UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചിദംബരത്തിന് നിർണായകം, ജാമ്യ ഹർജിയിൽ ഇന്ന് തീരുമാനം

സുപ്രീം കോടതിയിൽ ഇന്ന് സിബിഐയുടെ വാദം നടക്കും

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരത്തിന്റെ ജാമ്യ ഹർജി പ്രത്യേത സിബിഐ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിബിഐ കസ്റ്റഡി കാലാവധി സുപ്രീം കോടതി വ്യാഴാഴ്ച വരെ നീട്ടുകയും പ്രത്യേക സിബിഐ കോടതി ഇന്ന് വരെയും കസ്റ്റഡി അനിവദിക്കുകയും ചെയ്തിരുന്നു.

എന്നാൽ ജാമ്യത്തിന് ചിദംബരം വിചാരണ കോടതിയെ സമീപിക്കണമെന്ന സുപ്രീം കോടതി നിർദേശം നിലനിൽകെയാണ് ഇന്ന് സിബിഐ കോടതി വീണ്ടും ഹർജി പരിഗണിക്കുന്നത്. നിലവിൽ ഓഗസ്റ്റ് 21 മുതല്‍ പി ചിദംബരം സിബിഐ കസ്റ്റഡിയിലാണുള്ളത്. അതേസമയം, ഐഎൻഎക്സ് മീഡിയ കേസിൽ സുപ്രീം കോടതിയിൽ ഇന്ന് സിബിഐയുടെ വാദം നടക്കും.

സിബിഐ കസ്റ്റഡി കാലാവധി സുപ്രീം കോടതി വ്യാഴാഴ്ച വരെ നീട്ടിയ സാഹചര്യത്തിൽ തല്‍ക്കാലം ജയിലിലാകുന്ന നില ചിദംബരം ഒഴിവാക്കിയിരുന്നു. 74 വയസുകാരനായ ചിദംബരത്തിന് സംരക്ഷണം വേണമെന്നും അദ്ദേഹത്തെ ജയിലിലടക്കരുത് എന്നും ചിദംബരത്തിന്റെ അഭിഭാഷകനായ കപില്‍ സിബല്‍ വാദിച്ചിരുന്നു. വേണമെങ്കില്‍ വീട്ടുതടങ്കലിലാക്കിക്കോളൂ എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ കപില്‍ സിബലിന്റ ആവശ്യം. ന്യൂഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്തെ ഗസ്റ്റ് ഹൗസ് ഫ്‌ളോറില്‍ ഒരു സൂട്ടിലാണ് ചിദംബരത്തെ നിലവില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടാല്‍ ചിദംബരത്തെ തിഹാര്‍ ജയിലിലേയ്ക്ക് മാറ്റേണ്ടി വരുമെന്ന സാഹചര്യത്തിലായിരുന്നു ആവശ്യം ഉന്നയിച്ച് സിബൽ രംഗത്തെത്തിയത്.

ജാമ്യത്തിന് ചിദംബരം വിചാരണ കോടതിയെ സമീപിക്കണമെന്ന സുപ്രീം കോടതി നിലപാടിനോട് ഒരാളെ അപമാനിക്കരുതെന്നായിരുന്നു കപില്‍ സിബലിന്റെ മറുപടി. വിചാരണ കോടതി ജാമ്യം നിഷേധിക്കുകയും ചിദംബരം ജയിലില്‍ പോകേണ്ട അവസ്ഥയുണ്ടാവുകയും ചെയ്താല്‍ എന്ത് ചെയ്യുമെന്നും കപില്‍ സിബല്‍ ചോദിച്ചു. അതേസമയം ചിദംബരം രാഷ്ട്രീയത്തടവുകാരനല്ല എന്നും രാഷ്ട്രീയ തടവുകാരെ മാത്രമേ വീട്ടുതടങ്കലിലാക്കാനാകൂ എന്നും ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവരുടെ ബഞ്ച് മറുപടി നല്‍കി. ചിദംബരം എന്തുകൊണ്ട് വിചാരണ കോടതിയെ സമീപിക്കുന്നില്ല എന്നും സുപ്രീം കോടതി ചോദിച്ചു. അതേസമയം ചിദംബരത്തിന് യാതൊരു ഇളവും നല്‍കരുതെന്നും വിചാരണ കോടതിയാണ് ചിംദംബരത്തെ ജയിലിലാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് എന്നും സിബിഐ വാദിച്ചു.

Also Read- സമരം ജയിച്ചു, സ്ത്രീത്തൊഴിലാളികള്‍ക്ക് ഇപ്പോഴും പഴയ അവസ്ഥ തന്നെ, മൂത്രമൊഴിക്കാതിരിക്കാന്‍ വെള്ളം കുടിക്കാതിരിക്കുന്ന എസ് എം സ്ട്രീറ്റിലെ തൊഴിലാളി ജീവിതം

2007ല്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമേഷന്‍ ബോര്‍ഡ് ചട്ടങ്ങള്‍ മറികടന്ന് അനധികൃതമായി വിദേശത്ത് നിന്ന് പണം സ്വീകരിക്കാന്‍ ഐഎന്‍എക്‌സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിനെ അന്നത്തെ ധന മന്ത്രിയായിരുന്ന ചിദംബരം സഹായിച്ചു എന്നും ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം ഈ ഇടപാടില്‍ കൈക്കൂലി വാങ്ങിയിട്ടുണ്ട് എന്നുമടക്കമുള്ള ആരോപണങ്ങളുള്ളതാണ് കേസ്. കാര്‍ത്തി ചിദംബരം നേരത്തെ ജയിലിലായിരുന്നെങ്കിലും പിന്നീട് ജാമ്യം നേടി പുറത്തിറങ്ങി. ഐഎന്‍എക്‌സ് മീഡിയ സ്ഥാപക ഉടമകളിലൊരാളും മകളായ ഷീന ബോറയെ വധിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നയാളുമായ ഇന്ദ്രാണി മുഖര്‍ജിയുടെ മൊഴിയാണ് ചിദംബരത്തിനെതിരെ കേസെടുക്കുന്നതില്‍ നിര്‍ണായകമായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍