UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്ത് കലാപകാരിയായിരുന്ന അശോക് മോച്ചിയുടെ ചെരിപ്പുകട ഗുജറാത്ത് കലാപത്തിന്റെ ഇര കുത്തുബുദ്ദീന്‍ അന്‍സാരി ഉദ്ഘാടനം ചെയ്തു

നേരത്തെ കണ്ണൂരില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ അന്‍സാരിയും മോച്ചിയും ഒരുമിച്ച് പങ്കെടുത്തിരുന്നു.

2002ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തിന്റെ ഇരകളിലൊരാളായ കുത്തുബുദ്ദീന്‍ അന്‍സാരി, തന്നെ ആക്രമിക്കാന്‍ വന്നവരില്‍ ഒരാളായ അശോക് മോച്ചി എന്ന് അറിയപ്പെടുന്ന അശോക് പാര്‍മറുടെ ചെരിപ്പ് കട ഉദ്ഘാടനം ചെയ്തു. ചെരിപ്പുകട തുടങ്ങാന്‍ പണം നല്‍കിയത് സിപിഎം കേരള ഘടകമാണ് എന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് പറയുന്നു.

ആക്രമിക്കരുത് എന്ന് കേണപേക്ഷിക്കുന്ന ആംഗ്യവുമായി കൈ കൂപ്പി, കണ്ണുകളില്‍ ഭീതി നിറച്ച് നില്‍ക്കുന്ന കുത്തുബുദ്ദീന്‍ അന്‍സാരിയുടെ ചിത്രം മുസ്ലീങ്ങളെ ലക്ഷ്യം വച്ചുകൊണ്ടുള്ള 2002ലെ ഗുജറാത്ത് കൂട്ടക്കൊലകളുടെ ഐക്കണിക്ക് ഫോട്ടോ ആയി മാറിയിരുന്നു. ശൂലം പിടിച്ച്, തലയില്‍ കാവി ബാന്‍ഡുമായി, ആക്രോശവുമായി, ആക്രമണോത്സുകതയോടെ നില്‍ക്കുന്ന അശോക് മോച്ചിയുടെ ചിത്രവും വലിയ തോതില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കഴിഞ്ഞ 25 വര്‍ഷമായി അഹമ്മദാബാദിലെ ഡല്‍ഹി ദര്‍വാസയ്ക്ക് സമീപം ചെരിപ്പ് തുന്നിയാണ് അശോക് മോച്ചി ജീവിച്ചിരുന്നത്. ‘ഏകതാ ചപ്പല്‍ ഘര്‍’ എന്ന പേരിലാണ് നഗരത്തില്‍ മോച്ചി പുതിയ കട തുടങ്ങിയിരിക്കുന്നത്. മെട്രോ വന്നത് തന്റെ കച്ചവടത്തെ ബാധിച്ചെന്ന് പറയുന്നു അശോക് മോച്ചി. ദിവസം 300 രൂപ വരുമാനമുണ്ടാക്കിയിരുന്നത് 150ലും കുറഞ്ഞു.

നേരത്തെ കണ്ണൂരില്‍ സിപിഎം സംഘടിപ്പിച്ച പരിപാടിയില്‍ അന്‍സാരിയും മോച്ചിയും ഒരുമിച്ച് പങ്കെടുത്തിരുന്നു. ഇരുവരും വടകരയില്‍ സിപിഎമ്മിന്റെ പി ജയരാജന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു.

തയ്യല്‍ക്കാരനായ അന്‍സാരി നരോദ പാട്യയില്‍ ദ്രുതകര്‍മ്മസേനയോട് (റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്) ജീവന്‍ രക്ഷിക്കാന്‍ ദയനീയമായി അപേക്ഷിക്കുന്ന ഫോട്ടോ ആഗോള തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്‍സാരി കരയുകയായിരുന്നു. ഷര്‍ട്ടില്‍ രക്തക്കറയുണ്ടായിരുന്നു. പിന്നീട് പശ്ചിമ ബംഗാളിലെ മുന്‍ ഇടത് സര്‍ക്കാരിന്റെ ക്ഷണ പ്രകാരം അന്‍സാരി കൊല്‍ക്കത്തയിലേയ്ക്ക് പോയെങ്കിലും വീണ്ടും നാട്ടില്‍ തന്നെ തിരിച്ചെത്തുകയായിരുന്നു. ഇപ്പോഴും തുന്നല്‍ക്കാരനായി ജോലി ചെയ്യുകയാണ് അന്‍സാരി.

മോച്ചിയെ ഇടയ്ക്കിടെ കാണാറുണ്ട് എന്ന് പറയുന്നു അന്‍സാരി. സംഘപരിവാര്‍ പ്രവര്‍ത്തകനായിരുന്ന അശോക് മോച്ചി കലാപത്തിന് വര്‍ഷങ്ങള്‍ക്ക് ശേഷം മാനസാന്തരമുണ്ടായി ഹിന്ദുത്വ രാഷ്ട്രീയത്തില്‍ നിന്ന് അകന്നു. 2017ല്‍ ദലിത് ആസാദി കൂച്ച് എന്ന സംഘടനയില്‍ ചേര്‍ന്നു. ഉനയില്‍ ദലിതരെ മര്‍ദ്ദിച്ചതടക്കമുള്ള സംഭവങ്ങള്‍ ശക്തമായ പ്രതിഷേധം സംഘടന നടത്തിയിരുന്നു. ഹിന്ദു ജാതി വ്യവസ്ഥയാണ് തന്നെ ചെരിപ്പുകുത്തിയായി നിലനിര്‍ത്തിയത് എന്ന് മോച്ചി പറഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍