UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കുത്തിവയ്പ്പെടുത്ത സൂചി പൊട്ടിയിരുന്നത് രണ്ടാഴ്ച; തുടയിൽ പഴുപ്പുകയറി അഞ്ചുവയസ്സുകാരൻ

മരുന്ന് പുരട്ടുന്നതിനിടെ ഫെബ്രുവരി ഏഴിനാണ് കുത്തിവയ്പ്പെടുത്ത ഭാഗത്ത് സൂചി പുറത്തേക്ക് തള്ളിയിരിക്കുന്നതായി അമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്.

സർക്കാർ ആശുപത്രിയിൽ നിന്നും പ്രതിരോധ കുത്തിവയ്പെടുത്ത അഞ്ചുവയസ്സുകാരന്റെ തുടയിൽ സൂചി പൊട്ടിയിരുന്നത് രണ്ടാഴ്ച. സംഭവത്തെതുടർന്ന് കാലിൽ പഴുപ്പ് ബാധിച്ച കുട്ടിയെ ശസ്ത്രക്രിയ്കായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. ജനുവരി 23-ന് രാവിലെയാണ് മൈനാഗപ്പള്ളി കടപ്പ നജീബ് മൻസിലിൽ നജീബിന്റെയും നിജിനയുടെയും മകൻ ആദിലിനെ മൈനാഗപ്പള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പ്രതിരോധകുത്തിവയ്പ് എടുത്തത്.

അടുത്ത ദിവസം മുതൽ കുട്ടിയുടെ കാലിന് അസഹ്യമായ വേദനയും നീരും രൂപപ്പെടുകയും ചെയ്തു. ജനുവരി 28 ന് വീണ്ടും സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ മരുന്നുനൽകി വിട്ടയക്കുകയും ചെയ്തു. ഇതിനിടെ കുട്ടിക്ക്‌ കാല് നിലത്തുകുത്താൻ കഴിയാത്ത സ്ഥിതിയാവുകയും മരുന്ന്‌ ഉപയോഗിച്ചിട്ടും വേദനയും നീരും മാറിയില്ല.

എന്നാൽ ആശുപത്രിയിൽ നിന്നും നൽകിയ മരുന്ന് പുരട്ടുന്നതിനിടെ ഫെബ്രുവരി ഏഴിനാണ് കുത്തിവയ്പ്പെടുത്ത ഭാഗത്ത് സൂചി പുറത്തേക്ക് തള്ളിയിരിക്കുന്നതായി അമ്മയുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ അത് വലിച്ചെടുക്കുകയായിരുന്നു. തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ആരോഗ്യവകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടുകയുമായിരുന്നു. പരിശോധനയിൽ പഴുപ്പ് ബാധിച്ചെന്ന് കണ്ടെത്തിയതോടെ ശസ്ത്രക്രിയ നിർദേശിക്കുകയും പിന്നീട് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്കും മാറ്റുകയുമായിരുന്നു.

കുത്തിവയ്പിലെ അശ്രദ്ധയാണ് കുട്ടിയുടെ കാലിൽ‌ സൂചി പൊട്ടിയിരിക്കാന്‍ ഇടയാക്കിയതെന്നാണ് ആരോപണം. സംഭവത്തിൽ ഡി.എം.ഒ. അന്വേഷണം തുടങ്ങി. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതിനൽകിയിരിക്കുകയാണ് അഞ്ചുവയസ്സുകാരന്റെ കുടുംബം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍