UPDATES

ട്രെന്‍ഡിങ്ങ്

ഹർത്താലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി; അഞ്ച് സുപ്രധാന പരാമർശങ്ങൾ

ഹർത്താലിന് ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസിനെതിരെ ഉള്‍പ്പെടെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാനും നിർദേശിച്ചായിരുന്നു കോടതിയുടെ പരാമര്‍ശങ്ങൾ.

കാസർക്കോട് പെരിയയില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തില്‍ ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഹർത്താലിന് ആഹ്വാനം ചെയ്ത യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസുൾപ്പെടെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാനും നിർദേശിച്ചായിരുന്നു കോടതിയുടെ പരാമര്‍ശങ്ങൾ. യൂത്ത്‌ കോൺഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ അഡ്വ, ഡീൻ കുര്യാക്കോസ്, കാസർകോട് യുഡിഎഫ് ചെയർമാൻ എം സി കമറുദീൻ, കൺവീനർ എ ഗോവിന്ദൻ നായർ എന്നിവർക്ക് നോട്ടീസ് അയച്ച കോടതി ഇവരോട് വെള്ളിയാഴ്ച്ച ഹാജരാവാനും നിർദേശിച്ചു.

മുന്നറിയിപ്പില്ലാതെ ഹർത്താൽ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിന്റെ നടപടി ക്രിമിനൽ കുറ്റമാണെന്നായിരുന്നു ഹൈക്കോടതിയുടെ വിമർശനം. നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കിയ കോടതി സംസ്ഥാനത്തെ വാഹന ഗതാഗതം ഉൾപ്പെടെ സാധാരണ നിലയിലാക്കാൻ സർക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. ഹർത്താലിൽ പ്രവർത്തനം നിർത്തിയ പൊതു സർവ്വീസുകൾ നിയമവിരുദ്ധ ഹർത്താലിനെ പിന്തുണച്ചതിന് തുല്യമാണ്. അതുകൊണ്ട്‌ സർവീസ് നിർത്തിയവർക്കെതിരെ നടപടി വേണം. പൊതുസർവ്വീസുകൾ നിർത്തിയിട്ടുണ്ടെങ്കിൽ ഉടൻ പുനരാംരംഭിക്കണം. നിയമവിരുദ്ധമായ ഹർത്താൽ നടത്തിയവർക്ക് നഷ്ടത്തിന്റെ ഉത്തരവാദിത്തമുണ്ടെന്നും കോടതി പറയുന്നു.

അതിനിടെ രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന മിന്നൽ ഹർത്താലുകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്നും കോടതി നിർദേശിച്ചു. ഇത്തരം ഹർത്താൽ ആഹ്വാനങ്ങളെ നിയമവിരുദ്ധമായി കണക്കാക്കണം. അവ നിയമവിരുദ്ധമാണെന്ന് ജനങ്ങളെ അറിയിക്കാന്‍ മാധ്യമങ്ങളും ബാധ്യസ്ഥരാണ്. ഇനിമുതൽ ഇക്കാര്യത്തിൽ മാധ്യമങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ 2018ലെ കേരള പ്രിവൻഷൻ ഓഫ് പബ്ലിക്ക് പ്രോപ്പർടി ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടിയെടുക്കണമെന്നും കോടതി പറഞ്ഞു. ഹർത്താലിനെതിരെ സ്വമേധയാ കേസെടുത്ത കോടതി ആരാണ് ഹർത്താലിനു പിന്നിലെന്നും ആരായിരുന്നാലും കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി.

1. പൊതുസർവ്വീസുകൾ നിർത്തിയിട്ടുണ്ടെങ്കിൽ ഉടൻ പുനരാംരംഭിക്കണം. ഹർത്താലിൽ പ്രവർത്തനം നിർത്തിയ പൊതു സർവ്വീസുകൾ നിയമവിരുദ്ധ ഹർത്താലിനെ പിന്തുണച്ചതിന് തുല്യമാണ്. സർവീസ് നിർത്തിയവർക്കെതിരെ നടപടി വേണം.

2. മിന്നൽ ഹർത്താലുകൾ ജന വിരുദ്ധമെന്ന് അറിയിക്കാൻ മാധ്യമങ്ങൾക്കും ഉത്തരവാദിത്വമുണ്ട്. രാഷ്ട്രീയ പാർട്ടികൾ പ്രഖ്യാപിക്കുന്ന മിന്നൽ ഹർത്താലുകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യരുത്.

3. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള പൊതു സ്ഥാപനങ്ങൾ അടച്ചിട്ടുണ്ടെങ്കിൽ തുറക്കണം. അല്ലാത്തപക്ഷം കോടതിയലക്ഷ്യമാകുമെന്നും കോടതി. ഐസിഇഎസ് വിദ്യാര്‍ഥികളെ ഉൾപ്പെടെ സുരക്ഷിതമായി പരീക്ഷയ്ക്ക് ഹാജരാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും കോടതി.

4. മിന്നൽ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത് കോടതിയലക്ഷ്യം. അത് ക്രിമിനല്‍ കുറ്റം തന്നെയാണെന്നും ഹൈക്കോ ടതി.

5. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കുമ്പോൾ 2018ലെ കേരള പ്രിവൻഷൻ ഓഫ് പബ്ലിക്ക് പ്രോപ്പർടി ആക്ട്, ഇന്ത്യൻ ശിക്ഷാ നിയമം എന്നിവ പ്രകാരം നടപടിയെടുക്കണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍