UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചന്ദ്രശേഖര്‍ റാവു സ്റ്റാലിനെ കണ്ടു: കേന്ദ്രത്തില്‍ സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാന്‍ മൂന്നാം മുന്നണിക്ക് കഴിയുമോയെന്ന സംശയവുമായി ഡിഎംകെ

കേന്ദ്രത്തിലെ സര്‍ക്കാരിന്റെ സ്ഥിരത പ്രശ്‌നമാണ്. നേരത്തെ മൂന്നാം മുന്നണി സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോളുണ്ടായ അനുഭവം നല്ലതായിരുന്നില്ല എന്നും ഡിഎംകെ നേതാവ് ചൂണ്ടിക്കാട്ടി.

ബിജെപി ഇതര, കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണി എന്ന ആശയവുമായി വിവിധ കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിവരുന്ന തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനെ കണ്ടു. സ്റ്റാലിന്റെ ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയാണ് ഡിഎംകെ. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്ന് പല തവണ പറഞ്ഞ സ്റ്റാലിന്‍, നേരത്തെ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തിരക്ക് പറഞ്ഞ് ചന്ദ്രേശേഖര്‍ റാവുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയമില്ലെന്ന് അറിയിച്ചിരുന്നു. രാജ്യത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. നേരത്തെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത് ചന്ദ്രശേഖര്‍ റാവു ചര്‍ച്ച നടത്തിയിരുന്നു.

അതേസമയം കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് പുറത്തുവരാനാകില്ല എന്നാണ് ഡിഎംകെ കെസിആറിനോട് വ്യക്തമാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് സഖ്യത്തില്‍ ചേരാന്‍ കെസിആറിനെ ഡിഎംകെ ക്ഷണിച്ചു. കോണ്‍ഗ്രസിനൊപ്പം തിരഞ്ഞെടുപ്പിനെ നേരിട്ടവരും പ്രാദേശിക പാര്‍ട്ടികളുടെ സര്‍ക്കാര്‍ രൂപീകരണത്തില്‍ സഹായിക്കണം എന്ന് കെസിആര്‍ ആവശ്യപ്പെട്ടു. അതേസമയം നിലവിലെ ബിജെപി വിരുദ്ധ സഖ്യത്തില്‍ നിന്ന് മാറാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഡിഎംകെ വ്യക്തമാക്കി.

സ്റ്റാലിന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണം എന്നാണ് പറഞ്ഞത് എന്നും റാവു കോണ്‍ഗ്രസ് ഇതര മുന്നണിക്കായി ശ്രമിക്കുന്നയാളാണ് എന്നും ഒരു ഡിഎംകെ നേതാവ് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോട് പ്രതികരിച്ചു. കേന്ദ്രത്തിലെ സര്‍ക്കാരിന്റെ സ്ഥിരത പ്രശ്‌നമാണ്. നേരത്തെ മൂന്നാം മുന്നണി സര്‍ക്കാരുകള്‍ അധികാരത്തില്‍ വന്നപ്പോളുണ്ടായ അനുഭവം നല്ലതായിരുന്നില്ല എന്നും ഡിഎംകെ നേതാവ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷം സ്റ്റാലിനെ കണ്ട ചന്ദ്രശേഖര്‍ റാവു സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍, രാഷ്ട്രീയ, സാമ്പത്തിക സ്ഥിതികള്‍ തുടങ്ങിയവ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു.

ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി എന്നിവരുമായും കെസിആര്‍ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ മറ്റൊരു സഖ്യകക്ഷിയായ ജനതാദള്‍ എസ് സെക്കുലറിന്റെ ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുമായും കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുമായും ചന്ദ്രശേഖര്‍ റാവു ചര്‍ച്ച നടത്തിയിരുന്നു.

Also Read- തൊവരിമല ഭൂസമരം: ആനക്കാര്യത്തില്‍ ഉടന്‍ ഇടപെട്ട സര്‍ക്കാരിനോട്, ആദിവാസികള്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലേ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍