേന്ദ്രത്തിൽ നിന്നും 14 കിലോമീറ്റോളം മാറിയാണ് അപകടമുണ്ടായ പുഞ്ചക്കൊല്ലി. വിവരമറിഞ്ഞതിന് പിന്നാലെ വനം, ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ഏറ്റെടുത്തു.

അതിനിടെ, വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടായേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആഗസ്റ്റ് ആറുമുതല്‍ ഒമ്പത് വരെയാണ് മുന്നറിയിപ്പുകള്‍. ആഗസ്റ്റ് എട്ടിന് ഇടുക്കി,മലപ്പുറം,കോഴിക്കോട് എന്നി ജില്ലകളിലാണ് റെഡ് അലര്‍ട്ട്.

മഴ ശക്തമാവുമെന്ന് റിപ്പോര്‍ട്ടുകളുള്ള സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്നും അധികൃതര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് ആറിന് മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലും, ആഗസ്റ്റ് ഏഴിന് ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും, ആഗസ്റ്റ് എട്ടിന് തൃശ്ശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും ആഗസ്റ്റ് ഒമ്പതിന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കാശ്മീർ: പ്രതിപക്ഷത്തെ ഞെട്ടിച്ച് അമിത് ഷായുടെ തന്ത്രം, കൃത്യമായ ആസൂത്രണം, കേന്ദ്ര മന്ത്രിമാർ പോലും അറിഞ്ഞത് അവസാന നിമിഷം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍