UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റാഫേല്‍: ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

ഫ്രാന്‍സുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍, തീരുമാനങ്ങള്‍ എന്നിവ ഉള്‍പ്പെയുള്ള വിവരങ്ങളാണ് കോടതി ആരാഞ്ഞിരുന്നത്.

റാഫേല്‍ ഇടപാട് സംബന്ധിച്ച് ഇതുവരെയുള്ള വിവരങ്ങള്‍കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. കരാറുമായി ബന്ധപ്പെട്ട സാങ്കേതിക വശങ്ങളും വിമാനങ്ങളുടെ വില എന്നിവയ്ക്ക് പുറമെ ഇടപാടിലെ നിബന്ധകള്‍ സമര്‍പ്പിക്കണമെന്ന കോടതി നിര്‍ദേശം അനുസരിച്ചാണ് നടപടി. വിവരങ്ങള്‍ സര്‍ക്കാര്‍ മുദ്രവെച്ച കവറില്‍ സുപ്രീം കോടതി സെക്രട്ടറി ജനറലിന് കൈമാറി. ഇടപാടിനായി ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ടുമായി നടത്തിയ ഇടപാടുകള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദേശം. റാഫേല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസ് എസ് കെ കൗള്‍, ജ. കെഎം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ നടപടി. ഫ്രാന്‍സുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍, തീരുമാനങ്ങള്‍ എന്നിവ ഉള്‍പ്പെയുള്ള വിവരങ്ങളാണ് കോടതി ആരാഞ്ഞിരുന്നത്.

കേന്ദ്ര സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയ റാഫേല്‍ ഇടപാടില്‍ രാഷ്ട്രീയ തര്‍ക്കങ്ങള്‍ മുറുകിയതിന് പിറകെയായിരുന്നു വിവാദത്തിലെ കോടതി നടപടി. ഒക്ടോബര്‍ 29 ന് മുന്‍പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍ ഹരജിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ബെഞ്ച് പ്രതികരിച്ചിരുന്നു. കോടതിക്ക് അറിയേണ്ടത് ഇടപാട് സംബന്ധിച്ച തീരുമാനങ്ങളുടെ നിയമ സാധുതകള്‍ മാത്രമാണ്. വിമാനത്തിന്റെ വില നിര്‍ണയം, സാങ്കേതിക പ്രത്യേകതകള്‍ എന്നിവ സമര്‍പ്പിക്കേണ്ടതില്ലെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഹര്‍ജി ഒക്ടോബര്‍ 31 ന് വീണ്ടും പരിഗണിക്കും. അതിനിടെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ എന്നിവര്‍ ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വ്യാഴാഴ്ച പൊതുതാല്‍പര്യ ഹര്‍ജിയും സമര്‍പ്പിക്കുകയും ചെയ്തിരുന്നു. സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.

കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഫ്രാന്‍സില്‍ നിന്നും റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാറിന്റെ തീരുമാനിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ എച്ച്എഎലിനെ പങ്കാളിയാക്കാനായിരുന്നു യുപിഎ സര്‍ക്കാരിന്റെ കാലത്തെ നിര്‍ദേശം. എന്നാല്‍ 2015ല്‍ എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ പങ്കാളിയാക്കുകയായിരുന്നു എന്നാണ് ആരോപണം. കരാര്‍ ഒപ്പുവയ്ക്കുന്നതിന് ഏതാനും ദിവസങ്ങള്‍മാത്രം മുമ്പ് നിലവില്‍ വന്ന കമ്പനിയായിരുന്നു ഇത്. ഇതോടെ ഇടപാടില്‍ വലിയ അഴിമതി നടന്നുവെന്നാണ് കോണ്‍ഗ്രസിന്റെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെയും ആരോപണം.

റാഫേല്‍ മുതല്‍ മെഡിക്കല്‍ കോഴ വരെ: മോദി സര്‍ക്കാര്‍ നീക്കിയ സിബിഐ ഡയറക്ടറുടെ മേശപ്പുറത്തുണ്ടായിരുന്നത് ഏഴ് കേസുകള്‍

റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍