UPDATES

ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചു, ഇന്ത്യയോ? അവഗണനയ്ക്കിടെ 100ാം വർഷം ആചരിച്ച് ജാലിയന്‍ വാലാബാഗ്

പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ ഇക്കുറി ജാലിയൻവാലാ ഭാഗിൽ ആദരാഞ‌്ജലി അർപ്പിക്കാൻ എത്തില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ അതിക്രൂരമായ കൂട്ടക്കൊല ജാലിയൻ വാലാബാഗ് സംഭവത്തിന് ഇന്ന് 100 വയസ്. 1919 ഏപ്രിൽ 13നാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല അരങ്ങേറിയത്. ബ്രിട്ടീഷ് പോലീസ് ഉദ്യോഗസ്ഥനായ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഇ.എച്ച്. ഡയർ ആണ് കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകിയത്.

1919 മാർച്ചിൽ ബ്രിട്ടീഷ് ഗവണ്മെന്റ‌് റൗലറ്റ് ആക്റ്റ് എന്ന കരിനിയമം പാസ്സാക്കി. വാറന്റ് കൂടാതെ ആരെയും അറസ്റ്റ് ചെയ്യാനും വിചാരണ കൂടാതെ തുറുങ്കിലടയ്ക്കാനും ഈ നിയമം ഗവണ്മെന്റിന് അധികാരം നൽകി. ഇതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങൾ നടക്കുന്ന കാലം.
1919 ഏപ്രിൽ 13, സിഖുകാരുടെ ബൈശാഖി ഉത്സവ ദിനമായിരുന്നു അന്ന്. അന്ന് അമൃത് സറിനടുത്തുള്ള ജാലിയൻവാലാബാഗ് മൈതാനത്തിൽ പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധിക്കാൻ ഒരു പൊതുയോഗം സംഘടിപ്പിച്ചു. ഇംഗ്ലീഷ് യുവതിയെ ഹിന്ദു ദൈവങ്ങളോട് ഉപമിച്ച ജനറൽ ഡയറുടെ പ്രസ്താവനക്കെതിരെ പ്രതിഷേധിക്കുക കുടിയായിരുന്നു ലക്ഷ്യം. ഇതോടെ ആയിരക്കണക്കിനു സിഖുകാരും, മുസ്ലിംകളും ഹിന്ദുക്കളും അന്ന് ജാലിയൻ വാലാബാഗിലെ മൈതാനിയിൽ തടിച്ചുകൂടുകയായിരുന്നു.

എന്നാൽ, ഒരു കലാപത്തെക്കുറിച്ച് സൂചനകിട്ടിയ ജനറൽ ഡയർ മേഖലയിലെ എല്ലാ പൊതുസമ്മേളനങ്ങളും നിരോധിച്ചിരുന്നു. ഇതിനിടെ ജാലിയൻവാലാബാഗിൽ ഒരു യോഗം ചേരുന്നതായി വിവരം ലഭിച്ച ജനറൽ ഡയർ തന്റെ ഗൂർഖാ റെജിമെന്റുമായി അങ്ങോട്ടേക്കു നീങ്ങി.
യാതൊരു പ്രകോപനവുമില്ലാതെ ജനക്കൂട്ടത്തിനുനേരെ വെടിവെയ്ക്കാൻ ഡയർ തന്റെ പട്ടാളക്കാരോട് ഉത്തരവിടുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ഔദ്യോഗിക കണക്കുകളനുസരിച്ച് 379 പേർ മരിച്ചു. ആയിരത്തിലധികം ആളുകൾക്ക് പരുക്കേറ്റു. യഥാർത്ഥത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടന്നാണ് വിവരം. ഇടുങ്ങിയ വഴികളുള്ള ജാലിഗൻ വാലാബാഗ് ചത്വരത്തിൽ ഏതാണ്ട് 1,650 റൗണ്ട് പട്ടാളക്കാർ വെടിവെച്ചെന്നു കണക്കാക്കപ്പെടുന്നു.

എന്നാൽ 100 വർഷങ്ങൾക്കിപ്പുറം ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ ബ്രിട്ടണ് വേണ്ടി ‘അഗാധമായ ദുഖം’ പ്രകടിപ്പിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ സംഭവത്തിൽ മാപ്പപേക്ഷയ്ക്ക് മേ തയ്യാറായില്ല. രാജ്യം ഈ കൂട്ടക്കൊലയുടെ നൂറാം വാർഷികം ആചരിക്കാൻ തയ്യാറെടുക്കുന്നതിനിടെയായിരുന്നു നടപടി. പ്രധാന പ്രതിപക്ഷത്തിന്റെ നേതാവായ ജെര്‍മി കോർബിൻ നിരുപാധികമായ മാപ്പപേക്ഷ ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും അത് പരിഗണിക്കാൻ പ്രധാനമന്ത്രി തയ്യാറായില്ല. മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂണും സമാനമായ പ്രസ്താവന പാർലമെന്റിൽ നടത്തിയിരുന്നു. 2013ലായിരുന്നു ഇത്. സംഭവത്തെ ‘അങ്ങേയറ്റം ലജ്ജാകരം’ എന്നാണ് കാമറൂൺ വിശേഷിപ്പിച്ചത്.

അതേസമയം, ഇന്ത്യയിലെ ജാലിയൻ വാലാബാഗ് ചരിത്രത്തെ വിസ്മരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന യാഥാർഥ്യം നിലനിൽക്കെയാണ് 100 വാർഷികം കടന്നു വരുന്നത്. തിരഞ്ഞെടുപ്പിന്റെ തിരക്കിൽ അമർന്നിരിക്കുന്ന സമയമായതിനാൽ പ്രധാനമന്ത്രി ഉൾപ്പെടെയുള്ള പ്രമുഖർ ഇക്കുറി ജാലിയൻ വാലാബാഗിൽ ആദരാഞ‌്ജലി അർപ്പിക്കാൻ എത്തില്ലെന്നാണ് റിപ്പോർട്ടുകൾ.

ഇതിന് പുറമേയാണ് ഇന്ത്യയുടെ ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെയും പ്രതീകമായ ഈ ചരിത്രസ‌്മാരകം അവഗനയില്‍ നശിച്ച് കൊണ്ടിരിക്കുകയാണെന്ന യാഥാർത്ഥ്യം. സന്ദർശകരുടെ ഉള്ളുലയ‌്ക്കുംവിധം ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ നിഷ‌്ഠുരത വിവരിച്ച ശ്രദ്ധേയമായ ലൈറ്റ‌് ആൻഡ‌് സൗണ്ട‌് ഷോ നിർത്തലാക്കിയിട്ട‌് നാലുവർഷത്തിലേറെയായി. 18 മിനിറ്റ‌് ദൈർഘ്യമുള്ള ഡോക്യുമെന്ററി പ്രദർശനവും മുടങ്ങിയിട്ട‌് വർഷങ്ങളായി. സന്ദർശകർക്ക‌് ജാലിയൻ വാലാബാഗിന്റെ ചരിത്രപശ്ചാത്തലം വിവരിക്കുന്ന കൈപ്പുസ‌്തകം ഇപ്പോൾ നൽകാറില്ല. സാങ്കേതികപ്രശ‌്നങ്ങളെത്തുടർന്നാണ‌് ഷോ നിർത്തലാക്കിയതെന്ന‌് ട്രസ്റ്റ‌് സെക്രട്ടറി സുകുമാർ മുഖർജി പറയുന്നു.
ചരിത്രത്തിന്റെ ഹൃദയത്തിലേറ്റ വെടിയുണ്ടകളുടെ അടയാളങ്ങളും പേറിനിൽക്കുന്ന ഈ മതിലുകൾ ശാസ‌്ത്രീയമായി സംരക്ഷിക്കണമെന്ന‌് പുരാവസ‌്തു വിദഗ‌്ധർ പലവട്ടം ആവശ്യപ്പെട്ടു. ചരിത്രസ‌്മാരകത്തിനുള്ളിലെയും ചുറ്റുമുള്ള നടപ്പാതകളിലെയും തറയോടുകൾ ഇളകിക്കിടക്കുകയാണ‌്. വെടിവയ‌്പ‌് നടന്നപ്പോൾ പ്രാണഭയത്താൽ ഓടിയ ജനങ്ങൾ എടുത്തുച്ചാടിയ കിണറും കാലപ്പഴക്കത്തിൽ ജീർണിച്ച അവസ്ഥയിലാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍