UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതര മതസ്ഥനെ വിവാഹം ചെയ്ത എല്‍എല്‍ബി വിദ്യാര്‍ഥിനിക്ക് പിതാവിന്റെ ക്വട്ടേഷന്‍ ഭീഷണി

ദമ്പതികളെയും വിവേകിന്റെ അച്ഛനെയും വകവരുത്തേണ്ടത് തന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണെന്ന് പറയുന്നതാണ് സന്ദേശം.

ഇതര മതസ്ഥനെ വിവാഹം കഴിച്ച എല്‍എല്‍ബി വിദ്യാര്‍ഥിനിക്ക് വധ ഭീഷണിയെന്ന് പരാതി. വിദേശത്തുള്ള പിതാവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് മലപ്പുറം വേങ്ങര ഊരകം സ്വദേശിനിയായ നസ്‌ലയുടെ പരാതി. തങ്ങളെ വകവരുത്താന്‍ വീട്ടുകാര്‍ കൊട്ടേഷന്‍ കൊടുത്തതായി സംശയിക്കുന്നതായും യുവതി വെളിപ്പെടുത്തിയതായി മനോരമ റിപ്പോര്‍ട്ട് പറയുന്നു.

വിവാഹത്തിന്റെ പേരില്‍ കോഴിക്കോടെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും വീട്ടുകാര്‍ നേരത്തെ യുവതിയെ തട്ടിക്കൊണ്ട് പോയെന്ന് കാണിച്ച് ഭര്‍ത്താവ് വിവേക് നല്‍കിയ പരാതിയില്‍ നസ്ലയുടെ മാതാവ് ബുഷ്‌റയെയും അമ്മാവന്‍ മുഹമ്മദലിയെയും പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു. ഇതിന് പിറകെയാണ് വധ ഭീഷണിയെന്ന പരാതിയുമായി ദമ്പതികള്‍ രംഗത്തെത്തിയത്.

വിവേകിന്റെ അച്ഛന്റെ ഫോണിലേയ്ക്കാണു ഭീഷണി സന്ദേശം എത്തിയത്. ദമ്പതികളെയും വിവേകിന്റെ അച്ഛനെയും വകവരുത്തേണ്ടത് തന്റെ അഭിമാനത്തിന്റെ പ്രശ്‌നമാണെന്ന് പറയുന്ന സന്ദേശത്തില്‍ താന്‍ നാട്ടിലെത്തിയാല്‍ ഇതിനായി സമയം കളയില്ലെന്നും, നേരിടാന്‍ തയ്യാറായി ഇരിക്കാനും ആവശ്യപ്പെടുന്നു. ഇതോടെയാണ് യുവതിയും ഭര്‍ത്താവും പോലീസിന് പരാതി നല്‍കിയത്. തട്ടിക്കൊണ്ടു പോയ സമയത്ത് ഉമ്മയുടെയും അമ്മാവന്റെയും ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് ഇതു സംബന്ധിച്ച സൂചനകള്‍ ലഭിച്ചിരുന്നതായും നസ്‌ല ആരോപിക്കുന്നു. എന്നാല്‍ ഇതു മാതാപിതാക്കളുടെ താല്‍പര്യമല്ലെന്നാണ് വിശ്വസിക്കുന്നതെന്നും ഗൂഢതാല്‍പര്യങ്ങളുള്ള ചിലര്‍ മാതാപിതാക്കളെ സമ്മര്‍ദത്തിലാക്കുകയാണെന്നും നസ്ല പറയുന്നു.

ജൂലൈ 12 നായിരുന്നു കോഴിക്കോട് വൈരാഗി മഠത്തില്‍വച്ച് നസ്‌ലയും വിവേകും വിവാഹിതരായത്. എന്നാല്‍ 14ന് നസ്‌ലയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെ ഏര്‍വാഡിയില്‍ താമസിപ്പിച്ചു. വിവേക് നല്‍കിയ പരാതി പ്രകാരം വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ളവ പരിശോധിച്ചു ഭര്‍ത്താവിനൊപ്പം പോകാന്‍ നസ്‌ലയ്ക്ക് കോടതി അനുമതി നല്‍കി. പക്ഷേ ബന്ധം അംഗീകരിക്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നസ്ലയുടെ കുടുംബം. മതം മാറാന്‍ നിര്‍ബന്ധമുണ്ടെന്നും സമ്മര്‍ദം എത്ര കടുപ്പിച്ചാലും ഇതിന് ഒരുക്കമല്ലെന്നുമാണ് നസ്‌ലയും ഭര്‍ത്താവ് വിവേകും സ്വീകരിച്ചിരിക്കുന്ന നിലപാട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍