UPDATES

ഞാന്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു? ഞാനും നിങ്ങളിലൊരാളല്ലേ? സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് കഫീല്‍ ഖാന്‍

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം രാഷ്ട്രീയവത്കരിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ ശ്രമിക്കുന്നത് എന്ന് കഫീല്‍ ഖാന്‍ ആരോപിച്ചിരുന്നു.

ബംഗാളില്‍ സര്‍ക്കാരിനെതിരെ സമരം ചെയ്യുന്ന ഡോക്ടര്‍മാരേയും അവര്‍ക്ക് പിന്തുണ നല്‍കുന്നവരേയും വിമര്‍ശിച്ച് ഉത്തര്‍പ്രദേശിലെ ഡോക്ടര്‍ കഫീല്‍ ഖാന്‍. യുപിയില്‍ യോഗി ആദിത്യനാഥിന്റെ ബിജെപി സര്‍ക്കാര്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് പ്രതിഷേധമുണ്ടായില്ല എന്ന് കഫീല്‍ ഖാന്‍ ചോദിച്ചു.

രോഗിയുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടര്‍മാരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് നടപടി ആവശ്യപ്പെട്ട് കൊല്‍ക്കത്ത നീല്‍രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ഇതിന് പിന്തുണയുമായി 13 മെഡിക്കല്‍ കോളേജുകളിലേതടക്കം സംസ്ഥാനത്തെ ഇരുപതോളം സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമര രംഗത്താണ്. പലരും ഒപിയും എമര്‍ജന്‍സി സര്‍വീസുകളും പോലും നിര്‍ത്തിവച്ച് സമരം ചെയ്യുന്നു. സമരത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ഡോക്ടര്‍മാരുടേയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റേയും (ഐഎംഎ) പിന്തുണ ലഭിക്കുകയും ചെയ്തിരിക്കുന്നു. തിങ്കളാഴ്ച പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഐഎംഎ. ഈ സാഹചര്യത്തിലാണ് സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഇരട്ടത്താപ്പാണ് എന്ന് ആരോപിക്കുന്ന കഫീല്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്.

പല ഡോക്ടര്‍മാരും ഇന്ന് എന്നോട് സമരത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞു. ഞാന്‍ അവരോട് പറഞ്ഞത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എന്നെ കഴിഞ്ഞ രണ്ട് വര്‍ഷം സമരത്തിലേയ്ക്ക് എടുത്തിട്ടു എന്നാണ് – കഫീല്‍ ഖാന്‍ ട്വീറ്റ് ചെയ്തു. ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും ഉത്തരവുകളുണ്ടായിട്ടും തനിക്ക് തരാനുള്ള വേതനം തരുകയോ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല എന്ന് കഫീല്‍ ഖാന്‍ ചൂണ്ടിക്കാട്ടുന്നു. എനിക്ക് വേണ്ടിയും ഒരു പ്രസ്താവനയിറക്കൂ. ഞാനും നിങ്ങളുടെ തൊഴില്‍ ചെയ്യുന്നവനാണ്. എനിക്കും ഒരു കുടുംബമുണ്ട് – കഫീല്‍ ഖാന്‍ പറയുന്നു.

ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം രാഷ്ട്രീയവത്കരിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ ശ്രമിക്കുന്നത് എന്ന് കഫീല്‍ ഖാന്‍ ആരോപിച്ചിരുന്നു.

2017ല്‍ യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരില ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ഒാക്‌സിജന്‍ കിട്ടാതെ 60ലധികം കുട്ടികള്‍ മരിച്ചിരുന്നു. ഓക്‌സ്ജന്‍ വിതരണം ചെയ്യുന്ന ഏജന്‍സിക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതാണ് ദുരന്തത്തിന് കാരണമായത്. സ്വന്തം കയ്യില്‍ നിന്ന് പണമെടുത്ത് സിലണ്ടര്‍ വരുത്തിയാണ് ബാക്കിയുള്ള കുട്ടികളുടെ ജീവന്‍ കഫീല്‍ ഖാന്‍ രക്ഷിച്ചത്. അതേസമയം യോഗി ആദിത്യനാഥ് കഫീല്‍ ഖാനെ പരസ്യമായി ശകാരിക്കുകയും പിന്നീട് പ്രതികാര നടപടികള്‍ തുടങ്ങുകയും ചെയ്തു. കഫീല്‍ ഖാന്‍ മാസങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്നു. കഫീല്‍ ഖാന്റെ സഹോദരനെതിരെ പിന്നീട് വധശ്രമമുണ്ടായി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍