ഇത്തരം അനുഭവങ്ങള്‍ ഉള്ളിലൊതുക്കി വയ്ക്കാതെ തുറന്നുപറയാന്‍ താന്‍ ഇരകളോട് പറയാറുണ്ട് എന്നും ഡെറിക് ഓബ്രിയന് പറഞ്ഞു.
13ാം വയസില്‍ താന്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഓബ്രിയന്. രാജ്യസഭയില്‍ പോക്സോ (കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്ന നിയമം) നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ച് സംസാരിക്കവേയാണ് ഡെറിക് ഓബ്രിയന് സ്വന്തം ദുരനുഭവം തുറന്നുപറഞ്ഞത്. ഇത്തരം അനുഭവങ്ങള്‍ ഉള്ളിലൊതുക്കി വയ്ക്കാതെ തുറന്നുപറയാന്‍ താന്‍ ഇരകളോട് പറയാറുണ്ട് എന്നും ഡെറിക് ഓബ്രിയന് പറഞ്ഞു.
സ്വന്തം അനുഭവം തുറന്നുപറയാന്‍ ഡെറിക് ഓബ്രിയന് കാണിച്ചത് ധീരതയാണ് എന്ന് അഭിപ്രായപ്പെട്ട് കേന്ദ്ര വനിതാ-ശിക്ഷുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി അടക്കമുള്ളവര്‍ അഭിനന്ദനങ്ങളുമായി രംഗത്തെത്തി. പോക്സോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രണ്‍ ഫ്രം സെക്ഷ്വല്‍ ഓഫന്‍സസ്) ബില്ലിനെ പിന്തുണച്ച ഓബ്രിയന് ഭേദഗതികള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ലൈംഗികാതിക്രമം എവിടെ വച്ച് തുടങ്ങുന്നു എന്നത് വളരെ വ്യക്തമാണ്. അത് വീട്ടില്‍ നിന്നാണ് തുടങ്ങുന്നത്. പൊതുരംഗത്തുള്ളവര്‍ പ്രത്യേകിച്ചും ഇത്തരം കാര്യങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കണം. ഇതൊരു ചര്‍ച്ചയാകട്ടെ. ഇത്തരത്തിലുള്ള തുറന്നുപറച്ചിലുകള്‍ ഇരകളാക്കപ്പെടുന്ന കുട്ടികള്‍ക്കും ഇക്കാര്യങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യം നല്‍കും.
ടെന്നീസ് പ്രാക്ടീസ് കഴിഞ്ഞ കൊല്‍ക്കത്തയില്‍ ബസില്‍ പോകുമ്പോളായിരുന്നു താന്‍ ലൈംഗികാതിക്രമം നേരിട്ടത് എന്ന് ഡെറിക് ഓബ്രിയന് പറയുന്നു. അയാള്‍ എന്റെ ദേഹത്തേയ്ക്ക് സ്വയംഭോഗം ചെയ്തു. ശുക്ലം തെറിപ്പിച്ചു. ഞാന്‍ ആരോടും പറഞ്ഞില്ല. ഇത്തരക്കാരെ ശിക്ഷിക്കുന്നതിനേക്കാള്‍ പ്രധാനം ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാകാതെ നോക്കുക എന്നതാണ്. നിരന്തരം ചര്‍ച്ച ചെയ്താല്‍ ഇതിന് പരിഹാരം കാണാന്‍ കഴിയും – ഡെറിക് ഓബ്രിയന് അഭിപ്രായപ്പെട്ടു.