UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഹിന്ദിയെ എതിർക്കുന്നവർ രാജ്യത്തെ സ്നേഹിക്കുന്നില്ല: അമിത് ഷായെ പിന്തുണച്ച് ത്രിപുര മുഖ്യമന്ത്രി

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചില്ലായിരുന്നെങ്കിൽ ഇംഗ്ലീഷ് ഉപയോഗിക്കില്ലായിരുന്നു

ഭാഷയെന്ന നിലയിൽ ഹിന്ദി രാജ്യത്തെയാകെ ഒന്നിപ്പിക്കാമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വാദത്തെ പിന്തുണച്ച് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് കുമാർ. രാഷ്ട്രഭാഷ എന്ന നിലയിൽ ഹിന്ദി ഭാഷയെ എതിർക്കുന്നവർ രാജ്യത്തെ സ്നേഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ തൃിപുരയിലെ ഔദ്യോഗിക ഭാഷയായ ഇംഗ്ലീഷിന് താൻ എതിരല്ലെന്നും ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ത്രിപുരയിൽ അടൽ ബിഹാരി വാജ്‌പേയ് റീജിയണൽ കാൻസർ സെന്റർ ഉദ്ഘാടനടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഹിന്ദിയെ ദേശീയ ഭാഷയായി എതിർക്കുന്നവർ രാജ്യത്തോട് സ്‌നേഹമില്ലാത്തവരാണ്. നമ്മുടെ രാജ്യത്തെ ഭൂരിഭാഗം ആളുകളും ഹിന്ദി സംസാരിക്കുന്നതിനാൽ ഞാൻ ദേശീയ ഭാഷയായി ഹിന്ദി ഉയർത്തിക്കാട്ടുന്നതിനെ പിന്തുണയ്ക്കുന്നു,” മുഖ്യമന്ത്രി പറയുന്നു.

200 വർഷം ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചിരുന്നില്ലെങ്കിൽ രാജ്യത്തെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ ഇംഗ്ലീഷ് ഉപയോഗിക്കുമായിരുന്നില്ല. 1963 ലെ ഔദ്യോഗിക ഭാഷാ നിയമം അനുസരിച്ച്, ഹിന്ദിയും ഇംഗ്ലീഷും കേന്ദ്ര സർക്കാരിനും പാർലമെന്റിനുമുള്ള ഔദ്യോഗിക ഭാഷകളാണ്. ഭരണഘടനയുടെ ഷെഡ്യൂൾ എട്ട് പ്രകാരം രാജ്യത്ത് മൊത്തം 22 ഭാഷകൾ അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. എന്നാൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തോടുള്ള ആഭിമുഖ്യം മൂലമാണ് നിരവധി ആളുകൾ ഇംഗ്ലീഷിനെ തങ്ങളുടെ അഭിമാനമായി കാണുന്നതെന്നും അദ്ദേഹം പറയുന്നു.

ലോകത്ത് പുരോഗതി കൈവരിച്ചട്ടുള്ളത് ഇംഗ്ലീഷ് ഉപയോഗിക്കന്ന രാജ്യങ്ങൾ മാത്രമല്ല, അങ്ങനെയായിരുന്നുവെങ്കിൽ ജർമ്മനി, ചൈന, ജപ്പാൻ, റഷ്യ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങൾ ലോക ശക്തികൾ ആകുമായിരുന്നില്ല. ഇന്ത്യയിൽ തന്നെ പ്രാദേശിക ഭാഷ മാത്രം അറിയുന്ന നിരവധി ആളുകളുണ്ട്. ഇവർക്ക് ഇംഗ്ലീഷ് മനസിലാവുകയില്ല. അവരെ സഹായിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാവണം.

സർക്കാർ ഓഫീസുകളിൽ എത്തുന്നവർ ബംഗാളിയിലോ കോക്ബോറോക്കിലോ സംസാരിക്കുകയാണെങ്കിൽ, അവരെ സഹായിക്കാൻ ഉദ്യോഗസ്ഥർ സമയമെടുക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാൽ ഉദ്യോഗസ്ഥരോട് ഇംഗ്ലീഷിൽ അഭ്യർത്ഥിച്ചാലുടൻ അവർ അത് വേഗത്തിൽ ചെയ്യും. ഇത്തരം നടപടികൾ പാടില്ല,” മുഖ്യമന്ത്രി പറയുന്നു. പ്രസംഗത്തിൽ ആരോഗ്യ രംഗത്ത് വൻ പദ്ധതികളും അദ്ദേഹം പ്രതികരിച്ചു. സംസ്ഥാനത്ത് കൂടുതൽ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ ഉടൻ ആരംഭിക്കുമെന്നും ത്രിപുര മെഡിക്കൽ ഹബ് ആകുമെന്നും ആരോഗ്യ വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ചടങ്ങിൽ വ്യക്തമാക്കി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍