UPDATES

ജെപി നദ്ദ ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ്, അമിത് ഷാ പ്രസിഡന്റായി തുടരും

മോദി – അമിത് ഷാ നേതൃത്വത്തിനും ആര്‍എസ്എസ് നേതൃത്വത്തിനും ഒരുപോലെ വിശ്വസ്തനായാണ് 58കാരനായ ജെപി നദ്ദ അറിയപ്പെടുന്നത്.

മുന്‍ കേന്ദ്ര മന്ത്രി ജെപി നദ്ദയെ ബിജെപി വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. ദേശീയ പ്രസിഡന്റ് സ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടരും. ഡിസംബറില്‍ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് വരെയെങ്കിലും അമിത് ഷാ തന്നെ സ്ഥാനത്ത് തുടര്‍ന്നേക്കുമെന്നാണ് സൂചന. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് ജെപി നദ്ദയെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ച കാര്യം അറിയിച്ചത്.

തനിക്ക് ആഭ്യന്തര മന്ത്രിയുടെ ഭാരിച്ച ഉത്തരവാദിത്തങ്ങളുള്ളതിനാല്‍ പാര്‍ട്ടി പ്രസിഡന്റ് സ്ഥാനം മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം എന്ന് അമിത് ഷാ ആവശ്യപ്പെട്ടിരുന്നതായി രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം അമിത് ഷാ തന്നെ തുടരണം എന്നും ജെപി നദ്ദ അദ്ദേഹത്തെ സഹായിക്കും എന്നുമാണ് പാര്‍ട്ടി തീരുമാനം എന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.

മോദി – അമിത് ഷാ നേതൃത്വത്തിനും ആര്‍എസ്എസ് നേതൃത്വത്തിനും ഒരുപോലെ വിശ്വസ്തനായാണ് 58കാരനായ ജെപി നദ്ദ അറിയപ്പെടുന്നത്. ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള നേതാവായ നദ്ദ ഒന്നാം മോദി മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്തിരുന്നു.

മഹാരാഷ്ട്രയിലും ഹരിയാനയിലും ഝാര്‍ഖണ്ഡിലും ഈ വര്‍ഷവും ഡല്‍ഹിയില്‍ അടുത്ത ഫെബ്രുവരിയിലും നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കാനാരിക്കുകയാണ്. അടുത്ത വര്‍ഷം സെപ്റ്റംബറിന് ശേഷം ബിഹാറിലും നിയമസഭ തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ പരമാവധി വിജയം നേടി രാജ്യസഭയില്‍ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുക മോദി സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍