UPDATES

67 ലക്ഷം ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ ചോർന്നതായി ഫ്രഞ്ച് സൈബർ ഗവേഷകൻ‌

എലിയറ്റ് ആൻഡേഴ്സൺ എന്ന പേരില്‍ അറിയപ്പെടുന്ന ഫ്രഞ്ച് സൈബർ സുരക്ഷാ ഗവേഷകനായ ബാപ്റ്റിസ്റ്റേ റോബെർട്ടാണ് വിവരങ്ങൾ ചോർന്നതായി അറിയിച്ചത്.

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയിൽ കോർപറേഷന് കീഴിലുള്ള ഇൻഡേൻ ഗ്യാസ് ഉപഭോക്താക്കളുടെ ആധാർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്. കമ്പനിയുടെ ഡീലർമാർ, വിതരണക്കാർ എന്നിവരുടെ കൈവശമുള്ള 67 ലക്ഷത്തോളം വരുന്ന ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങളാണ് ചോർന്നതെന്ന് ഫ്രഞ്ച് സൈബർ സുരക്ഷാ ഗവേഷകൻ അവകാശപ്പെടുന്നു.

വ്യക്തമായ യൂസർ നെയിം , പാസ് വേർഡ് എന്നിവ കൂടാതെതന്നെ ആർക്കും വെബ്സൈറ്റിൽ ലോഗ് ഇൻ ചെയ്യാനാവുമെന്നും ടെക് ക്രഞ്ച് എന്ന വെബ്സൈറ്റ് പറയുന്നു. രാജ്യത്താകമാനം 9 കോടിയോളം ഉപഭോക്താക്കളാണ് ഇൻഡേൻ ഗ്യാസിനുള്ളത്. ഇതിലെ വലിയൊരു വിഭാഗം പേരുടെയും സ്വകാര്യ വിവരങ്ങൾ ചോർന്നായി ഇതോടെ കണക്കാക്കപ്പെടുന്നു.

എലിയറ്റ് ആൻഡേഴ്സൺ എന്ന പേരില്‍ അറിയപ്പെടുന്ന ഫ്രഞ്ച് സൈബർ സുരക്ഷാ ഗവേഷകനായ ബാപ്റ്റിസ്റ്റേ റോബെർട്ടാണ് വിവരങ്ങൾ ചോരുന്നതായി അറിയിച്ചത്. കമ്പനിയുടെ 11,000 ഡീലർ മാരുടെ കൈവശമുള്ള വിവരങ്ങൾ ചോർത്താൻ സാധിക്കുമെന്നാണ് അവകാശവാദം. തന്റെ ഐപി ബ്ലോക്ക് ചെയ്യുന്നത് വരെ 58 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചെന്നും അദ്ദേഹം പറയുന്നു. ട്വിറ്ററിൽ‌ നിന്നും ലഭിച്ച അജ്ഞാതമായ ഒരു തുമ്പിൽ നിന്നാണ് താൻ ഇൻഡേന്‍ ഗ്യാസിന്റെ വെബ് സൈറ്റിൽ എത്തുന്നത്. കമ്പനി ഉപഭോക്താക്കളുടെ ആധാർ വിവരങ്ങൾ വെബ്സൈറ്റിൽ പ്രദർശിപ്പിക്കുന്നെന്നായിരുന്നു ഇത്. ചോർന്ന് ലഭിച്ച ആധാർ നമ്പരുകൾ യുഐഡിഎഐയുടെ വെബ്സൈറ്റിൽ വെരിഫൈ ചെയ്ത് യഥാർത്ഥമാണെന്ന് ബോധ്യപ്പെട്ടതായും അവർ അവകാശപ്പെടുന്നു. എന്നാൽ ആധാർ വിവരങ്ങൾ ചോരുന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്ത് വിട്ടിട്ടും ഇൻഡേൻ അധികൃതര്‍ പ്രതികരിക്കാൻ തയ്യാറായില്ലെന്നും ഗവേഷകർ പറയുന്നു.

ഇത് രണ്ടാം തവണയാണ് ഇൻഡേനിൽ നിന്നും വിവരങ്ങൾ ചോർന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 2018ലെ മുൻ സംഭവത്തിൽ കമ്പനിയുടെ വെബ് സൈറ്റിൽ നിന്നും ആർക്കും ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നായിരുന്നു വിവരം. നേരത്തെ ജാർഖണ്ഡ് സർക്കാര്‍ ഉദ്യോഗസ്ഥരുടെ ആധാർ‌ വിവരങ്ങൾ ചോർന്നെന്ന റിപ്പോർട്ട് പുറത്ത് വിട്ടതും ടെക് ക്രഞ്ച് ആയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍