ഇന്ത്യയിലെ അതിസമ്പന്നരുടെ സ്വത്ത് 39 ശതമാനം വർധിച്ചപ്പോൾ ജനസംഖ്യയിൽ പകുതിയോളം വരുന്ന ദരിദ്രജനങ്ങളുടെ വരുമാനത്തിൽ വെറും മൂന്ന‌് ശതമാനം മാത്രമാണ‌് വർധന.
രാജ്യത്തിന്റെ സാമൂഹ്യ ഘടനയെയും ജനാധിപത്യത്തെയും തകർക്കും വിധം സാമ്പത്തിക വളർച്ചയിലെ അന്തരം വർധിക്കുന്നതായി റിപ്പോർട്ട് രാജ്യാന്തര സന്നദ്ധ സംഘടനയായ ഓക്സ്ഫാം പുറത്തിറക്കിയ പഠന റിപ്പോർട്ടിലാണ് അന്തരം ചൂണ്ടിക്കാട്ടുന്നത്. 9 അതിസമ്പന്നർ രാജ്യത്തെ മൊത്തം സ്വത്തിന്റെ 50 ശതമാനം കയ്യടക്കി വച്ചിരിക്കുകയാണെന്നും പഠനം പറയുന്നു. സ്വിറ്റ്സർലൻഡിലെ ദാവോസിൽ ചൊവ്വാഴ്ച തുടങ്ങുന്ന ലോക സാമ്പത്തിക ഫോറം വാർഷിക ഉച്ചകോടിക്കുമുന്നോടിയായാണ് കണക്കുകൾ പുറത്ത് വിട്ടത്.
റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ അതിസമ്പന്നരുടെ സ്വത്ത് 39 ശതമാനം വർധിച്ചപ്പോൾ ജനസംഖ്യയിൽ പകുതിയോളം വരുന്ന ദരിദ്രജനങ്ങളുടെ വരുമാനത്തിൽ വെറും മൂന്ന‌് ശതമാനം മാത്രമാണ‌് വർധന. ഇന്ത്യയിലെ കോടീശ്വരന്മാർ കഴിഞ്ഞവർഷം ദിവസം ശരാശരി സമ്പാദിച്ചത് 2,200 കോടി രൂപയാണെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ക്രെഡിറ്റ് സ്യൂസ് വെൽത്ത് ഡേറ്റാബുക്ക്, ഫോബ്സ് കോടീശ്വര പട്ടിക എന്നിവയുൾപ്പെടെ പൊതുവായി ലഭിക്കുന്ന വിവരങ്ങളുടെ വിശകലനത്തിൽനിന്നാണ് പഠനറിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്തെ ജന സംഖ്യയുടെ ഒരു ശതമാനം വരുന്ന അതിസമ്പന്നർ ഇന്ത്യയുടെ ആകെ സമ്പത്തിന്റെ ഭൂരിഭാഗവും കൈയടക്കിക്കൊണ്ടിരിക്കുകയാണ്. അതിസമ്പന്നരും ബാക്കി ജനസംഖ്യയും തമ്മിലുള്ള ഈ വ്യത്യാസം തുടർന്നാൽ രാജ്യത്തെ സാമൂഹിക-ജനാധിപത്യ ഘടന തകിടംമറിയുമെന്നും ഓക്സ്ഫാം ഇന്റർനാഷണൽ എക്സിക്യുട്ടീവ് ഡയറക്ടർ വിന്നി ബ്യാൻയിമ പറഞ്ഞു.
ഒരുനേരത്തെ ആഹാരത്തിനും കുട്ടികളുടെ മരുന്നിനുമായി കഷ്ടപ്പെടുന്നുവെന്നത് രാജ്യത്തെ 30 ശതമാനത്തിലധികം വരുന്ന ദരിദ്ര ജനത എന്നതും ശ്രദ്ധേയമാണ്.
പഠനത്തിലെ പ്രധാന നിരീക്ഷണങ്ങൾ
ഇന്ത്യയിലെ ജനസംഖ്യയുടെ പത്തുശതമാനം ഏറ്റവും താഴെത്തട്ടിലുള്ള 13.6 കോടി ജനങ്ങൾ 2004 മുതൽ കടക്കെണിയിൽ തുടരുകയാണ്. വരുമാനത്തിലും സ്വത്തിലും പെരുകുന്ന അസമത്വം സാമൂഹ്യ അസ്വസ്ഥതകൾക്ക‌് കാരണമാകും. ഇതോടെ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ വർധിച്ചേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. സാമ്പത്തിക അസമത്വം കൂടുന്നത് പെൺകുട്ടികളെയും സ്ത്രീകളെയുമാണ് അധികം ബാധിക്കുന്നത്.
ശതകോടീശ്വരൻമാരുടെ സ്വത്ത് ഇന്ത്യയുടെ പൊതുബജറ്റ് അടങ്കൽ തുകേക്കാൾ ഉയരത്തിൽ. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ പൊതുബജറ്റ് അടങ്കൽ 24.42 ലക്ഷം കോടി രൂപയാണെന്നിരിക്കെ 119 അതിസമ്പന്നരുടെ മൊത്തം സ്വത്ത‌് ഇപ്പോൾ 28 ലക്ഷം കോടിയാണ്.
അടുത്ത നാലുവർഷത്തിനിടെ ദിവസവും 70 പുതിയ കോടീശ്വരൻമാർ ഉണ്ടാവും. 2018-ൽ 18 പുതിയ കോടീശ്വരന്മാർ കൂടി രൂപം കൊണ്ടതോടെ ഇന്ത്യയിൽ ആകെ 119 അതിസമ്പന്നരെന്ന് കണക്കുകൾ. ചരിത്രത്തിൽ ആദ്യമായി ഇവരുടെ ആകെ സമ്പത്ത് ഏകദേശം 28 ലക്ഷം കോടി രൂപ പിന്നിട്ടു. (40,000 കോടി ഡോളർ).
അതിസമ്പന്നരുടെ വളർച്ച സാമ്പത്തിക അസമത്വം വർധിപ്പിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പൊതുമേഖലാവിഭാഗത്തിൽ ആവശ്യത്തിന് പണം അനുവദിക്കുന്നില്ല. കോർപ്പറേറ്റുകൾക്കും സമ്പന്നർക്കും നികുതി ആനുകൂല്യങ്ങൾ. മറ്റുള്ളവക്ക് അവഗണനയെന്നും ഓക്സ്ഫാം ഇന്ത്യ സി.ഇ.ഒ. അമിതാഭ് ബെഹർ.
രാജ്യത്തെ അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ സ്വത്തുനികുതി അരശതമാനം വർധിപ്പിച്ചാൽ ആരോഗ്യമേഖലയിൽ 50 ശതമാനം അധികതുക സർക്കാരിന് ചെലവഴിക്കാനാകുമെന്നും പഠനം.
വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും സാധാരണക്കാർക്ക് അപ്രാപ്യമാവുന്നു. സമ്പന്നർക്കുമാത്രമേ ചെലവ് താങ്ങാനാവൂ എന്നതാണ് ഇതിലെ പ്രധാന പ്രശ്നം. ഒരു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണസംഖ്യ ഇന്ത്യയിൽ പാവപ്പെട്ട കുടുംബങ്ങളിൽ സമ്പന്ന കുടുംബങ്ങളിലുള്ളതിനെക്കാൾ മൂന്നുമടങ്ങാണെന്നും പഠനം പറയുന്നു.