UPDATES

ഗുജറാത്ത് തീരത്ത് ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ, ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്

കേരളത്തിലും ജാഗ്രതാനിര്‍ദേശം. പരിശോധനകള്‍ കര്‍ശമാക്കാന്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി.

ഗുജറാത്തിലെ സര്‍ ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയതിന് പിന്നാലെ ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സൈന്യം. കരസേന ദക്ഷിണമേഖല കമാന്‍ഡിങ് ചീഫ് ലഫ്റ്റനന്‍റ് ജനറല്‍ എസ്.കെ. സൈനിയാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസഹ്റിനെ പാക്കിസ്ഥാന്‍ ജയില്‍ മോചിതനാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മുന്നറിയിപ്പെന്നതും ശ്രദ്ധേയമാണ്.

ഇന്ത്യയുടെ തെക്കൻ ഭാഗത്ത് ഉൾപ്പെടെ തീവ്രവാദ ആക്രമണം ഉണ്ടായേക്കാമെന്നാണ് രഹസ്യാന്വേഷണ വിഭാഗം തരുന്ന മുന്നറിയിപ്പെന്നായിരുന്നു  സതേൺ കമാൻഡിലെ ജനറൽ ഓഫീസർ കമാൻഡിംഗ് (ജിഒസി) എസ് കെ സൈനിയുടെ പ്രതികരണം.  ഉപേക്ഷിക്കപ്പെട്ട ചില ബോട്ടുകളും ഗുജറാത്തിലെ സർ ക്രീക്ക് പ്രദേശത്ത് നിന്ന് കണ്ടെടുത്തിട്ടുള്ളതെന്നും എസ് കെ സൈനിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് പറയുന്നു.

അതിനിടെ ഭീകാരാക്രമണ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാനിര്‍ദേശം. പരിശോധനകള്‍ കര്‍ശമാക്കാന്‍ ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഒണാഘോങ്ങള്‍ കൂടി നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. ഒാണഘോഷങ്ങള്‍ നടക്കുന്നയിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കണം.

സംശയാസ്പദമായ സാഹചര്യങ്ങളോ, വസ്തുക്കളോ കണ്ടാല്‍ പൊതുജനങ്ങള്‍ 112 നമ്പരിലോ പൊലീസ് ആസ്ഥാനത്തെ കണ്‍ട്രോള്‍ റൂമിലോ അറിയിക്കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ബസ് സ്റ്റാന്‍ഡുകളിലും റയില്‍വേ സ്റ്റേഷനുകളിലും,വിമാനത്താവളങ്ങളിലും പരിശോധന നടത്തണമെന്നും നിർദേശമുണ്ട്.

രാജ്യത്തെ സുപ്രധാന മേഖലകളിലും ഇതിനോടകം സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ആള്‍ത്തിരക്കുള്ള സ്ഥലങ്ങള്‍, സൈനിക താവളങ്ങള്‍, തന്ത്രപ്രധാന മേഖകള്‍ എന്നിവിടങ്ങളിലാണ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്.

കച്ച് പ്രദേശത്തിലൂടെ പാകിസ്താൻ കമാൻഡോകൾ ഇന്ത്യൻ തീരത്തേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗുജറാത്തിലെ തുറമുഖങ്ങൾ അതീവ ജാഗ്രത പാലിക്കുകയും ചെയ്തിരുന്നു. സമുദ്ര പാത ഉപയോഗിച്ച് കടന്നു കയറുന്നവർ സാമുദായിക പ്രശ്‌നങ്ങൾക്ക് പ്രേരിപ്പിക്കുകയോ തീവ്രവാദ ആക്രമണം നടത്തുകയോ ചെയ്യുമെന്നായിരുന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍