UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുന്നത് സുപ്രീം കോടതി നാളെ വരെ തടഞ്ഞു

ചിദംബരം സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നും പറഞ്ഞാണ് സിബിഐ കസ്റ്റഡി നീട്ടിക്കൊണ്ടിരിക്കുന്നത്.

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ സിബിഐ കസ്റ്റഡിയിലുള്ള മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തെ നാളെ വരെ അറസ്റ്റ് ചെയ്യാന്‍ പാടില്ല എന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് സുപ്രീം കോടതി. അതേസമയം ചിദംബരത്തെ ചോദ്യം ചെയ്തതിന്റെ ട്രാന്‍സ്‌ക്രിപ്റ്റ് ഹാജരാക്കാന്‍ ആവശ്യപ്പെടണമെന്ന് അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ആര്‍ ഭാനുമതി, ജസ്റ്റിസ് എഎസ് ബൊപ്പണ്ണ എന്നിവരുടെ ബഞ്ചിന് മുമ്പാകെയാണ് ചിദംബരം ഇക്കാര്യം ആവശ്യപ്പെട്ടത്.

ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്ന സിബിഐയുടെ വാദം തെറ്റാണ് എന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് ഇത് എന്ന് ചിദംബരം പറയുന്നു. ചിദംബരം സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്നും പറഞ്ഞാണ് സിബിഐ കസ്റ്റഡി നീട്ടിക്കൊണ്ടിരിക്കുന്നത്. ഒരു ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറിയിട്ടില്ലെന്നും എല്ലാത്തിനും ഉത്തരം നല്‍കിയിട്ടുണ്ടെന്നും ട്രാന്‍സ്‌ക്രിപ്റ്റ് പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകുമെന്നും ചിദംബരം പറയുന്നു. 2018 ഡിസംബര്‍ 19നും 2019 ജനുവരി ഒന്നിനും 21നും ചിദംബരത്തെ ചോദ്യം ചെയ്തിരുന്നു. ഇതടക്കമുള്ള ട്രാന്‍സ്‌ക്രിപ്റ്റുകളാണ് പ്രതിഭാഗം ആവശ്യപ്പെട്ടിരിക്കുന്നത്.

രേഖകള്‍ മറച്ചുവച്ച് കസ്റ്റഡിക്ക് കൂടുതല്‍ സമയം ചോദിക്കുകയാണ് ചെയ്തത്. കേസ് നടപടികള്‍ തെറ്റായ രീതിയിലാണ് മുന്നോട്ടുപോകുന്നത് എന്നും അഭിഷേക് മനു സിംഗ്‌വി പറയുന്നു. കുറ്റകൃത്യം നടന്നതായി പറയുന്ന സമയത്ത് പണത്തട്ടിപ്പ് തടയുന്ന നിയമം (പിഎംഎല്‍എ ആക്ട്) നിലവിലുണ്ടായിരുന്നില്ല എന്നും ഇതിനാല്‍ പിഎംഎല്‍എ ആക്ട് പ്രകാരമുള്ള ഗൂഢാലോചനക്കുറ്റം നിലനില്‍ക്കില്ല എന്നും സിംഗ്‌വി വാദിക്കുന്നു.

ചിദംബരത്തിന്റെ സിബിഐ കസ്റ്റഡി, ഡല്‍ഹി ഹൈക്കോടതി വെള്ളിയാഴ്ച വരെ നീട്ടിയിരുന്നു. സിബിഐയുടെ അറസ്റ്റില്‍ നിന്ന് സംരക്ഷണം നേടി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ഇത് പരിഗണിച്ചില്ല.

ALSO READ: Explainer: എന്താണ് ചിദംബരത്തെയും മകനെയും കുടുക്കിയ ഐഎന്‍എക്‌സ് കേസ്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍