UPDATES

“എനിക്ക് പോയേ പറ്റൂ”, രാജിയില്‍ ഉറച്ച് രാഹുല്‍ ഗാന്ധി, “നെഹ്രു കുടുംബത്തില്‍ നിന്ന് തന്നെ പ്രസിഡന്റ് വേണമെന്നില്ല”

താന്‍ രാഷ്ട്രീയം വിടാനൊന്നും ഉദ്ദേശിക്കുന്നില്ല എന്നും പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ രാജി വയ്ക്കാന്‍ തയ്യാറാണ് എന്ന് രാഹുല്‍ അറിയിച്ചപ്പോള്‍ അത് ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തള്ളിക്കളയുകയായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തില്‍ 100 ശതമാനം ഉത്തരവാദിത്തം തനിക്കുണ്ടെന്നും അതേസമയം പ്രവര്‍ത്തകസമിതിയാണ് താന്‍ രാജി വയ്ക്കണോ എന്ന കാര്യം തീരുമാനിക്കുക എന്നുമാണ് രാഹുല്‍ ഗാന്ധി ഇന്നലെ പറഞ്ഞത്. അതേസമയം രാഹുല്‍ രാജി വയ്‌ക്കേണ്ടതില്ല എന്ന പ്രവര്‍ത്തക സമിതി തീരുമാനത്തിന് ശേഷവും രാജി വക്കണം എന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ എന്നാണ് റിപ്പോര്‍ട്ട്.

നമുക്ക് പോരാട്ടം തുടരണം. ഞാന്‍ ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ഇവിടെയുണ്ടാകും. എനിക്ക് പാര്‍ട്ടി പ്രസിഡന്റായി തുടരാന്‍ താല്‍പര്യമില്ല – പ്രവര്‍ത്തകസമിതി യോഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം പാര്‍ട്ടിക്ക് മറ്റ് വഴികളെക്കുറിച്ച് ആലോചിക്കാന്‍ സമയം നല്‍കി വേണം രാഹുല്‍ തീരുമാനം എടുക്കാന്‍ എന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും രാഹുലിനെ രാജിയില്‍ നിന്ന് പി്ന്തിരിപ്പിക്കാന്‍ ശ്രമിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം താന്‍ രാഷ്ട്രീയം വിടാനൊന്നും ഉദ്ദേശിക്കുന്നില്ല എന്നും പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

നിങ്ങളില്ലെങ്കില്‍ പിന്നെ ആര് പ്രസിഡന്റ് ആകും എന്ന് പ്രവര്‍ത്തകസമിതി അംഗങ്ങള്‍ രാഹുലിനോട് ചോദിച്ചു. പ്രിയങ്കയുടെ പേര് ഉയര്‍ന്നുവന്നപ്പോള്‍ എന്റെ സഹോദരിയെ ഇതിലേയ്ക്ക് വലിച്ചിഴക്കരുത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. നെഹ്രു-ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ കോണ്‍ഗ്രസിന് പ്രസിഡന്റ് ഉണ്ടാകണം എന്ന് യാതൊരു നിര്‍ബന്ധവും ഇല്ലെന്നും രാഹുല്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍