UPDATES

ജമ്മു- കാശ്മീർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച സുപ്രീം കോടതിയിൽ

ഗുലാം നബി ആസാദ്, സജാദ് ലോണിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്, എം.ഡി.എം.കെ സ്ഥാപകൻ വൈകോ എന്നിവർ സമർപ്പിച്ച ഹർജികളുൾപ്പെടെയാണ് കോടതിയുടെ മുമ്പാകെയുള്ളത്.

കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണ ഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചോദ്യം ചെയ്തും ജമ്മു- കാശ്മീരിൽ ഏര്‍പ്പെടുത്തിയിരിക്കുന്ന രാഷ്ട്രപതി ഭരണത്തെയും താഴ്‌വരയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾക്കെതിരെയും സമർപ്പിക്കപ്പെട്ട ഒരു കുട്ടം ഹർജികൾ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ്, സജാദ് ലോണിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ്, രാജ്യസഭാ എം.പിയും എം.ഡി.എം.കെ സ്ഥാപകനുമായ വൈകോ എന്നിവർ സമർപ്പിച്ച ഹർജികളുൾപ്പെടെയാണ് കോടതിയുടെ മുമ്പാകെയുള്ളത്.

ഇതിന് പുറമെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഹര്‍ജിയും താഴ്വരയിൽ മാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി കശ്മീര്‍ ടൈംസ് എഡിറ്റര്‍ സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്. ഹർജികൾ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, എസ് അബ്ദുള്‍ നസീര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ചായിരിക്കും പരിഗണിക്കുക എന്ന് എക്കണോമിക്സ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

താഴഴ്വരയിലുള്ള കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സന്ദർശിക്കാൻ കശ്മീരിലേക്ക് പോവാൻ അനുമതി നല്‍കണമെന്ന ആവശ്യവുമായാണ് ഗുലാം നബി ആസാദ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്. 370-ാം വകുപ്പ് റദ്ദാക്കിയതിന് പിന്നാലെ മൂന്ന് തവണ കശ്മീര്‍ സന്ദര്‍ശിക്കാന്‍ ആസാദ് ശ്രമം നടത്തിയെന്നും എന്നാൽ അധികൃതര്‍ വിമാനത്താവളത്തില്‍ തിരിച്ചയച്ചെന്നും ഗുലാം നബി ആസാദ് പറയുന്നു. ഇതോടെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയെ കോടതിയില്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് രാജ്യസഭാ എം.പിയും എം.ഡി.എം.കെ സ്ഥാപകനുമായ വൈകോ സമർപ്പിച്ച ഹർജിയിലെ പ്രധാന ആവശ്യം. ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയതിനെതിനെ ചോദ്യം ചെയ്താണ് സജാദ് ലോണിന്റെ നേതൃത്വത്തിലുള്ള ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് കോടതിയെ സമീപിച്ചിട്ടുള്ളത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍