ചരിത്രമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംരളൂരുവിലെത്തും
ചന്ദ്രയാൻ 2 ചന്ദ്രനെ തൊടാൻ ഇനി മണിക്കൂറുകൾ മാത്രം. ഒന്നരമാസത്തെ യാത്രയ്ക്ക് ശേഷം 3.84 ലക്ഷം കിലോമീറ്റർ ദൂരം പിന്നിട്ട് ചന്ദ്രന്റെ ഉപരിതലത്തിൽ തൊടാനൊരുങ്ങുകയാണു ചന്ദ്രയാൻ രണ്ടിന്റെ ലാൻഡർ വിക്രം. ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിലെ തന്ന ഏറ്റവും സങ്കീർണവും നിർണായകവുമായ നിമിഷങ്ങളാണ് ഇനി മുന്നിലുള്ളതെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നു.
‘സങ്കീർമായ 15 മിനിറ്റ്’ എന്നായിരുന്നു ഐഎസ് ആർ ഒ ചെയർമാൻ ഡോ. കെ. ശിവൻ ഇതിനെ വിശേഷിപ്പിച്ചത്. ചന്ദ്രയാന്റെ ഭാഗമായ ഓർബിറ്റർ, ലാൻഡർ, റോവർ എന്നിവയുടെ ഓരോ നീക്കവും സമയബന്ധിതമായി നേരത്തേ പ്രോഗ്രാം ചെയ്തവയാണ്. എന്നാൽ ഭൂമിയിൽ നിന്നു നിയന്ത്രണമില്ലാതെ ലാൻഡർ എല്ലാം സ്വയം ചെയ്യേണ്ടതിനാലാണ് ചന്ദ്രനിലിറങ്ങുന്ന അവസാന 15 മിനിറ്റ് ദൗത്യത്തെ സംബന്ധിച്ച് അതീവ നിർണായകമായത്. ‘വിക്രം’ ലാൻഡർ വിജയകരമായി ഇറങ്ങിയാൽ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമായി മാറും ഇന്ത്യ. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യവും.
ചന്ദ്രയാൻ–2 ദൗത്യത്തിന്റെ ചന്ദ്രനിലെ നിർണായക സോഫ്റ്റ് ലാൻഡിങ് ശനിയാഴ്ച പുലർച്ചെ 1.30 നു 2.30 നും ഇടയിലാണ് നിശ്ചയിച്ചിരിക്കുന്നത്. മുൻ നിശ്ചയിച്ചതിലും 78 സെക്കന്റ് നേരത്തെയായിരിക്കും ലാന്റിങ്ങ് നടക്കുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.
നിലവിൽ ലാൻഡർ ഇറങ്ങുന്നതിനായി ഐഎസ്ആർഒ രണ്ട് സൈറ്റുകളാണ് കണ്ടെത്തിട്ടുള്ളത്. വിക്രം ലാൻഡർ പ്രാഥമിക ലാൻഡിംഗ് സൈറ്റിനെ ആയിരിക്കും സമീപിക്കുക. എന്നാൽ സോഫ്റ്റ് ലാന്റ് ചെയ്യേണ്ട സുരക്ഷിതമായ സ്ഥലം ഉപരിതലത്തിന് 100 മീറ്റർ അകലെ വച്ച് മാത്രമേ തീരുമാനിക്കു എന്നും ഐഎസ്ആർഒ ശാസ്ത്രജ്ഞനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് സോണുകൾ തമ്മിൽ 1.6 കിലോ മീറ്റർ വ്യത്യാസമുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിൽ സോഫ്റ്റ് ലാൻഡിങ്ങിനു വേണ്ട നിർദേശം അപ്‌ലിങ്ക് ചെയ്യുന്ന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ഐഎസ്ആർഒ ചെയർമാൻ അറിയിച്ചു. പേടകത്തിന്റെ പ്രവർത്തനങ്ങളെല്ലാം തൃപ്തികരമാണ്.
അതേസമയം, ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിലെ ചരിത്രമുഹൂർത്തത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തും. ശനിയാഴ്ച പുലർച്ചെ ബെംഗളൂരു പീനിയയിലെ ഇസ്‌റോ മിഷൻ ഓപ്പറേഷൻ കോംപ്ലക്സിലായിരിക്കും മോദിയെത്തുക. കേരളത്തിൽ നിന്നുള്ള 2 പേരുൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 70 വിദ്യാർഥികളും പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും. ഇരുന്നൂറോളം വരുന്ന ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരുടെ സംഘവുമാണ് ചന്ദ്രയാന്റെ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നത്.