UPDATES

മോദി മന്ത്രിസഭയിലേയ്ക്കില്ലെന്ന നിലപാടിലുറച്ച് ജെഡിയു; ബിഹാറില്‍ ബിജെപിക്ക് ഒരു മന്ത്രി സ്ഥാനം മാത്രം നല്‍കി നീതിഷിന്റെ തിരിച്ചടി

ബിഹാര്‍ മന്ത്രി സഭ പുനസംഘടനയില്‍ ഒമ്പത് മന്ത്രിമാരെ ഉള്‍പ്പെടുത്തിയപ്പോള്‍ ഇതില്‍ എട്ടും ജെഡിയുവില്‍ നിന്നാണ്. ബിജെപിക്ക് ഒരു മന്ത്രി സ്ഥാനം മാത്രം മാറ്റി വച്ചാണ് മുഖ്യന്ത്രി നിതീഷ് കുമാര്‍ അതൃപ്തി വ്യക്തമാക്കിയത്.

മോദി മന്ത്രിസഭയില്‍ അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലെന്ന പരാതിയുള്ള നിതീഷ് കുമാറിന്റെ ജനതാദള്‍ യുണൈറ്റഡ് മന്ത്രിസഭയിലേയ്ക്കില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു. മൂന്ന് മന്ത്രി സ്ഥാനം ആവശ്യപ്പെട്ട ജെഡിയുവിന് ഒരു മന്ത്രി സ്ഥാനം മാത്രമാണ് ബിജെപി നല്‍കിയത്. സഖ്യകക്ഷികള്‍ക്കെല്ലാം ഒരു മന്ത്രി സ്ഥാനം വീതമെന്ന നിലപാടില്‍ മാറ്റമില്ലെന്നാണ് ബിജെപി പറയുന്നത്. 18 സീറ്റുള്ള ശിവസേന ഇത് അംഗീകരിച്ചു. എന്നാല്‍ 16 സീറ്റുള്ള ജെഡിയു അംഗീകരിക്കാന്‍ തയ്യാറായില്ല. ബിഹാര്‍ മന്ത്രി സഭ പുനസംഘടനയില്‍ ഒമ്പത് മന്ത്രിമാരെ ഉള്‍പ്പെടുത്തിയപ്പോള്‍ ഇതില്‍ എട്ടും ജെഡിയുവില്‍ നിന്നാണ്. ബിജെപിക്ക് ഒരു മന്ത്രി സ്ഥാനം മാത്രം മാറ്റി വച്ചാണ് മുഖ്യന്ത്രി നിതീഷ് കുമാര്‍ അതൃപ്തി വ്യക്തമാക്കിയത്.

ബിജെപി സംസ്ഥാന ഘടകത്തെ രൂക്ഷമായി വിമര്‍ശിച്ച നിതീഷ് കുമാര്‍, അതേസമയം കേന്ദ്ര നേതൃത്വത്തെ വിമര്‍ശിച്ചില്ല. മോദി സര്‍ക്കാരിനുള്ള പിന്തുണ തുടരുമെന്നും നിതീഷ് കുമാര്‍ വ്യക്തമാക്കി. സീറ്റ് വിഭജന സമയത്ത് ബിജെപി കാണിച്ച മര്യാദ മന്ത്രിസഭയുണ്ടാക്കിയപ്പോള്‍ ഉണ്ടായില്ല എന്ന പരാതി ജെഡിയുവിനുണ്ട്. ബിഹാറില്‍ കഴിഞ്ഞ തവണ ഒറ്റയ്‌ക്കൊറ്റയ്ക്ക് മത്സരിച്ചപ്പോള്‍ 22 സീറ്റ് നേടിയിരുന്ന ബിജെപിയും രണ്ട് സീറ്റ് മാത്രം നേടിയ ജെഡിയുവും ഇത്തവണ 17 സീറ്റുകളില്‍ വീതമാണ് മത്സരിച്ചത്.

ഒറ്റയ്ക്ക് 303 സീറ്റ് നേടിയ ബിജെപി ആ ബലത്തിലാണ് സഖ്യകക്ഷികളെ അവഗണിക്കുന്നത് എന്നാ് പരാതി. പ്രതീകാത്മക പങ്കാളിത്തമല്ല, ആനുപാതിക പങ്കാളിത്തമാണ് തങ്ങള്‍ക്ക് വേണ്ടത് എന്ന് നിതീഷ് കുമാര്‍ പറഞ്ഞിരുന്നു. അതേസമയം നിതീഷ് ബിജെപിക്ക് ഒരു സീറ്റാണ് നല്‍കിയിരിക്കുന്നത് മന്ത്രിയെ പിന്നീട് തീരുമാനിക്കാം എന്നാണ് കരുതുന്നത് എന്ന് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

ഒരു സീറ്റുള്ള എഐഎഡിഎംകെയും മന്ത്രിസഭയില്‍ ചേര്‍ന്നിട്ടില്ല. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേയും ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വത്തിന്റേയും വിഭാഗങ്ങള്‍ തമ്മിലുള്ള ഗ്രൂപ്പ് പോരാണ് അണ്ണാ ഡിഎംകെ വിട്ടുനില്‍ക്കാനുള്ള കാരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍