UPDATES

വാര്‍ത്തകള്‍

‘വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം’; യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

കോൺഗ്രസ് പ്രകടന പത്രികയിലെ ന്യായ് പദ്ധതിക്കെതിരെ സംസാരിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിനെയും തിരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തു.

സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കരുതെന്ന നിർദേശത്തിന് വിരുദ്ധമായ പരാമർശം നടത്തിയ യോഗി ആദിത്യ നാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ നടന്ന തിരഞ്ഞെടുപ്പ റാലിയിലായിരുന്നു യോഗിയുടെ വിവാദ പരാമർശം. ബലാക്കോട്ട് തിരിച്ചടിയെ കേന്ദ്ര സര്‍ക്കാറിന്റെ നേട്ടമാക്കി ചൂണ്ടിക്കാട്ടിയ യോഗി ഇന്ത്യന്‍ സൈന്യത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സേനയാണെന്നായിരുന്നു വിശേഷിപ്പിച്ചത്. ഇതിനെതിരെയാണ് കമ്മീഷന്റെ നടപടി. ഭാവിയിൽ ഇത്തരം പരാമർശങ്ങൾ നടത്താതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകി.

യോഗിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷ പാർട്ടികളും മുന്‍ സൈനിക മേധാവിമാരും ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. സേന ആരുടെയും സ്വന്തമല്ലെന്നും അത് രാജ്യത്തിന്റെതാണെന്നും വ്യക്തമാക്കി മുൻ സൈനിക മേധാവിയും കേന്ദ്രമന്ത്രിയുമായ വികെ സിങ്ങും രംഗത്തെത്തിയിരുന്നു.

അതിനിടെ, കോൺഗ്രസ് പ്രകടന പത്രികയിലെ ന്യായ് പദ്ധതിക്കെതിരെ സംസാരിച്ച നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിനെയും തിരഞ്ഞെടുപ്പ് കമ്മീഷൻ താക്കീത് ചെയ്തു. നീതി ആയോഗ് വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമായതോടെയാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് രാജീവ് കുമാര്‍ നല്‍കിയ വിശദീകരണം തള്ളിയാണ് നടപടി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവരുടെ പ്രവര്‍ത്തനത്തിലും പ്രസ്താവനയിലും നിലപാടുകൾ പക്ഷപാതപരഹിതമായിരിക്കണം. എന്നാൽ നീതി ആയോഗ് ചെയർമാൻ പക്ഷപാതം കാണിച്ചതായി കണ്ടെത്തിയതായും രാജീവ് കുമാർ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷൻ പറയുന്നു. ഭാവിയില്‍ ഇത്തരം നടപടികളില്‍ ജാഗ്രതപാലിക്കണമെന്നും കമ്മീഷൻ അറിയിച്ചു. പാവപ്പെട്ടവര്‍ക്ക് വരുമാനം ഉറപ്പ് നല്‍കുന്ന ന്യായ് പദ്ധതി സാമ്പത്തിക അച്ചടക്കം ലംഘിക്കുന്ന പദ്ധതിയാണിതെന്നും നടപ്പാക്കാന്‍ സാധിക്കാതെ പരാജയമാകുമെന്നുമായിരുന്നു നടപടിക്ക് കാരണമായ രാജീവ് കുമാറിന്റെ ട്വീറ്റ്.

അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത് നിലനിൽക്കെ വിദ്വേഷ പ്രസംഗവുമായി യോഗി ആദിത്യനാഥ് തിരഞ്ഞെടുപ്പ് റാലികളിൽ തുടരുകയാണ്. മുസ്ലിം ലീഗിനെതിരായ അദ്ദേഹത്തിന്റെ ഇന്നലത്തെ പരാമർശവും വിവാദമായിരുന്നു. കോൺഗ്രസ്സിനെ മുസ്ലിം ലീഗ് എന്ന വൈറസ് ബാധിച്ചിരിക്കുന്നുവെന്നായുരുന്നു യോഗി ആദിത്യനാഥിന്റെ പരാമർശം. ചൗക്കിദാർ യോഗി ആദിത്യനാഥ് എന്ന ട്വിറ്റർ ഹാൻഡിലിലൂടെയാണ് മുസ്ലിം ലീഗിനെ വർഗീയ കക്ഷിയാക്കി ചിത്രീകരിക്കുന്ന ട്വീറ്റ് പുറത്തുവിട്ടത്. 897ൽ മംഗൽ പാണ്ഡെക്കൊപ്പം ബ്രിട്ടീഷുകാരോട് എതിരിടാൻ രാജ്യം മുഴുവൻ നില കൊണ്ടിരുന്നുവെന്നും പിന്നീടാണ് മുസ്ലിം ലാഗ് എന്ന ‘വൈറസ്’ വന്നതെന്നും യോഗി ട്വീറ്റിൽ ആരോപിക്കന്നു.

ഇന്ന് രാജ്യം മുഴുവൻ വിഭജിക്കപ്പെട്ട അവസ്ഥയിലായതിനു കാരണം മുസ്ലിം ലീഗാണെന്ന് യോഗി ആരോപിച്ചു. പച്ചക്കൊടി വീണ്ടും വീശിത്തുടങ്ങുന്നുണ്ടെന്നും കോൺഗ്രസ്സിനെ മുസ്ലിം ലീഗ് വൈറസ് ബാധിച്ചിരിക്കുകയാണെന്നും ജാഗ്രത പാലിക്കണമെന്നും യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

അതെസമയം എൻഡിഎയിലും പച്ചക്കൊടിയുണ്ടെന്ന് ചൂണ്ടിക്കാട്ടി യോഗിയുടെ പ്രസ്താവനയോട് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യോഗിക്ക് അറിവില്ലായ്മയാണെന്ന് പ്രതികരിച്ച അദ്ദേഹം പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍